ഈയവും നാകവും (lead and tin) പെട്ടെന്ന് ഉരുകുന്നു. അതുകൊണ്ട് അവയില്‍ ദ്രാവക തത്വം കൂടുതലുണ്ട് എന്നവര്‍ അനുമാനിച്ചു. (മെര്‍ക്കുറി എന്ന് ആല്‍ക്കമിസ്റ്റുകള്‍ പറയും.) അതുപോലെ ചെമ്പും ഇരുമ്പും (copper and iron) പെട്ടെന്ന് ഉരുകുന്നില്ല. അതില്‍ ദ്രാവക തത്വം കുറവാണ്. അവ കൂടുതല്‍ ഉണങ്ങിയതാണ്, അഥവാ ജ്വലന സ്വഭാവം കൂടുതലാണ്. (സല്‍ഫര്‍ എന്ന് ആല്‍ക്കമിസ്റ്റ് ഭാഷ.) ഈ ലോജിക് അനുസരിച്ച് ഈയത്തിലെ ദ്രാവക തത്വം കുറച്ചാല്‍ അത് ചെമ്പാക്കി മാറ്റാം. ഇത്തരം മാറ്റം പ്രകൃതിയില്‍ വളരെ സാവധാനം നടക്കുന്നുണ്ട് എന്നും അവര്‍ അനുമാനിച്ചു. അതിനും സാധുവായ നിരീക്ഷണത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. പ്രകൃതിയില്‍ വെള്ളി അയിരിന്റെ കൂടെ സാധാരണ കുറച്ചു സ്വര്‍ണ്ണത്തിന്റെ അംശവും കാണും. അതുപോലെ ഈയത്തിന്റെ കൂടെ കുറച്ചു വെള്ളിയും. ഈ നിരീക്ഷണം സൂചിപ്പിക്കുന്നത് ഒരു ലോഹം സാവധാനത്തില്‍ മറ്റൊന്നായി മാറുന്നതാണ് എന്നവര്‍ ധരിച്ചു. ഈ പ്രക്രീയയുടെ വേഗം കൂട്ടി ഒരു ലോഹം ആവശ്യാനുസരണം മറ്റൊന്നാക്കാനുള്ള ശ്രമമാണ് ആല്‍കമി.

ഇവിടെ നോക്കുക, അവരുടെ ലോജിക്കും ചിന്താരീതിയും നൂറു ശതമാനവും യുക്തിഭദ്രമാണ്. ശാസ്ത്രമാനോവൃത്തി എന്ന് പറയപ്പെടുന്ന നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്ത്യാഥിഷ്ടിതമായ ചിന്തനവും തന്നെയാണ് അവരും ഉപയോഗിച്ചത്. അതായത് അവരുടെ ധാരണകളെല്ലാം തെളിവ് അധിഷ്ഠിതം (evidence based) തന്നെയായിരുന്നു. എന്നാല്‍ അവര്‍ക്ക് പറ്റിയ അബദ്ധം തുടക്കത്തിലുള്ള അനുമാനം -premise- (ലോഹങ്ങള്‍ ശുദ്ധ വസ്തുക്കളല്ല, മിശ്രിതങ്ങളാണ്.) തെറ്റിപ്പോയത് മാത്രമാണ്. ലോഹങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമായപ്പോള്‍ അവ വിശദീകരിക്കാന്‍ ഈ അടിസ്ഥാന ധാരണകള്‍ക്ക് സാധിക്കാതെ വന്നപ്പോളാണ് അത് ഉപേക്ഷിക്കപ്പെടുന്നതും ആധുനിക കെമിസ്ട്രി ഉദയം കൊള്ളുന്നതും.

(aside point:….നമ്മുടെ ശാസ്ത്രവാദികള്‍ ലളിതമായി അവതരിപ്പിക്കുന്ന, നിരീക്ഷണം-ഹൈപോതെസിസ്-പരീക്ഷണം-തിയറി എന്ന രീതിയിലല്ല ശരിക്കും ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ചോദ്യം ചെയ്യാത്ത ചില അടിസ്ഥാന ധാരണകളുടെ പുറത്താണ് ആദ്യം തുടങ്ങുന്നത്. കൂടുതല്‍ നിരീക്ഷണങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ ഈ അടിസ്ഥാന ധാരണ തന്നെ തിരുത്തി മുഴുവന്‍ അഴിച്ചു പണിയേണ്ടി വരും. ഉദാഹരണത്തിന്, ആധുനിക ശാസ്ത്രം നിലനില്‍ക്കുന്നത് പ്രപഞ്ചത്തില്‍ എല്ലായിടത്തും ഭൌതിക നിയമങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു എന്ന ഒരു അടിസ്ഥാന ധാരണയുടെ പുറത്താണ്. ഭൂമിയിലെ ഒരു ലബോറട്ടറിയില്‍ നടക്കുന്ന ഹൈഡ്രജന്‍ ഫ്യൂഷന്‍ തന്നെയാണ്, ഭൂമിയിലെ അതേ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ സൂര്യനിലും കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങളിലും നടക്കുന്നത്. എന്നെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഈ അനുമാനം തെറ്റാണെന്നു തെളിഞ്ഞാല്‍ ആധുനിക ശാസ്ത്രം പൂര്‍ണ്ണമായി തന്നെ തകരും.)

അന്നത്തെ തെളിവ് അധിഷ്ഠിത അറിവ് അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രമായിരുന്നു. അരിസ്റ്റോട്ടിലിന്റെ മോഡല്‍ പ്രകാരം ഗോളാകൃതിയിലുള്ള പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഒരു കോഴിമുട്ട പോലുള്ള പ്രപഞ്ചത്തിനുള്ളില്‍ മഞ്ഞക്കരു പോലെ ഭൂമി. (ബ്രഹ്മാണ്ഡം എന്ന് പ്രപഞ്ചത്തിന് പേര് വന്നത് വെറുതെയല്ല.) അതിനെ ചുറ്റി സൂര്യനും മറ്റു ഗ്രഹങ്ങളും. ഏറ്റവും പുറകില്‍ അനേകം നക്ഷത്രങ്ങള്‍ പതിച്ചു വച്ച ആകാശം. (മുട്ടത്തോടിന്റെ ഉള്‍വശം.) മുട്ടയ്ക്ക് പുറത്താണ് ആദികാരണത്തിന്റെ (the prime mover, സാധാരണക്കാര്‍ ദൈവം എന്ന് പറയും.) സ്ഥാനം.

ഒരു ചെറിയ പ്രപഞ്ചമാണ്‌ അവരുടെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ വ്യാസമുള്ള പ്രപഞ്ചമല്ല. (വലിയൊരു പ്രപഞ്ചം സങ്കല്‍പ്പിക്കാന്‍ വേണ്ട നിരീക്ഷണങ്ങളോ തെളിവുകളോ ഇല്ലായിരുന്നു.) അരിസ്റ്റാര്‍ക്കസ് എന്നൊരു ചിന്തകന്‍ (Aristarchus of Samos 310 – 230 BC) അക്കാലത്ത് തന്നെ സൂര്യകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചിരുന്നു എന്ന് ആര്‍ക്കമെഡീസ് പറയുന്നു. (സൂര്യ കേന്ദ്രസിദ്ധാന്തം കോപ്പര്‍നിക്കസ്സിന്റെ കണ്ടുപിടുത്തമൊന്നുമല്ല എന്നര്‍ത്ഥം. കോപ്പര്‍നിക്കസ് അദ്ദേഹത്തിന്റെ On the revolution of heavenly spheres ന്റെ കൈയെഴുത്തു പ്രതിയില്‍ അരിസ്റ്റാര്‍ക്കസ്സിനെ സൂചിപ്പിക്കുന്നുമുണ്ട്.) പൈത്തഗോറസ്സും ശിഷ്യന്മാരും ഭൂമി സൂര്യനെയാണ് ചുറ്റുന്നത്‌ എന്ന് സങ്കല്‍പ്പിച്ചിരുന്നു. അതിനു അവര്‍ ചില മിസ്റ്റിക്ക് കാരണങ്ങളും പറഞ്ഞിരുന്നു. ശാസ്ത്രം എന്നാല്‍ ”തൊള്ളേല്‍ തോന്നുന്നത്” പറയലല്ല, വ്യക്തമായി തെളിയിക്കാനാകണം എന്നായിരുന്നു അതെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ നിലപാട്.

ഇവര്‍ പറയുന്നപോലെ ഭൂമി ശരിക്കും സൂര്യന് ചുറ്റുമാണ് ചലിക്കുന്നതെങ്കില്‍ നക്ഷത്ര സ്ഥാനവ്യത്യാസം (Stellar parallax) എന്നൊരു പ്രതിഭാസം കാണണം. (ഭൂമിയില്‍ നിന്ന് ആറു മാസത്തെ ഇടവേളയില്‍ കാണുന്ന വസ്തുവിന്റെ സ്ഥാനം ആകാശത്ത് അല്പം വ്യത്യാസപ്പെട്ടു കാണണം.) അത് കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം അനുസരിച്ച് നക്ഷത്ര സ്ഥാനവ്യത്യാസം (Stellar parallax) കാണില്ല താനും. (അത് കാണാത്തത് അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം ശരിയായതുകൊണ്ടല്ല. പ്രപഞ്ചം അവര്‍ സങ്കല്‍പ്പിച്ചതിനേക്കാള്‍ വളരെ വലുതായതുകൊണ്ടാണ്. Stellar parallax തീരെ ചെറുതായിരിക്കും. ഒരു ടെലസ്കോപ്പിന്റെ സഹായമില്ലാതെ അത് കാണാനാവില്ല. അതവര്‍ക്കറിയില്ലല്ലോ.) നക്ഷത്ര സ്ഥാനവ്യത്യാസം  കാണാനാവാത്തതിനാല്‍ സൂര്യ കേന്ദ്രസിദ്ധാന്തം ശരിയല്ല എന്നവര്‍ അഭിപ്രായപ്പെട്ടു. ഇവിടെയും അവരുടെ യുക്തി ശരിയാണ്. അവര്‍ക്ക് തെറ്റിയത് അവരുടെ അടിസ്ഥാന പ്രമാണത്തിന്റെ (പ്രപഞ്ചത്തിന്റെ വലുപ്പം സംബന്ധിച്ചുള്ളത്) കാര്യത്തില്‍ മാത്രമാണ്.

സ്വാഭാവികമായും അതുകൊണ്ടൊക്കെയാണ് ടോളമിയും, അദ്ദേഹത്തിന്റെ ചുവടു പിടിച്ച് മറ്റുള്ളവരും മധ്യകാലം വരെ അരിസ്റ്റാര്‍ക്കസ്സിന്റെ സൂര്യ കേന്ദ്രസിദ്ധാന്തം അവഗണിച്ച് അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം പിന്തുടര്‍ന്നത്‌. ലഭ്യമായ എല്ലാം തെളിവുകളും സൂചിപ്പിക്കുന്നത് സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്നായിരുന്നു. അല്ലാതെ യുക്തിവാദികള്‍ പോലും കരുതുന്ന പോലെ ചുമ്മാ ഒരു മണ്ടത്തരം പറഞ്ഞ അരിസ്റ്റോട്ടിലിനെ അങ്ങ് അന്ധമായി പിന്തുടരുകയായിരുന്നില്ല. ഏതെങ്കിലും വേദഗ്രന്ഥത്തില്‍ പറഞ്ഞതുകൊണ്ടുമല്ല. വേദപുസ്തകവും അവയുടെ വ്യാഖ്യാനങ്ങളും അന്നത്തെ തെളിവ് അധിഷ്ഠിത അറിവിനെ (അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ) ശരി വയ്ക്കുന്നു എന്ന് മാത്രം. (വേദപുസ്തകം അന്നത്തെ അറിവനുസരിച്ച് എഴുതി എന്നതാണ് കൂടുതല്‍ ശരി.)

സൂര്യ കേന്ദ്ര സിദ്ധാന്തം മനസ്സിലാക്കാന്‍ പറ്റാത്ത അരിസ്റ്റോട്ടിലും കൂട്ടരും എന്ന് പരിഹസിക്കുന്ന ശാസ്ത്രവാദികളെ കണ്ടിട്ടുണ്ട്. ചുമ്മാ ഒന്ന് കണ്ണ് തുറന്നു നോക്കിയാല്‍ ഭൂമിയാണ്‌ സൂര്യനെ ചുറ്റുന്നത്‌ എന്ന് നിസ്സാരമായി മനസ്സിലാക്കാം എന്നാണ് അവരുടെ ഭാവം. വേണ്ടത്ര തെളിവില്ലാതെ സൂര്യകേന്ദ്ര സിദ്ധാന്തം അവര്‍ അംഗീകരിച്ചില്ല എന്നത് സത്യത്തില്‍ അവരുടെ ജ്ഞാനത്തിന്റെ തെളിവല്ലെ? ഞാന്‍ മുന്‍പ് ഒരു പോസ്റ്റില്‍ (സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം) സൂചിപ്പിച്ചപോലെ  മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രം പുതിയ അറിവുകള്‍ അംഗീകരിക്കുക എന്നതാണ് സത്യാന്വേഷണത്തിന്റെ രീതി. എല്ലാ അന്ധവിശ്വാസങ്ങളും അതാത് കാലത്തെ വിശ്വസനീയമായ അറിവുകളായിരുന്നു. അല്ലാതെ അന്ധവിശ്വാസം എന്ന ഒരു പ്രത്യേക വിഭാഗം വിശ്വാസങ്ങളൊന്നുമില്ല. ആരും മനഃപൂര്‍വ്വം തെറ്റായ ഒരു കാര്യം വിശ്വസിക്കാറുമില്ല. എല്ലാം അതാതു കാലത്തെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതു തന്നെയായിരുന്നു.

ക്രിസ്തു മതത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രപഞ്ചത്തേക്കുറിച്ചുള്ള ഈ അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തങ്ങള്‍ പ്രപഞ്ചത്തേക്കുറിച്ചുള്ള മതവ്യാഖ്യാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. (സത്യത്തില്‍  വളരെ പുരോഗമനപരമായ നിലപാടായിരുന്നു അത് എന്നു പറയാം. (ഡിങ്കമതത്തില്‍ പരിണാമസിദ്ധാന്തത്തിലും  ക്വാണ്ടം ഫിസിക്സിലും ഉള്ള ലേറ്റസ്റ്റ് കണ്ടുപിടുത്തങ്ങള്‍ എല്ലാം അംഗീകരിക്കുന്നപോലെ. :-)) ആദ്യകാല പണ്ഡിതരായ ക്ലെമെന്റ്, ഒറിഗന്‍ (185-254 A.D.) മുതലായവര്‍ തുടങ്ങിവച്ച ഈ സമീപനം തന്നെ പില്‍കാല പണ്ഡിതരും (ഉദാഹരണം…അഗസ്റ്റിന്‍ (354-430 A.D), തോമസ്‌ അക്വിനാസ് (1224-1274 A.D.) പിന്തുടര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ പേഗന്‍ തത്വശാസ്ത്രവും, അന്നത്തെ തെളിവ് അധിഷ്ഠിത ശാസ്ത്രവും, മതവുമായി അഭേദ്യമായി കൂടിചേര്‍ന്നിരുന്നു. ഇവിടെയാണ്‌ പഴയ സൂര്യ കേന്ദ്ര സിദ്ധാന്തവും പൊടിതട്ടിയെടുത്തുകൊണ്ട് കോപ്പര്‍നിക്കസ്സിന്റെ വരവ്.

അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തം പൂര്‍ണ്ണമായി പിഴവറ്റതാണെന്നൊന്നും അന്നും ആരും കരുതിയിരുന്നില്ല. ദൂരെയുള്ള നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രഹങ്ങള്‍ ഇടയ്ക്കു പുറകോട്ടു സഞ്ചരിക്കുന്ന പോലെ കാണപ്പെടുന്നത് (retrograde motion) വിശദീകരിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ രണ്ടാം നൂറ്റാണ്ടില്‍ ക്ലോഡിയസ് ടോളമി ഗ്രഹങ്ങള്‍ക്ക്‌ കൂടുതല്‍ സങ്കീര്‍ണ്ണമായ ചില ഉപ സഞ്ചാരപഥങ്ങള്‍ (epicycles)നിശ്ചയിച്ചു കൊടുത്ത് തല്‍ക്കാലം രക്ഷപ്പെടുത്തിയെടുത്തെങ്കിലും, കലണ്ടറുണ്ടാക്കാനും, ജാതകമുണ്ടാക്കാനും കണക്കുകൂട്ടല്‍ വളരെ സങ്കീര്‍ണ്ണമായ ഒന്നായിരുന്നു അരിസ്റ്റോട്ടില്‍-ടോളമി മോഡല്‍. മികച്ചൊരു ആര്‍ക്കിട്ടെക്റ്റായി സങ്കല്പ്പിക്കപ്പെടുന്ന ദൈവത്തിന്റെ പ്രപഞ്ചം ഇത്ര അപരിഷ്ക്രിതമാണോ (inelegant) എന്ന് പലര്‍ക്കും സംശയം തോന്നുന്ന തരത്തിലായിരുന്നു വിചിത്രമായ ഉപ സഞ്ചാര പഥങ്ങളില്‍ ചലിക്കുന്ന ഗ്രഹങ്ങള്‍.

കോപ്പര്‍ക്കസ്സിനും അരിസ്റ്റോട്ടില്‍-ടോളമി സിദ്ധാന്തം ഒരു വൈകൃതമായാണ് തോന്നിയത്. അതേക്കുറിച്ചുള്ള പഠനത്തിലാണ്, ക്രിസ്തുവിനു മുന്‍പ് നാലാം നൂറ്റാണ്ടില്‍ ഹിസിറ്റാസ് എന്നൊരാള്‍ ഭൂമി അനങ്ങാതെ നില്കുകയല്ല, അത് ഒരു പമ്പരം പോലെ കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെടുന്നതായി സിസിറോ പറയുന്നതായി വായിച്ചത്. അതേപോലെ അരിസ്റ്റാര്‍ക്കസും കൂട്ടരും സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചിരുന്നു എന്നും കോപ്പര്‍ക്കസ്സ് അറിയുന്നു.