ഞങ്ങളുടെ തറവാട് പരിയാരം (ചാലക്കുടി) പുഴയുടെ ചേർന്നായിരുന്നു.അന്നും ഇതുപോലെ മൂന്നു നാലു ദിവസമായി നിർത്താതെ ഉള്ള മഴ. രാവിലെ ഞങ്ങൾ എണീറ്റ് നോക്കുമ്പോൾ പുഴപള്ളം വീർത്തു ഇല്ലിക്കൂട്ടം കവിഞ്ഞു ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ മക്കൾ എല്ലാവരും അപ്പന്റെ ഒപ്പം പോയി പുഴയുടെ ഭീകര അവസ്ഥ നോക്കിനിന്നു. അപ്പനും അമ്മയും ആകെ പരിഭ്രാന്തരായിരിന്നു. വീടിനകത്തു അപ്പൻ ഉണ്ടാക്കിയ ലൗലോലിയം,ബനാനിയം,ജാക്കീലിയം മുതലായ മുംബൈയിലേക്ക് അയക്കാൻ വേണ്ടി തയ്യാറാക്കി വച്ചിരുന്ന സാധനങ്ങൾ. ഇതെന്താണ് ഈ സാധനങ്ങൾ എന്ന് നിങ്ങൾ ചോദിക്കും. അതുകൊണ്ടു എന്റെ അപ്പാപ്പനെ നിങ്ങൾക്കു പരിചയപ്പെടുത്താം. ഇതാണ് സാക്ഷാൽ ബി എക്കാരൻ . അതായതു കൊച്ചി പ്രജാ രാജ്യത്തെ ആദ്യ ബി എക്കാരൻ. എന്റെ മുത്തപ്പാപ്പൻ അപ്പാപ്പനെ മദ്രാസ് ലയോള കോളേജിൽ വിട്ടു പഠിപ്പിച്ചു ബി എ ക്കാരനാക്കി. ബിരുദധാരി ആയി കോട്ടും സൂട്ടുമിട്ടു നാട്ടിൽ വന്നിറങ്ങി അപ്പാപ്പൻ. കൊച്ചി രാജാവും ദിവാനും ആളെ വിളിച്ചു ജോലി തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ പഠിച്ചത് അറിവിന് വേണ്ടിയാണെന്നും തനിക്കു ആരുടെ കീഴിലും ജോലിക്കു നിൽക്കേണ്ട ആവശ്യം ഇല്ലെന്നു പറഞ്ഞ ഒരു മഹാമനസ്സു അതോ പിരിവെട്ടു കേസോ. എന്തായാലും അന്ന് ജോലിക്കു പോകണ്ട കാര്യം ഉണ്ടായിരുന്നില്ല മൂത്തേടൻമാർക്കു. അങ്ങിനെയിരിക്കെ പെട്ടെന്ന് അപ്പാപ്പന് അച്ഛൻ പ്രാന്ത് മൂത്തു സെമിനാരിക്ക് പോയി. അവിടെച്ചെന്നു അവിടത്തെ എല്ലാ വകതിരിവും കണ്ടു അവരുമായി ഇടഞ്ഞു വീണ്ടും തിരിച്ചുവന്നു. ഇതിനിടയിൽ വീട്ടിൽ ഭാഗം വെപ്പ് കഴിഞ്ഞിരുന്നു. അച്ഛനാവാൻ പോയ ഇളയ മകന് കാര്യമായി ഒന്നും അപ്പാപ്പൻ വച്ചിരുന്നില്ല. അവനെ പഠിപ്പിക്കാൻ കുറെ കാശു ചിലവായതല്ലേ അവനു വേണമെങ്കിൽ സ്വയം ഉണ്ടാക്കട്ടെ എന്നതായിരുന്നു ചേട്ടന്മാരുടെ നിലപാട്. ആരെയും കൂസാതെ അപ്പാപ്പൻ കോട്ടും സൂട്ടുമിട്ടു ലോകം കാണാനിറങ്ങി. അക്കാലത്തു തന്നെ അദ്ദേഹം ശ്രീലങ്കയും മലേഷ്യയും സന്ദർശിച്ചു. കേരളത്തിൽ റംബൂട്ടാനും മംഗസ്റ്റീനും കൊണ്ടുവന്നു കൃഷിചെയ്യാനായി തുടങ്ങിയത് എന്റെ അപ്പാപ്പനാണെന്നു പറയപ്പെടുന്നു. അന്ന് അപ്പാപ്പനെ കളിയാക്കിയ മൂത്തേടൻമാരിലെ പലരുടെയും മക്കളുടെ പ്രധാന വരുമാനം ഇന്ന് മംഗസ്റ്റീൻ റംബൂട്ടാൻ കൃഷിയിലൂടെയാണെന്നത് വിരോധാഭാസം. അങ്ങനെയുള്ള ഒരു യാത്രയിൽ ചേർത്തല വച്ചാണ് ഉഴുവായിൽ പഞ്ഞിക്കാരൻ എന്ന ജന്മി ബോട്ടിൽ വന്നിറങ്ങുന്ന സുമുഖനായ പാന്റും പാപ്പാസും ധരിച്ച ചെറുപ്പക്കാരനെ കാണുന്നത്. അങ്ങനെ അപ്പാപ്പൻ ചേർത്തലയിലെ ഉഴുവായിൽ പഞ്ഞിക്കാരന്റെ മകളെ വിവാഹം ചെയ്തു. ബി എക്കാരന് മകളെ വിവാഹം കഴിച്ചയാക്കാൻ തോന്നിയ ആ ശപിക്കപ്പെട്ട നിമിഷത്തെ ഓർത്തു പിന്നീട് മനമുരുകി മൊത്തം മൂത്തേടൻമാരെ പ്രാകി പഞ്ഞിക്കാരന്മാർ.
അഭിമാനി ആയ അപ്പാപ്പൻ ആരുമായും വഴക്കിനു പോയില്ല. പകരം അദ്ദേഹം ബിസിനസ് ആണ് തന്റെ ലക്ഷ്യം എന്ന് പ്രസ്താവിച്ചു.അങ്ങനെ ആണ് അദ്ദേഹം മഴക്കാലത്തു ചക്കയും മാങ്ങയും പഴങ്ങളും നശിച്ചു പോകുന്നത് കണ്ടു അതിൽ നിന്ന് ജാം പോലത്തെ ചില സാധനങ്ങൾ ഉണ്ടാക്കി . അതിന്റെ പേരുകൾ ആണ് മുകളിൽ പറഞ്ഞ ബനാനിയം മുതൽപേരുകൾ. പക്ഷെ അക്കാലത്തു കപ്പ പുഴുങ്ങി തിന്നാൻ പറ്റിയാൽ തന്നെ സുഭിക്ഷമായി കണക്കാക്കിയിരുന്ന കാലമാണ്. കാലത്തിനു മുൻപേ ജനിച്ച ഒരു അബദ്ധമായിരുന്നു ബി എക്കാരൻ.
അന്ന് ഉച്ചയായപ്പോൾ മിറ്റത്തുവരെ വെള്ളമെത്തി. ഉച്ചകഴിഞ്ഞു ഒരു രണ്ടുമണി ആയപ്പോൾ അപ്പാപ്പന്റെ മൂത്ത ചേട്ടൻ വന്നു പറഞ്ഞു “ചാക്കപ്പാ വെള്ളത്തിന്റെ വരവ് അപകടം ആണ് പുഴയുടെ ഗതി മാറി ഒഴുകും ഇവിടെ നില്കുന്നത് ശരിയല്ല. നീ വേഗം പിള്ളേരെയും അവളെയും കൂട്ടി തറവാട്ടിലേക്ക് മാറു. പതിവുപോലെ അപ്പാപ്പൻ സ്ഥിതിവിവരകണക്കും അക്കാലത്തു പെയ്തമഴയുടെ കണക്കും മലവെള്ളം മാക്സിമം എവിടെ വരെ വരാമെന്നും ചേട്ടനോട് പറഞ്ഞു തർക്കിച്ചു. എന്തുതന്നെ ആയാലും വീട്ടിൽ ഇരിക്കുന്ന ബനാനിയം പെട്ടികൾ വിട്ടു എങ്ങോട്ടു പോകാനും തയ്യാറല്ലായിരുന്നു.അപ്പാപ്പൻ പല ബിസിനസുകളും നടത്തി പൊളിഞ്ഞു ഓരോ പരീക്ഷണത്തിനും സ്ഥലമോ ഭാര്യയുടെ സ്വർണ്ണമോ അവസാനം മക്കളുടെ കഴുത്തിലെ മലകളും ബലിയാടാവേണ്ടിയിരുന്നു.അതുകൊണ്ടു തന്നെ ബനാനിയം ലൗലോലിയം അവസാനത്തെ കച്ചിത്തുരുമ്പായിരിന്നു. ഏകദേശം സന്ധ്യ ആവുന്നതുവരെ വെള്ളം അതെ ലെവലിൽ തന്നെ നിന്നു. അഞ്ചുമണി ആയപ്പൊളേക്കും മൊത്തം ഇരുട്ടായി മഴ അശനിപാതം പോലെ തുടർന്നുകൊണ്ടേയിരുന്നു.പെട്ടെന്ന് വെള്ളം ഇറയത്തേക്കും വീട്ടിനു അകത്തേക്കും കയറാൻ തുടങ്ങി. അപ്പാപ്പനും അമ്മാമ്മയും കൂടി പെട്ടികൾ എല്ലാം ഒന്നാം നിലയിലേക്ക് കയറ്റാൻ തുടങ്ങി. എപ്പോഴോ ‘അമ്മ കരയുന്നതു കണ്ടു പക്ഷെ അപ്പന്റെ ചീത്ത കേട്ട് ‘അമ്മ കരച്ചിൽ നിറുത്തി. ഞങ്ങൾ മക്കൾ എല്ലാം മുകളിൽ ഇരുപ്പായി. അധികം സമയം വേണ്ടിവന്നില്ല ഉഊണുമേശയും അരിപ്പെട്ടിയും എല്ലാം കാണാതായി. വെള്ളം കയറിക്കൊണ്ടേ ഇരുന്നു. അപ്പനും അമ്മയും മുകളിലേക്ക് എത്തി.അപ്പൻ വീണ്ടും എന്തോ ഉൾപ്രേരണ വന്നപോലെ താഴെ പോയി തോക്കും ഉണ്ടസഞ്ചിയുമായി മുകളിലോട്ടുവന്നു അപ്പോഴും ഞങ്ങൾ മക്കൾക്കു ഇതെല്ലം ഒരു തമാശ ആയിരുന്നു. ആ ബഹളത്തിനിടക്ക് ‘അമ്മ എന്തോ അടുക്കളയിൽ നിന്നും മുകളിലേക്ക് കൊണ്ടുവന്നിരുന്നു. അത് ഞങ്ങൾ എല്ലാവര്ക്കും ‘അമ്മ വാരിത്തന്നു. അധികം സമയം കഴിഞ്ഞില്ല മുകളിലെ കോണിപ്പടിയിലും വെള്ളമെത്തി. വെള്ളം മുകളിലെ മുറികളിൽ കയറിയപ്പോളാണ് ‘അമ്മ വീണ്ടും കരഞ്ഞത്. നീ കരഞ്ഞു മക്കളെ പേടിപ്പിക്കല്ലെ എന്നായി അപ്പൻ. എന്തോ ഞങ്ങൾ മക്കൾ എല്ലാവരും അപ്പോൾ ഒരുമിച്ചു വാവിട്ടു കരഞ്ഞു. മുകളിലെ മണ്ണെണ്ണവിളക്കിലെ എണ്ണയും തീരാറായി. അപ്പന്റെ കയ്യിലുള്ള ഞെക്കു ലയിട്ടർ ഉപയോഗിച്ച് കാറ്റത്തു തിരി കെടുമ്പോൾ വീണ്ടും കത്തിക്കും. അപ്പൻ വീണ്ടു തനിയെ ചെന്ന് യാന്ത്രികമായി പെട്ടികൾ എല്ലാം തട്ടിന്റെ മുകളിൽ കയറ്റാൻ തുടങ്ങി. കുറച്ചുനേരം നോക്കിയിരുന്നതിനു ശേഷം അമ്മയും അപ്പനെ സഹായിക്കാൻ തുടങ്ങി. മുഴുവനും തട്ടിൽ കയറ്റാൻ കഴിയുന്നതിനു മുൻപ് തന്നെ വെള്ളം ഒന്നാം നിലയിലേക്ക് എത്തിക്കൊണ്ടിരുന്നു. പെട്ടികയറ്റുന്നതു നിർത്തി അപ്പൻ ഞങ്ങളെ ഓരോരുത്തരെ ആയി ഒന്നാം നിലയിലുള്ള ചെറിയ ഗോണിയിൽകൂടി ഞങ്ങളെ തട്ടിന്റെ പുറത്തേക്കു വലിച്ചു കയറ്റി. ഏറ്റവും അവസാനം അമ്മയും കയറി വന്നു. തിരി കെട്ടു. കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട്. വീടിന്റെ ഏതൊക്കെയോ വിടവുകളിലൂടെയും ജനലുകളിലൂടെയും വെള്ളം ശക്തിയായി ഒഴുകുന്നതിന്റെ ചൂളം വിളിക്കുന്നപോലത്തെ ശബ്ദം. അപ്പനും അമ്മയോടും ഞങ്ങൾ ചേർന്നിരുന്നു. അപ്പന്റെ കയ്യകലത്തായി അപ്പന്റെ സന്തതസഹചാരിയായ തോക്കും ഉണ്ടസഞ്ചിയും. പ്രകൃതിക്കു ഭ്രാന്തുപിടിച്ച കോരിച്ചൊരിയുന്ന മഴ മാത്രമായിരുന്നു ഞങ്ങളുടെ ശത്രു. തോക്കു എന്തിനാണ് അപ്പൻ ആ സമയത്തു എടുത്തത് എന്ന് അറിയില്ല. പക്ഷെ എല്ലാ മൂത്തേടൻമാരുടെയും പോലെ ഏതൊരു പ്രതിസന്ധി നേരത്തു അവർ ആദ്യം ഉറപ്പാക്കുന്നത് തോക്കും തിരയും കൈയ്യകലത്തുണ്ട് എന്നതായിരിക്കും.ഉത്തരവും വാതില്പാളികളും മലവെള്ളത്തിന്റെ ഒഴുക്കിൽ ഞരങ്ങാനും കരയാനും തുടങ്ങി. ഈ ഒഴുക്കിൽ വീട് ഇടിഞ്ഞു വീഴുമോ എന്ന് അമ്മ അപ്പനോട് ചോദിക്കുന്നത് കെട്ടു. നാഴിയും ചിരട്ടയും പോലത്തെ എട്ടുമക്കൾ.എനിക്ക് ഏഴോ എട്ടോ വയസ്സ്. എത്ര നേരം അങ്ങനെ ഇരുന്നെന്നു ഓർമ്മയില്ല. തട്ടിന്റെ മുകളിലെ പൊടിയിലും അഴുക്കിലും കിടന്നു ഞങ്ങൾ ഉറങ്ങിപ്പോയി.
എന്തൊക്കെയോ ഒച്ചയും വെളിച്ചവും കേട്ടാണ് ഞങ്ങൾ ഉണർന്നത്.ഓടിന്റെ ഇടയിലൂടെ വെളിച്ചം കാണാം. അപ്പാപ്പന്റെ മൂത്ത ചേട്ടൻ രണ്ടു മണൽ വഞ്ചിക്കാരേയും കൂട്ടി എത്തിയിരിക്കുകയാണ്. അവർ ഓട് പൊളിച്ചു അകത്തുകടന്നു ഞങ്ങൾ ഓരോരുത്തരെയും ആയി വഞ്ചിയിൽ കയറ്റി.പന്തത്തിൽ നിന്നുള്ള തീയുടെ അടരുകൾ ഞങ്ങളുടെ എല്ലാവരുടെയും തലയിലും മേത്തും വീണുകൊണ്ടിരുന്നു. എല്ലാവരെയും കയറ്റിയതിനു ശേഷം അവർ വഞ്ചിയുടെ കെട്ടഴിച്ചു വഞ്ചി കെട്ടിയിട്ടിരിക്കുന്ന മറ്റൊരു തെങ്ങു ലക്ഷ്യമാക്കി തുഴഞ്ഞുകൊണ്ടിരുന്നു. അതേസമയം മറ്റേ വഞ്ചിക്കാർ മുങ്ങാംകുഴിയിട്ടും മറ്റുമായി ആ വീടിന്റെ അടഞ്ഞുപോയ ജനലുകളും വാതിലുകളുമെല്ലാം കമ്പിപ്പാരയും മഴുവും ഉപയോഗിച്ച് മലവെള്ളത്തിനു നിർബാധം ഒഴുകിപ്പോകാൻ വെട്ടിപ്പൊളിച്ചു. വെറും ഇരുപത്തഞ്ചു മീറ്റർ അകലെയുള്ള ആ തെങ്ങിലേക്കു എത്ര തുഴഞ്ഞിട്ടുംവഞ്ചി എത്തുന്നുണ്ടായിരുന്നില്ല. തെങ്ങിൽ വഞ്ചി വടവുമായി ബന്ധിച്ചതു കാരണമാണ് പുഴയിലേക്ക് ഒഴുകിപോകാതെ ഇരുന്നത്. എപ്പോഴോ വഞ്ചി തെങ്ങിനടുത്തെത്തി. അവിടെ നിന്ന് മറ്റൊരു വലിയ മംഗസീനാ മരത്തിനടുത്തേക്കു അവിടെ നിന്ന് വീണ്ടും മറ്റൊരു തെങ്ങിലേക്കു. വെറും ഒരു കിലോമീറ്റർ മാത്രമുള്ള അപ്പാപ്പന്റെ ചേട്ടന്റെ വീട്ടിലേക്കുള്ള ആ യാത്ര മണിക്കൂറുകൾ നീണ്ടു എപ്പോഴോ ഞങ്ങൾ വെള്ളത്തിൽ നിന്നും ഇറങ്ങി.
അർദ്ധ രാത്രി തന്റെ അനിയനെയും കുടുംബത്തെയും രക്ഷിക്കാൻ ആ ജേഷ്ഠ മൂത്തേടനും അങ്ങേരുടെ പണിക്കാരും നടത്തിയ ആ സാഹസികതയുടെ മുന്നിൽ വരില്ല മറ്റൊരു സാഹസികതയും. വെള്ളം ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞു തിരിച്ചെത്തുമ്പോളേക്കും അപ്പാപ്പന്റെ ബനാനിയവും ജകീലിയവും പൂത്തു വെണ്ണീറായിട്ടുണ്ടായിരുന്നു. പിന്നെ ഒരു പരീക്ഷണവും കൂടി അപ്പാപ്പൻ നടത്തുകയുണ്ടായി. അദ്ദേഹം ആദ്യമായി പൊട്ടാത്ത അലുമിനിയം പാത്രങ്ങൾ കേരളത്തിൽ ആലുവ ശിവരാത്രി സ്റ്റാളിൽ വില്പനക്ക് കൊണ്ടുവന്നു.അക്കഥ പിന്നീടൊരിക്കൽ.
ചരിത്രത്തിന്റെ പരിഹാസ്യമായ ആവർത്തനങ്ങൾ. ആ വീട് നിന്ന അതെ സ്ഥലത്തു ഈ മഴക്കാലത്തു ബി ഇക്കാരന്റെ മകന്റെ മക്കൾ ഈ മലവെള്ളത്തിൽ വീണ്ടും മരണത്തെ മുഖാമുഖം കണ്ടു. അപ്പാപ്പന് തന്റെ ബനാനിയം പെട്ടികളും ദുർവാശിയും ദുരഭിമാനവും ആയിരുന്നു വീടൊഴിഞ്ഞു പോകുന്നതിൽ നിന്നു വിലക്കിയതെങ്കിൽ ഇപ്രാവശ്യം എന്റെ കസിൻമാരെ അതിൽ നിന്നു വിലക്കിയത് കിടപ്പിലായ അമ്മയും പിന്നെ സ്വായത്തമായ ദുർവാശിയും മടിയും ആയിരുന്നു. വീട് നശിച്ചതിനു പുറമെ അവരുടെ നഴ്സറികൾ എല്ലാം നശിച്ചു ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി.