സുഹൃത്തുക്കളേ,
esSENSE club ന്റെ രണ്ടാം വാർഷികം, essentia 2018 ഈ വരുന്ന ഒക്ടോബർ 18, 19 തീയതികളിൽ തിരുവനന്തപുരം VJT ഹാളിൽ വച്ച് നടക്കുന്ന വിവരം താങ്കൾ അറിഞ്ഞുകാണുമല്ലോ.

essentia 2018 നടക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിലാണ്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തത്തിൽകൂടി കേരളം കടന്നുപോയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. നൂറുകണക്കിന് ജീവനുകളും ലക്ഷക്കണക്കിനു ജനങ്ങളുടെ വീടും സ്വത്തുക്കളുമാണ് നഷ്ടമായത്. ജാതിമത വ്യത്യാസങ്ങൾ മറന്ന് പരസ്പരം സഹായിച്ച മലയാളികളും കേരളത്തിന് പുറത്തുനിന്ന് നമ്മളെ സഹായിച്ച മനുഷ്യ സ്നേഹികളും ചേർന്ന് ദുരന്തത്തിന്റെ കാഠിന്യം പരമാവധി കുറച്ചു. എങ്കിലും കേരളജനത നേരിട്ട സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇനിയും നാളുകൾ ഏറെയെടുക്കും.

ഈയൊരു സാഹചര്യത്തിൽ നമുക്കു ചുറ്റുമുള്ളവരുടെ ദുരിതങ്ങളിൽ നിന്ന്‌ മുഖം തിരിച്ച് ആർഭാടപൂർണ്ണമായ ഒരു വാർഷിക സമ്മേളനം സംഘടിപ്പിക്കാൻ esSENSE പ്രവർത്തകർക്ക് സാധിക്കില്ല. അതുകൊണ്ട് ‘ചെലവുകൾ പരിമിതപ്പെടുത്തുക; അറിവിന്റെ മേഖലകൾ വികസിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ സമീപനം.

ഉള്ളടക്കത്തിലും അവതരണ മികവിലും കഴിഞ്ഞ വർഷത്തേക്കാൾ വളരെ മുന്നിൽ നിൽക്കുന്ന സമ്മേളനമായിരിക്കും essentia 2018 അതേസമയം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മ എന്ന നിലയിൽ ആർഭാടങ്ങളും ആഡംബരങ്ങളും പരിപൂർണമായി ഒഴിവാക്കി ആദ്യാവസാനം മിതത്വം പാലിച്ചായിരിക്കും essentia 2018 സംഘാടനം ആസൂത്രണം ചെയ്യുന്നത്.

ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത എന്നതായിരുന്നല്ലോ essentia 2017 ന്റെ മുദ്രാവാക്യം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ സന്ദേശത്തിന്റെ പ്രസക്തി വളരെയധികം വർധിച്ചു. ശാസ്ത്രത്തെ പരമാവധി ലളിതമായി അവതരിപ്പിക്കുമ്പോൾ തന്നെ ശാസ്ത്രീയ തത്വങ്ങളുടെ സത്ത ചോർന്നുപോകാതെയും ശാസ്ത്രീയമനോവൃത്തിയെ വികലമാക്കാതെയും അവതരിപ്പിക്കണം എന്ന് esSENSE പ്രവർത്തകർ ആഗ്രഹിക്കുന്നു. ശാസ്ത്രീയമായ അറിവുകളിൽ ഊന്നിയ സ്വതന്ത്രചിന്തയുടെ ലക്ഷ്യങ്ങളിൽ പരമപ്രധാനമാണ് അപരനോടുള്ള കരുതൽ അഥവാ മാനവികത. സമൂഹത്തിൽ ജാതിയും മതവും ലിംഗഭേദങ്ങളും അന്ധവിശ്വാസങ്ങളും മറ്റും സൃഷ്‌ടിച്ച അസമത്വങ്ങൾക്കെതിരെ ഓരോ സ്വതന്ത്രചിന്തകരും നിലകൊള്ളേണ്ടതുണ്ട്.

യാന്ത്രികമായി വ്യാഖ്യാനിക്കപ്പെടുന്ന സയൻസ്, മാനവിക മൂല്യങ്ങൾക്ക് എതിരുനിൽക്കാൻ സാധ്യതയുണ്ട്. മാനവിക മൂല്യങ്ങൾക്ക് നിരക്കാത്ത സമ്പ്രദായങ്ങൾക്കുനേരെ കണ്ണടയ്ക്കുന്ന ശാസ്ത്ര വ്യാഖ്യാനങ്ങൾ ജാതിമത വർഗ്ഗീയ ശക്തികളെയായിരിക്കും സഹായിക്കുക. ഇതാവട്ടെ സ്വതന്ത്രചിന്താ പ്രചരണം എന്ന വിദ്യാഭ്യാസപരിപാടിയുടെ ലക്ഷ്യങ്ങൾക്ക് നേരെ വിപരീതവുമാണ്. ഈയൊരു തിരിച്ചറിവിൻറെ വെളിച്ചത്തിൽ പൂർണമായും സാമൂഹ്യനീതിയിൽ ഊന്നിയ വീക്ഷണമായിരിക്കും essentia 2018 മുന്നോട്ടുവയ്ക്കുക. സാമൂഹ്യ പിന്നോക്കാവസ്ഥ നേരിടുന്നവർ, ലൈംഗീക ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ തുടങ്ങി സാമൂഹ്യസമത്വം പൂർണമായി ആസ്വദിക്കാൻ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്തവരോടൊപ്പമായിരിക്കും esSENSE club എന്നും.

തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാളിലാണ് essentia 2018 നടക്കുന്നത്. ഏകദേശം 300 പേർക്കിരിക്കാവുന്ന ഹാളാണിത്. തിരുവനന്തപുരത്തുനിന്നുള്ള സ്വതന്ത്ര ചിന്തകർക്കൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിന് പുറത്തുനിന്നുമുള്ള സ്വതന്ത്രചിന്തകരെയും അന്വേഷകരെയും പ്രതീക്ഷിക്കുന്നു.

essentia 2018 സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രഭാഷകങ്ങളെല്ലാം youtube ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് പ്രഭാഷണങ്ങൾ പൂർണമായും കേൾക്കാനുള്ള അവസരം ഇതുവഴി ലഭിക്കും.

essentia 2018 പ്രഭാഷകരുടെ ലിസ്റ്റ് ഇതോടൊപ്പവും പ്രസിദ്ധീകരിക്കുന്നു. esSENSE വേദിയിൽ പുതുതായി എത്തുന്ന പ്രഭാഷകരെ ആദ്യം പരിചയപ്പെടുത്താം.

  • >>ശ്രീ മൈത്രേയൻ,
  • >>ഡോ. വീണ,
  • >>അഡ്വ. ആശ ഉണ്ണിത്താൻ Asha Unnithan
  • >>ഡോ.ദീപു സദാശിവൻ, Deepu Sadasivan
  • >>ഡോ.മനോജ് വെള്ളനാട്, Manoj Vellanad
  • >>അഡ്വ. അനീഷ് ഗുരുദാസ്, Aneesh Gurudas
  • >>ശ്രീ സണ്ണി കപിക്കാട് Sunny Kapicadu

എന്നിവരാണ് essentia 2018 വേദിയിൽ ആദ്യമായി വരുന്ന പ്രഭാഷകർ.

അതാത് മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഇവരോരോരുത്തരും esSENSE club പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത് അങ്ങേയറ്റം സന്തോഷകരമാണ്.

ഇവരോടൊപ്പം esSENSE club വേദികളിൽ പതിവ് സാന്നിധ്യമായ അവതാരകരും ഈ വർഷം വീണ്ടും essentia വേദിയിൽ എത്തുന്നുണ്ട്.

  • >>അപർണ അമ്മുക്കിളി, Aparna Ammukili
  • >>ഡോ. രതീഷ് കൃഷ്ണൻ, Retheesh Krishnan
  • >>ശ്രീ മുഹമ്മദ് നസീർ, Mohamed Nazeer
  • >>ഡോ. ജിനേഷ് പി എസ്, Jinesh PS
  • >>ഡോ. ദിലീപ് മാമ്പള്ളിൽ, Dileep Mampallil
  • >>സെബാസ്റ്റ്യൻ കൂത്തോട്ടിൽ, Sebastian Koothottil
  • >>ശ്രീ എൻ. എ. ഹമീദ്, Hameed Necholy
  • >>Prof. അരവിന്ദ് കെ, Aravind K
  • >>ജോർഡി ജോർജ് Geordie Georgeതുടങ്ങിയവർ esSENSE club പ്രേക്ഷകർക്ക് സുപരിചിതരാണല്ലോ.

ആദ്യമേ പറഞ്ഞതുപോലെ മുൻവർഷത്തെ അപേക്ഷിച്ചു മികച്ച വിജ്ഞാനാനുഭവം esSENSE club സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും പ്രദാനം ചെയ്യും എന്നതിൽ സംശയം വേണ്ട. എല്ലാ മാന്യ മിത്രങ്ങളുടെയും സഹകരണവും സാന്നിധ്യവും ഓൺലൈൻ സപ്പോർട്ടും അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

essentia2018 Online Registrations started

സ്നേഹാദരങ്ങളോടെ
അരവിന്ദ് കെ
പ്രസിഡന്റ്
esSENSE club
#essentia18