1960 കളുടെ അവസാനം മുതൽ കേരളത്തിലെ രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്ത് ഇടപെടലുകളേറെ നടത്തിയിട്ടുള്ള വ്യക്തിത്വമാണ് ശ്രീ. കെ. വേണുവിന്റേത്. ഒരു സയന്റിസ്റ്റാകാനാഗ്രഹിച്ച് ഗവേഷണത്തിലേർപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് 1967 ലെ നക്സൽ ബാരിയുടെ വിളി അദ്ദേഹം കേൾക്കുന്നത്. പിന്നീട് 1991 വരേക്കും കേരള രാഷ്ട്രീയത്തിന് വേണു എന്ന നാമം സുപരിചിതമായിരുന്നു.

വിപ്ലവ പ്രസ്ഥാനത്തെ ജനാധിപത്യത്തിനു വേണ്ടി ഉപേക്ഷിക്കുകയും നിലവിലുള്ള പരീക്ഷിക്കപ്പെട്ട വ്യവസ്ഥകളിൽ ജനാധിപത്യമല്ലാതെ മറ്റു ബദലുകളില്ലെന്ന് വിളിച്ചു പറയുകയും ചെയ്തതു മുതലാണ് കേരളത്തിലെ ഇടതുപക്ഷ – കോൺഗ്രസ് ഭൂരിപക്ഷ വോട്ടു ബാങ്കിന് വേണു അപ്രസക്തനായത്. സായുധവിപ്ലവം പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടാലും വിപ്ലവകാരി വിപ്ലവത്തെ പിന്താങ്ങി കാലം കഴിക്കണമെന്നാണല്ലോ പൊതു താല്പര്യം. വിപ്ലവമുപേക്ഷിച്ച് ബിസിനസ്സ് തുടങ്ങി ജീവിതം സുഭദ്രമാക്കിയ എക്സ്ലൈറ്റുകൾ പോലും വേണു വിപ്ലവകാരിയായി കാട്ടിൽ പോകാത്തത് മോശമാണെന്ന് പറയുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്. വിപ്ലവ പ്രവർത്തനങ്ങളുടെ ഭാഗമായി ഒളിവു ജീവിതം കഴിക്കുമ്പോഴും സയൻസിലുള്ള താൽപ്പര്യവും പഠനവും അദ്ദേഹം നിലനിർത്തി പോന്നു.

1970 വരെയുള്ള കാലഘട്ടത്തിൽ സയൻസിലൂടെ മനുഷ്യരാർജ്ജിച്ച വിജ്ഞാനത്തെ ഉൾക്കൊണ്ടു കൊണ്ട് കെ. വേണു എഴുതിയ പുസ്തകമായിരുന്നു പ്രപഞ്ചവും മനുഷ്യനും. അക്കാലത്ത് ആ പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്യാത്ത സാക്ഷരർ ഇല്ലെന്നു തന്നെ പറയാം.

കൊലക്കേസ്സിൽ അറസ്റ്റ് മെച്ചപ്പെട്ട് മർദ്ദക ക്യാമ്പിലെത്തിയപ്പോൾ ക്രൂരനായ ജയറാം പടിക്കൽ പോലും ഇങ്ങിനെ പറഞ്ഞതായി വേണുവിന്റെ ആത്മകഥയിലുണ്ട്. ” ഇത്രയും വിജ്ഞാനപ്രദമായ പുസ്തകമെഴുതിയ നിങ്ങളെ എനിക്ക് മർദ്ദിക്കാനാകില്ല ” അത്രക്കുണ്ടായിരുന്നു ആ പുസ്തകത്തിന്റെ പ്രശസ്തി. പിന്നീടാണ് വിപ്ലവത്തിനു ശേഷം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിനു സംഭവിക്കുന്ന ദാർശനിക പ്രശ്നങ്ങളെക്കുറിച്ചും സോവിയറ്റ് യൂണിയൻ എങ്ങിനെ സോഷ്യൽ സാമ്രാജ്യത്വമായി എന്നതിനെ കുറിച്ചുമുള്ള പുസ്തകങ്ങൾ അദ്ദേഹം ജയിലിൽ കിടന്നെഴുതുന്നത്.

 

ദീർഘകാല ഒളിവു ജീവിതത്തിനു ശേഷം നക്സലിസം ഉപേക്ഷിച്ച് ജനാധിപത്യത്തെ പ്രതീക്ഷയോടെ കാണുന്ന കാലത്തെഴുതിയ പുസ്തകമാണ് ഒരു കമ്യൂണിസ്റ്റ് കാരന്റെ ജനാധിപത്യ സ്വപ്നങ്ങൾ. 2010 നു ശേഷമാണ് ” പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം ” എന്ന പുസ്തകമെഴുതാൻ വേണു ആരംഭിക്കുന്നത്. 1970 വരെയുള്ള ശാസ്ത്രവിജ്ഞാനത്തെ update ചെയ്യുന്നത്ര എളുപ്പമല്ലല്ലോ 1970 മുതൽ 2010 വരെയുള്ള ശാസ്ത്ര വിജ്ഞാനത്തെ അറിയാൻ ശ്രമിക്കുന്നത്. ഏഴു വർഷങ്ങളോളം നീണ്ടു നിന്ന വായനയും പഠനങ്ങളുമാണ് 2017 ൽ ഈ പുതിയ പുസ്തകത്തെ സാധ്യമാക്കിയത്. സയൻസിന്റെ പരിമിതികളെ കുറിച്ചും അനന്തത പോലുള്ള സങ്കല്പങ്ങളെ മനസ്സിലാക്കുന്നതിൽ സയൻസ് പരാജയപ്പെടുന്നതിനെക്കുറിച്ചും വിശദീകരിക്കുവാൻ വേണു ഈ പുസ്തകത്തിൽ കുറച്ചദ്ധ്യായങ്ങൾ തന്നെ നീക്കി വെക്കുന്നുണ്ട്. ശാസ്ത്ര മാത്രവാദമാണ് യുക്തിവാദികളുടെയും ശാസ്ത്രജ്ഞരുടെയും പ്രധാന പോരായ്മയെന്ന് കുറ്റപ്പെടുത്തിടത്തു നിന്നാണ് വേണുവുമായുള്ള രവിചന്ദ്രൻ സി യുടെ സംവാദത്തിന് പ്രസക്തിയേറുന്നത്.

പരിപൂർണ്ണമായും സയൻസിന്റെ ചിന്താരീതിയോടൊത്ത് സഞ്ചരിക്കുന്ന വ്യക്തി എന്ന നിലയിലും ജനങ്ങളിൽ സയന്റിഫിക് ടെമ്പർ സൃഷ്ടിക്കുന്നതിനുതകുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരു ദശാബ്ദക്കാലത്തിലേറെയായി വിശ്രമരഹിതം നടത്തി വരുന്ന ശാസ്ത്ര പ്രചാരകൻ എന്ന നിലയിലും രവിചന്ദ്രൻ സി ചിന്താശീലർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ്.

2009 ൽ എഴുതിയ നാസ്തികനായ ദൈവം എന്ന പുസ്തകത്തിന്റെ അനേകം പതിപ്പുകളിലൂടെയാണ് രവി ചന്ദ്രൻ സി വായനാസമൂഹത്തിന്റെ അംഗീകാരം പിടിച്ചു പറ്റുന്നത്. മലയാളത്തിത്തിലാദ്യമായി ഒരു ഗ്രന്ഥകാരന് താനെഴുതിയ പുസ്തകം സൃഷ്ടിച്ച പൊതു സ്വീകാര്യതയെ മുൻനിർത്തി നൂറിലധികം യുക്തിവാദപ്രഭാഷണങ്ങൾ നടത്തേണ്ടി വന്നു എന്നതും പിന്നോട്ടു നടന്നിരുന്ന മതാത്മക സമൂഹത്തിന് ജ്ഞാനോദയ പാതയിൽ മുന്നോട്ടു പോകാനുള്ള ഉൾപ്രേരണയായതു മാറുകയും ചെയ്തു എന്നതും നിസ്സാര കാര്യമല്ല.

ലക്ഷക്കണക്കിന് പേർ കണ്ടു കൊണ്ടിരിക്കുന്ന എസൻസ് യു ട്യൂബ് വീഡിയോകളിലൂടെയും പ്രഗത്ഭവ്യക്തിത്വങ്ങളുമായുള്ള നേരിട്ടുള്ള സംവാദങ്ങളിലൂടെയും “ബുദ്ധനെ എറിഞ്ഞ കല്ല് , “പകിട 13” , “വെളിപ്പാടിന്റെ ഭാര്യ ” തുടങ്ങിയ പുസ്തകങ്ങളെഴുതി കൊണ്ടും എസൻസ് എന്ന സയൻസ് എജുക്കേഷൻ ക്ലബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി കൊണ്ടും കേരളത്തിലെങ്ങുമൊരു ജ്ഞാനോദയ മുന്നേറ്റം തന്നെ രവിചന്ദ്രൻ സി സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഏറ്റവും പ്രഗത്ഭനായ ശാസ്ത്ര പ്രചാരകനുള്ള അവാർഡ് നൽകി കേരള ശാസ്ത്ര സാങ്കേതിക കൗൺസിലും വൈജ്ഞാനിക സാഹിത്യത്തിനുള്ള എൻഡോവ്മെന്റ് നൽകി കേരള സാഹിത്യ അക്കാദമിയും ശ്രീ. രവിചന്ദ്രൻ സി യെ ആദരിച്ചതും മറ്റൊന്നും കൊണ്ടല്ല.

സത്യാന്വേഷണത്തിന് ഒരേ ടൂൾ ആണുപയോഗിക്കുന്നതെങ്കിലും സയൻസിനെ പറ്റിയുള്ള നിലപാടുകളിൽ ശ്രീ കെ വേണുവുമായി രവിചന്ദ്രന് ശക്തമായ വിയോജിപ്പുകളുണ്ട്. അറിവിന്റെ വഴിയിൽ സയൻസല്ലാതെ മറ്റൊരു വഴിയില്ലെന്ന രവിചന്ദൻ സി യുടെ നിലപാടുമായി ശ്രീ. വേണു ഒത്തു പോകുന്നില്ല. പക്ഷെ സംവാദത്തിൽ പങ്കെടുക്കുന്ന ഇരുപക്ഷവും “സ്വന്തം അറിവുകൾ പുതിയതായി ആർജ്ജിക്കുന്ന അറിവുകൾക്കനുസരിച്ച് നിരന്തരം പരിഷ്ക്കരിക്കാൻ തയ്യാറാകുന്നവരായതിനാൽ” കേരളത്തിൽ ഇതുവരെ നടന്ന സംവാദങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഈ ആശയ പോരാട്ടമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സംവാദത്തിൽ പങ്കെടുക്കുന്നവർക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുള്ള രീതിയിലാണ് സംവാദ ഘടന തയാറാക്കിയീട്ടുള്ളത്.

ഏവർക്കും സ്വാഗതം..
വേദി : കേരള സാഹിത്യ അക്കാദമി ഹാൾ ,തൃശൂർ
2018 ഫെബ്രു. 25 ഞായർ രാവിലെ 10 മുതൽ