മാര്‍പാപ്പയുടെ ഔദ്യോഗിക സെന്‍സറും ഒരു ഡൊമിനിക്കന്‍ പുരോഹിതനുമായ നിക്കോലോ റിക്കാര്‍ഡി പുസ്തകം പരിശോധിച്ച ശേഷം പ്രസിദ്ധീകരിക്കാന്‍ അനുവാദം കൊടുത്തു. പതിവുപോലെ ഈ പുസ്തകത്തിലും സൂര്യകളങ്കങ്ങളുടെ കണ്ടുപിടുത്തം സംബന്ധിച്ച് ജസ്യൂട്ട് പാതിരിയായ ക്രിസ്‌റ്റഫര്‍ ഷീനറുമായുള്ള പഴയ വിരോധം വച്ച് അദ്ദേഹത്തെ പരിഹസിച്ച് ജെസ്യൂട്ടുകളുടെ ശത്രുത വര്‍ദ്ധപ്പിച്ചു. പക്ഷേ ഇത്തവണ മറ്റൊരു വലിയ ശത്രുവിനെ കൂടെ ഗലീലിയോ ഉണ്ടാക്കി. സുഹൃത്തും സംരക്ഷകനുമായ മാര്‍പാപ്പയെതന്നെ. ഭൂകേന്ദ്രസിദ്ധാന്തത്തെക്കുറിച്ച് മാര്‍പാപ്പക്കുണ്ടായിരുന്ന വാദങ്ങള്‍ ഗലീലിയോ തന്റെ പുസ്തകത്തില്‍, ഗണിതശാസ്ത്രത്തിലൊന്നും വലിയ പിടിയില്ലാത്ത സിംപ്ലിസിയോ എന്ന കഥാപാത്രത്തിന്റെ വായിലാണ് തിരുകിയത്. ഇറ്റാലിയന്‍ ഭാഷയില്‍ സിംപ്ലിസിയോ എന്നാല്‍ വിഡ്ഢി എന്നാണര്‍ത്ഥം. കോപ്പര്‍നിക്കസ്‌ മാതൃക ഒരു അനുമാനം മാത്രമാണെന്ന്‌ പുസ്‌തകത്തില്‍ ചേര്‍ക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നതും സിംപ്ലിസിയോ പറയുന്നതായാണ് ചേര്‍ത്തത്. തര്‍ക്കത്തിലെ മധ്യസ്ഥന്‍ പറയേണ്ടിയിരുന്ന കാര്യം ഭൂകേന്ദ്രസിദ്ധാന്തത്തെ അനുകൂലിക്കുന്ന ആള്‍ തന്നെ, അതും ഒരു വിഡ്ഢി പറയുന്നത് എങ്ങനെ ശരിയാകും? ഇതൊക്കെ മാര്‍പാപ്പക്ക് നീരസമുണ്ടാക്കി. ഇത് ഗലീലിയോ മനഃപ്പൂര്‍വ്വം ചെയ്താണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ട്. (ഒന്നും പറയാന്‍ പറ്റില്ല. വെറുതെയിരിക്കുന്നവന്റെ അണ്ണാക്കിലിട്ടു കുത്തി കടി മേടിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമാണല്ലോ.) പക്ഷേ ഗലീലിയോവിനെ വീണ്ടും വിചാരണ ചെയ്യാനുള്ള ഏറ്റവും പ്രധാന കാര്യം ഇതൊന്നുമല്ലായിരുന്നു എന്ന് പുതിയ ചരിത്രകാരന്മാര്‍ പറയുന്നു.

ഇവിടെ അക്കാലത്തെ വത്തിക്കാന്‍ രാഷ്ട്രീയം കൂടി പറയേണ്ടതുണ്ട്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള മുപ്പതു വര്‍ഷ യുദ്ധം (thirty years war) കൊടുമ്പിരി കൊണ്ട കാലമാണത്. പ്രൊട്ടസ്റ്റന്റ് പക്ഷമായ സ്വീഡന്‍ കത്തോലിക്കരായ ഫ്രാന്‍സിന്റെ സഹായത്തോടെ റോമന്‍ ചക്രവര്‍ത്തിയായ ഫെര്‍ഡിനാന്റ്  ഒന്നാമനെതിരെ തിരിഞ്ഞപ്പോളും മാര്‍പാപ്പ ഫ്രാന്‍സിനെ തുടന്നും പിന്തുണച്ചു. ഇത് സ്പെയിനിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല. അവര്‍ മാര്‍പാപ്പക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. മാര്‍പാപ്പ വിശ്വാസ ശത്രുക്കളുടെ പക്ഷത്താണ്. അദ്ദേഹത്തിന്  ക്രിസ്തുമതത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. സ്പാനിഷ് കര്‍ദ്ദിനാള്‍ ഗാസ്പര്‍ ഡി ബോര്‍ഗിയ കൌണ്‍സില്‍ വിളിച്ചുകൂട്ടി മാര്‍പ്പാപ്പക്ക് മതത്തെ സംരക്ഷിക്കാനുള്ള കഴിവും മനസ്സും ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. അര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പയുടെ അധികാരത്തിനും ജീവനും വരെ ഭീഷണി ഉയര്‍ന്ന ഈ സമയത്താണ് ഗലീലിയോയുടെ പുസ്തകം വരുന്നത്. ഗലീലിയോയുമായുള്ള സുഹൃത്ത് ബന്ധത്തേക്കാള്‍ പ്രധാനം സ്വന്തം ജീവനും അധികാരവുമായി.

മാര്‍പാപ്പ താന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ സംരക്ഷകനാണ് എന്ന് പൊതുജന സമക്ഷം തെളിയിക്കാന്‍ നിര്‍ബന്ധിതനായി. അടിയന്തിരമായി ഒരു ബലിയാടിനെ വേണ്ടിയിരുന്നു. അതിന് ഗലീലിയോയെക്കാള്‍ മികച്ച ഒരാളെ കിട്ടാനില്ല. യൂറോപ്പിലെങ്ങും പ്രശസ്തന്‍, പിസ സര്‍വ്വകലാശാലയിലെ മുഖ്യഗണിതശാസ്‌ത്രജ്ഞന്‍, ടസ്കനിയിലെ ആസ്ഥാനശാസ്‌ത്രജ്ഞന്‍, പ്രസിദ്ധമായ ലൈസീന്‍ അക്കാഡമിയിലെ അംഗം, സര്‍വ്വോപരി തന്റെ ഉറ്റ സുഹൃത്തും ആശ്രിതനും. അത്തരമൊരു പ്രമാണിയെപോലും മതത്തിനു വേണ്ടി വിചാരണ ചെയ്യാനും, അതിന്റെ നന്മക്കായി കഠിനമായി ശിക്ഷിക്കാനും തനിക്ക് ഒരു മടിയുമില്ല എന്ന് എല്ലാവര്‍ക്കും കാണിച്ചുകൊടുക്കാനുള്ള സുവര്‍ണ്ണാവസരം. അങ്ങനെ ഗലീലിയോക്കെതിരെ1633 ല്‍ മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം രണ്ടാമത്തെ കുറ്റവിചാരണ നടക്കുന്നു.1616 ലെ വിചാരണയിലെ ഉത്തരവ് പുതിയ പുസ്തകം എഴുതുക വഴി അദ്ദേഹം ലംഘിച്ചു എന്നായിരുന്നു കുറ്റം.

വിചാരണക്കിടെ ചില ചതികള്‍ നടന്നതായാണ് സംശയിക്കപ്പെടുന്നത്.1616 ലെ ആദ്യ വിചാരണയില്‍ ഒരു ഹൈപ്പോതെസിസ് ആയി പോലും കോപ്പര്‍നിക്കന്‍ സിദ്ധാന്തം ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നായിരുന്നു വിധി എന്ന് കാണിക്കുന്ന ഒരു രേഖ സമര്‍പ്പിക്കപ്പെട്ടു. അന്നത്തെ വിചാരണയുടെ തലവനായിരുന്ന ബെല്ലാര്‍മ്മിന്റേയോ ഗലീലിയോയുടെയോ ഒപ്പോ സീലോ ഇല്ലാത്തത്. (അത് ശത്രുക്കള്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നാണ് അനുമാനം.) അത്തരമൊരു രേഖ ഇല്ലായിരുന്നു എന്നും താന്‍ അത് കണ്ടിട്ടേയില്ല എന്നും ഗലീലിയോ ആണയിടുന്നു. ഹൈപ്പോതെസിസ് എന്ന രീതിയില്‍ കോപ്പര്‍നിക്കന്‍ സിദ്ധാന്തം പഠിപ്പിക്കാന്‍ തനിക്ക് അനുവാദം കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് അത് തെളിയിക്കുന്ന ബെല്ലാര്‍മ്മിന്റെ കത്തും ഗലീലിയോ ഹാജരാക്കുന്നു.

ബെല്ലാര്‍മ്മിന്റെ കത്തിന്റെ വെളിച്ചത്തിലും ആദ്യ വിചാരണയില്‍ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ ബോധ്യപ്പെട്ടതുകൊണ്ടും (ബെല്ലാര്‍മ്മിന്റേയും ഗലീലിയോയുടെയും ഒപ്പില്ലാത്ത രേഖ) ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശിക്കപ്പെടുന്നു. (ഇന്‍ക്വിസിഷന്‍ കമ്മിഷണര്‍ ഒരു ദിവസം നേരിട്ട് ഗലീലിയോയുമായി രഹസ്യമായി സംസാരിക്കുന്നു. ശരിക്കും ഒതുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തായിരുന്നു എന്ന് ഒരിക്കലും ലോകം അറിയില്ല. ആ സംഭാഷണത്തേക്കുറിച്ച് ഒരു രേഖയുമില്ല.) ഗലീലിയോ താരതമ്യേന ലഘുവായ, കോപ്പര്‍നിക്കന്‍ ആശയത്തെ പിന്തുണച്ചു എന്ന കുറ്റം സമ്മതിച്ചാല്‍ മതകോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചു എന്ന കൂടുതല്‍ ഗൌരവമുള്ള കുറ്റം ഒഴിവാക്കാം.

ഏറ്റവും നിസ്സാരമായതും ഏറ്റവും ഗൌരവമുള്ളതുമായ മതദൂഷണങ്ങളുടെ ഇടയിലുള്ള ഒരു ഇടത്തരം കുറ്റമായ ”മതനിന്ദ ചെയ്തതായി ശക്തമായ സംശയം” (vehement suspicion of heresy) ഗലീലിയോ ചെയ്തതായി മതകോടതി വിധിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും, ഭാവിയില്‍ എഴുതിയേക്കാവുന്നതടക്കം നിരോധിക്കുന്നു, ജീവപര്യന്തം തടവു ശിക്ഷയും വിധിക്കുന്നു. വിവാദ പുസ്തകം സെന്‍സര്‍ ചെയ്ത ഫാദര്‍ റിക്കാര്‍ഡിയെ സ്ഥാനത്തു നിന്ന് പുറത്താക്കുന്നു. ഗലീലിയോ താന്‍ മനഃപ്പൂര്‍വ്വമല്ലാതെ, വായനക്കാര്‍ക്ക് കോപ്പര്‍നിക്കന്‍ സിദ്ധാന്തം സത്യമാണ് (ഹൈപ്പോതെസിസ് അല്ല) എന്ന ധാരണയുണ്ടാകുന്ന വിധത്തില്‍ എഴുതാനിടയായി എന്ന് കുറ്റസമ്മതം നടത്തുന്നു. തെറ്റായ വിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നതായി വേദഗ്രന്ഥത്തില്‍ തൊട്ട് പ്രതിജ്ഞ (Abjuration) ചെയ്യുന്നു. ”എന്നാലും അത് ചലിക്കുന്നുണ്ട്” (Eppur si muove) എന്ന് അദ്ദേഹം പതുക്കെ പറഞ്ഞതായി ഒരു കഥയുണ്ട്. (അതും ഒരു മിത്താണ്. എല്ലാ മതം v/s ശാസ്ത്രം മിത്തുകളെയും പോലെ ഈ കഥയും പതിനെട്ടാം നൂറ്റാണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്.)

ഇന്‍ക്വിസിഷന്റെ വിധിയും ഗലീലിയോ സഭയോട് മാപ്പപേക്ഷിച്ചതും (Abjuration) യൂറോപ്പിലെങ്ങും ഇടവകകള്‍ തോറും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മാര്‍പ്പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. ഗലീലിയോ സംഭവം ക്രിസ്ത്യാനികള്‍ ആരും അറിയാതെ പോകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്ന പോലെ. എതിരാളി എത്ര ഉന്നതനായാലും തന്റെ സ്വന്തകാരനായാല്‍ പോലും ക്രൈസ്തവ വിശ്വാസത്തെ താന്‍ സംരക്ഷിക്കും എന്ന് അങ്ങനെ മാര്‍പാപ്പ ലോകത്തിനു കാണിച്ചു കൊടുത്തു. സൂത്രം വിജയിച്ചു എന്നു വേണം കരുതാന്‍. അര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ പിന്നെയും പതിനൊന്നു വര്‍ഷം കൂടി അധികാരത്തിലിരുന്നു.

അങ്ങനെ ഗലീലിയോ കത്തോലിക്കാ സഭയുടെ തടവറയില്‍ കിടന്നു നരകിച്ചു. ഇതാണല്ലോ നമ്മള്‍ വിശ്വസിക്കുന്ന കഥ. എന്നാല്‍ കഥ കഴിഞ്ഞിട്ടില്ല. മാര്‍പാപ്പ ഗലീലിയോയെ കൈവിട്ടില്ല. ശിക്ഷിക്കപ്പെട്ടു എന്ന് ലോകം അറിയണമെന്നല്ലാതെ അദ്ദേഹം ശരിക്കും ശിക്ഷ അനുഭവിക്കണം എന്നൊന്നും മാര്‍പാപ്പക്ക് ഇല്ലായിരുന്നു. ഇക്വിസിഷന്‍ കൊട്ടാരത്തില്‍ അവര്‍ക്ക് തോന്നുന്നത്ര കാലം തടവു ശിക്ഷ എന്നാണ് വിധിയില്‍ പറയുന്നെതെങ്കിലും, (”We condemn you to formal imprisonment in this holy office at our pleasure.”) ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിനു ശേഷം ഗലീലിയോവിനെ റോമിലെ മെഡിസിയുടെ കൊട്ടാരത്തിലേക്ക് മാറ്റി. ഒരാഴ്ചക്കുശേഷം സിയെന്നയില്‍ ഗലീലിയോവിന്റെ സുഹൃത്തായ ആര്‍ച്ച് ബിഷപ്പ് പിക്കോളോമിനിയുടെ ഔദ്യോഗിക വസതിയില്‍. അവിടെ ”വീട്ടുതടങ്കല്‍” എന്നായിരുന്നു പുറമേ അറിഞ്ഞതെങ്കിലും കവികളും, ശാസ്ത്രജ്ഞരും, പാട്ടുകാരും മറ്റു സന്ദര്‍ശകരുമൊക്കെയായി സുഖജീവിതമായിരുന്നു. പിക്കോളോമിനി ഗലീലിയോക്ക് തന്റെ പഠനങ്ങള്‍ തുടരാന്‍ എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്തു.

ഫ്രഞ്ച് കവിയായ സൈന്റ്റ്‌ അമാന്റ്റ് അവിടെ ഗലീലിയോയെ സന്ദര്‍ശിച്ചപ്പോള്‍ പട്ടു നീരാളങ്ങള്‍ കൊണ്ട് അലങ്കരിച്ച് കൊത്തുപണികളാല്‍ അലംകൃതമായ ഫര്‍ണിച്ചറുകള്‍ നിറഞ്ഞ ഗലീലിയോയുടെ ആഡംഭര മുറിയില്‍ ആര്‍ച് ബിഷപ്പുമായി സംസാരിച്ചിരിക്കുന്ന ഗലീലിയോയെ വിവരിക്കുന്നുണ്ട്. ഒടുവില്‍ ഗലീലിയോയുടെ ഈ ഫൈവ് സ്റ്റാര്‍ തടവുജീവിതം പരാതിയായി. (പതിവുപോലെ ഇവിടെയും അദ്ദേഹത്തിന്റെ  കൈയ്യിലിരുപ്പും കാരണമായിട്ടുണ്ട്. അവിടെയും ചുമ്മാ ശത്രുക്കളെ ഉണ്ടാക്കി. പിക്കോളോമിനിയുടെ കൊട്ടാരത്തില്‍ വച്ച് ഫ്രാന്‍സിസ്കോ പെലാങ്കി എന്നൊരു പുരോഹിതനുമായി അരിസ്റ്റോട്ടിലിയന്‍ തത്വശാസ്ത്രത്തെക്കുറിച്ചു തര്‍ക്കിച്ചു ശണ്ഠയുണ്ടാക്കി. ബഹളം അവസാനിപ്പിക്കാന്‍ ആര്‍ച്ച് ബിഷപ്പ് പിക്കോളോമിനി ഇടപെട്ട് ഫാദര്‍ പെലാങ്കിയെ കൊട്ടരത്തില്‍നിന്നു വിലക്കി. ഇവരൊക്കെ പിന്നെ വെറുതെയിരിക്കുമോ?)

അങ്ങനെ അഞ്ച് മാസത്തിനു ശേഷം1642 ല്‍ മരണം വരെയുള്ള എട്ടു വര്‍ഷം ഫ്ലോറന്‍സിലെ സ്വന്തം വസതിയില്‍ തന്നെയായിരുന്നു ”വീട്ടുതടങ്കല്‍‍”. (ഇടയ്ക്കു് 1638ല്‍  സഭയുടെ അനുവാദത്തോടെ ഒരിക്കല്‍ പുറത്തു പോയിട്ടുണ്ട്. പുതിയ പുസ്തകമായ Discourses on two new sciences ന്റെ അച്ചടിയുമായി ബന്ധപ്പെട്ട്. ഇനി പുസ്തകമൊന്നും എഴുതരുത് എന്ന് ശിക്ഷാവിധിയില്‍ ഉണ്ടായിരുന്നെങ്കിലും പുസ്തകം എഴുതിയതോ, അത് രഹസ്യമായി അച്ചടിക്കാന്‍ ശ്രമിക്കുന്നതോ സഭ അറിഞ്ഞതായി നടിച്ചില്ല. കൈയെഴുത്തു പ്രതി രഹസ്യമായി അധികാരികള്‍ അറിയാതെ ഇറ്റലിക്കു പുറത്തു കടത്തി എന്നാണ് ഗലീലിയോ ഫാന്‍സ്‌ പ്രചരിപ്പിക്കുന്നത്. അധികാരികള്‍ അറിയാതെയാണെങ്കിലും, അതല്ല അറിഞ്ഞിട്ട് അത് കാര്യമാക്കാതിരുന്നതാണെങ്കിലും എത്ര അലസമായാണ് ആദേഹത്തിന്റെ വീട്ടുതടങ്കല്‍ അവര്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാകും. പുസ്തകം പുറത്തു വന്ന ശേഷവും അതെക്കുറിച്ച് ചോദ്യങ്ങളൊന്നും ഉണ്ടായുമില്ല.)

സ്വവസതിയിലെ തടവില്‍ പേരിന് കാവല്‍ക്കാരന്‍ ഒക്കെ ഉണ്ടെങ്കിലും അതൊക്കെ ഒരു വകയായിരുന്നു. അല്പം അകലെയുള്ള കോണ്‍വെന്റില്‍ കന്യാസ്ത്രീയായ മകളെ ഇഷ്ട്ടപ്രകാരം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വീട്ടില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും കഴിഞ്ഞിരുന്നു. തത്വ ചിന്തകനായ തോമസ്‌ ഹോബ്സും കവിയായ ജോണ്‍ മില്‍ട്ടണും അങ്ങനെ തടവറയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച രണ്ടു പ്രശസ്തരാണ്. 1636 ഓടെ അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു തുടങ്ങി. രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അന്ധനായി. ഹെര്‍ണിയ, ആര്‍ത്രൈറ്റിസ് മുതലായ രോഗങ്ങള്‍ വേറെയും. സഭ തന്നെ വിന്‍സെന്‍സിയോ വിവിയാനി എന്ന ശിഷ്യനെ സഹായത്തിന് ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നു. ഒടുവില്‍ 1642 ല്‍ മരണം.

അപ്പോള്‍ ഇതാണ് ഗലീലിയോ സഭയില്‍നിന്ന് അനുഭവിച്ചതായി പറയുന്ന പീഡനം. സ്വന്തം ആരോഗ്യസ്ഥിതിയുടെ പരിമിതിയല്ലാതെ ശിക്ഷ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ കാര്യമായൊന്നും ബാധിച്ചില്ല എന്നതാണ് സത്യം. രോഗപീഢയും അന്ധതയും മൂലം വിഷമിക്കുന്ന ഏതൊരു വൃദ്ധനേക്കാളും സുഖമായിട്ടായിരുന്നു ഗലീലിയോവിന്റെ തടവുജീവിതം.

കഥകളില്‍ പറഞ്ഞുകേള്‍ക്കുന്നപോലെ ഗലീലിയോ ഒരു ദിവസം പോലും തടവറയില്‍ കഴിഞ്ഞിട്ടില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് വിചാരണവേളയിലെങ്കിലും തടവറയില്‍ കിടന്നിട്ടുണ്ടോ (അതാണ്‌ അക്കാലത്തെ സാധാരണ പതിവ്) അല്ലെങ്കില്‍ ശാരീരികമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു നോക്കാം. അദ്ദേഹത്തിന്റെ വിചാരണ രേഖകളില്‍ ചോദ്യം ചെയ്തതിന്റെ വിശദംശങ്ങളുണ്ട്. ”Because we did not think you had said the whole truth about your intention, we deemed it necessary to proceed against you by a rigorous examination.”എന്ന് കാണാം. ”rigorous examination” എന്നാല്‍ മൂന്നാം മുറ എന്നുതന്നെയാണര്‍ത്ഥം. അപ്പോള്‍ അദ്ദേഹത്തിന് തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടില്ലെങ്കിലും മൂന്നാം മുറ അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവും. അത്രയ്ക്ക് പീഢനമെങ്കിലും സഭ ചെയ്തിട്ടുണ്ടാകും. ഉവ്വോ?

1633 ഫെബ്രുവരി 13 നാണ് ഗലീലിയോ വിചാരണക്കായി റോമിലെത്തുന്നത്. ഏപ്രില്‍ 12 നാണ് അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്യുന്നത്. അതുവരെയുള്ള ദിവസങ്ങള്‍ അദ്ദേഹം ടസ്കന്‍ എംബസിയിലാണ് താമസിച്ചത് എന്നതിന് രേഖകളുണ്ട്. ഏപ്രില്‍ 12 മുതല്‍ തുടര്‍ന്നുള്ള പതിനെട്ടു ദിവസങ്ങള്‍ ഇന്‍ക്വിസിഷന്‍ കൊട്ടാരത്തില്‍ ചോദ്യം ചെയ്യലിനു വിധേയനായി കഴിയുമ്പോള്‍ പ്രോസിക്യൂട്ടറുടെ ഭവനത്തില്‍ തന്നെ ഒരു സഹായിയോടൊപ്പമാണ് താമസിച്ചത്. ഭക്ഷണം ടസ്കന്‍ എംബസിയില്‍നിന്നു കൊണ്ട് വരും. (സാധാരണ ഈ ദിവസങ്ങളിലൊക്കെ കുറ്റാരോപിതന്‍ തടവറയിലായിരിക്കും. ഗലീലിയോക്ക് അവിടെയും സ്പെഷല്‍ പരിഗണന ലഭിച്ചു.) ഏപ്രില്‍ 30 ന് രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം എംബസിയിലേക്ക് തിരിച്ചു പോയി അന്‍പത്തൊന്നു ദിവസം അവിടെ കഴിഞ്ഞു. ഇടയ്ക്കു മെയ്‌ പത്തിന് വീണ്ടും മൂന്നാമത്തെ ചോദ്യം ചെയ്യലിനെത്തി. ജൂണ്‍ ഇരുപതൊന്നിനാണ് കര്‍ശനമായ ചോദ്യം ചെയ്യല്‍ (”rigorous examination”) നടക്കുന്നത്. പിറ്റേ ദിവസം ജൂണ്‍ ഇരുപത്തിരണ്ടിനായിരുന്നു വിധി പ്രസ്താവവും അദ്ദേഹത്തിന്റെ  കുറ്റസമ്മത പ്രതിജ്ഞയും.

ഗലീലിയോ പീഡനത്തിന് (”rigorous examination”) വിധേയനായിട്ടില്ല എന്ന് കരുതാന്‍ കാരണങ്ങളുണ്ട്. വയസ്സന്മാരെയും ( ഗലീലിയോക്ക് അപ്പോള്‍ 69 വയസ്സ്.) രോഗികളെയും, കുട്ടികളെയും, ഗര്‍ഭിണികളായ സ്ത്രീകളെയും മൂന്നാം മുറയില്‍നിന്ന് ഇന്‍ക്വിസിഷന്‍ ഒഴിവാക്കാറുണ്ട്. പുരോഹിതരെയും പീഡനത്തില്‍നിന്നു ഒഴിവാക്കാറുണ്ട്. ഗലീലിയോ ചെറുപ്പത്തില്‍ പുരോഹിതനാകാന്‍ പഠിച്ചതാണ്. പുരോഹിതര്‍ക്കുള്ള ഒരു പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി 1631ല്‍ അദ്ദേഹം പുരോഹിതരുടെ മുടിവെട്ട് (clerical tonsure) സ്വീകരിച്ചിരുന്നു. പിന്നെ അവസാനത്തെ ഭക്ഷണം കഴിഞ്ഞ് പത്തു മണിക്കൂര്‍ കഴിയാതെ മൂന്നാം മുറ പ്രയോഗിക്കാന്‍ പാടില്ല. ഗലീലിയോയുടെ കാര്യത്തില്‍ അങ്ങനെ ഒരു ടൈം ഗ്യാപ്പ് ഉണ്ടായിട്ടില്ല എന്ന് രേഖകള്‍ കാണിക്കുന്നു‍. ശാരീരിക ദണ്ഡനം ശിക്ഷയായി കൊടുക്കാവുന്ന ഗൌരവമുള്ള കുറ്റങ്ങള്‍ക്കല്ലാതെ മൂന്നാം മുറ പാടില്ല എന്നും നിയമമുണ്ട്. ഗലീലിയോക്ക് മേല്‍ ചുമത്തിയത് ശാരീരിക ദണ്ഡന കിട്ടാവുന്നത്ര ഗൌരവമുള്ള കുറ്റമല്ല.

അന്നത്തെ സാധാരണ പീഡനമുറ ”torture of the rope ” എന്നറിയപ്പെടുന്ന പരിപാടിയാണ്. കൈകള്‍ പുറകില്‍ കെട്ടി കയറുപയോഗിച്ചു മുകളിലേക്കു പൊക്കും. പരമാവധി ഒരു മണിക്കൂര്‍ മാത്രം എന്നാണ് കണക്ക്. (നമ്മുടെ പോലിസ് സ്റ്റേഷനിലെ ഗരുഡന്‍ തൂക്കം പോലെ. നമ്മുടെ സ്റ്റേഷനില്‍ അങ്ങനെ ഒരു മണിക്കൂര്‍ എന്ന കണക്കൊക്കെ ഉണ്ടോ എന്നറിയില്ല. ഇവര്‍ക്ക് എല്ലാത്തിനും കണക്കും കാര്യങ്ങളുമൊക്കെ ഉണ്ട്. പ്രതി ഉണ്ടാക്കുന്ന ഓരോ ശബ്ദവും ഞെരുക്കവും കരച്ചിലും വരെ രേഖപ്പെടുത്തണം എന്നാണു നിയമം.) ഗലീലിയോയുടെ കാര്യത്തില്‍ അങ്ങനെ രേഖകളൊന്നും ഇല്ല.

തീര്‍ച്ചയായും ഈ നിയമങ്ങള്‍ പാലിക്കാതിരിക്കാനും വളച്ചൊടിക്കാനും കഴിയുമെങ്കിലും അറുപത്തൊന്‍പതു വയസ്സുള്ള അദ്ദേഹത്തെ ഇങ്ങനെ തൂക്കിയിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലാതെ പിറ്റേന്ന്   ഇന്‍ക്വിസിഷനു മുന്നില്‍ ഹാജരാകാന്‍ പറ്റില്ലല്ലോ. അദ്ദേഹത്തിന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളതായി രേഖപ്പെടുത്തീട്ടുമില്ല. ഒരുപക്ഷേ മൂന്നാം മുറ പ്രയോഗിക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കാം. (അതും കുറ്റം സമതിപ്പിക്കാനുള്ള അന്നത്തെ ഒരു അംഗീകൃത വഴിയാണ്. പീഡന ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുക, അത് പ്രയോഗിക്കാന്‍ പോകുന്നതായി ഭാവിക്കുക ഒക്കെ) അങ്ങനെയെങ്കില്‍ പരമാവധി വന്നാല്‍ മാനസിക പീഡനം മാത്രമേ സഭയുടെ പേരില്‍ ആരോപിക്കാനാവൂ.

കര്‍ശനമായി ചോദ്യം ചെയ്തു (”rigorous examination”), ജീവപര്യന്തം തടവിന് ശിക്ഷിച്ചു എന്നൊക്കെ രേഖയിലാക്കി പരസ്യപ്പെടുത്തിയത് നേരത്തെ കണ്ടപോലെ മാര്‍പാപ്പ സ്വന്തം മുഖം രക്ഷിക്കാന്‍ ചെയ്തതാണ് എന്ന് അനുമാനിക്കുകയാവും ശരി. ഗലീലിയോ സംഭവം മതവും ശാസ്ത്രവും തമ്മിലുള്ള ബലപരീക്ഷണം എന്നതിനേക്കാള്‍ അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയില്‍  മാര്‍പാപ്പക്ക് സ്വന്തം ശക്തി തെളിയിക്കാന്‍ പ്രശസ്തനും, സ്വാധീനമുള്ളവനുമായ ഒരു ബലിയാടിനെ വേണ്ടിയിരുന്നതുകൊണ്ട് സംഭവിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ ഗലീലിയോ എല്ലാംകൊണ്ടും അതിനു യോജിക്കുന്ന ആളുമായിരുന്നു. യൂറോപ്പിലെങ്ങും പ്രശസ്തന്‍, മാര്‍പ്പായുടെ അടുത്ത കൂട്ടുകാരന്‍. വഴക്കാളിയായതുകൊണ്ട് ശക്തരായ ധാരാളം ശത്രുക്കളെ  ഉണ്ടാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.

ഇതൊക്കെയായിട്ടും  നമ്മുടെ പോപ്പുലര്‍ കഥകളില്‍ പറയുന്നപോലെ കത്തോലിക്കാ സഭയില്‍നിന്ന് ശാരീരികപീഡനമോ ജയിലറയില്‍ കിടന്നു നരകിക്കലോ ഒന്നും ഗലീലിയോക്ക് അനുഭവിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല, വളരെ അനുഭാവപൂര്‍ണ്ണമായ പെരുമാറ്റമാണ് ലഭിച്ചത് എന്നുകൂടി പറയേണ്ടി വരും.

അപ്പോള്‍ ഗലീലിയോ സംഭവം ചുരുക്കത്തില്‍ ഇതാണ്.

-സഭക്ക്  ശാസ്തത്തോട് പൊതുവേയോ സൌരകേന്ദ്ര സിദ്ധാന്തത്തോട് വിശേഷിച്ചോ പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഗലീലിയോ സംഭവം ഒരു പ്രത്യേക സാഹചര്യത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവമാണ്.

കോപ്പര്‍നിക്കസ്സോ ഗലീലിയോയോ സൌരകേന്ദ്ര സിദ്ധാന്തം തെളിയിച്ചിട്ടില്ല. അതിനുള്ള പ്രധാനപ്പെട്ട ചില തെളിവുകള്‍ ഉണ്ടാകുന്നത് നൂറുകണക്കിന് വര്‍ഷങ്ങള്‍ പോലും കഴിഞ്ഞാണ്. കേട്ടത് പാതി കേള്‍ക്കാത്ത പാതി അന്നത്തെ പണ്ഡിതര്‍ അത് പിന്താങ്ങാതിരുന്നത് അവര്‍ വിഡ്ഡികളായതുകൊണ്ടോ, മതം തലയ്ക്കു പിടിച്ച് അന്ധരായി പോയ്തുകൊണ്ടോ അല്ല.

-സൌരകേന്ദ്ര സിദ്ധാന്തത്തോട് എതിര്‍പ്പുണ്ടായിരുന്നവര്‍ പ്രധാനമായും അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രജ്ഞരായിരുന്നു. പലരും ക്രിസ്തുമത വിശ്വാസികള്‍ തന്നെ ആയിരുന്നില്ല.

-1616 ല്‍  ഗലീലിയോക്ക് നേരെ ഉയര്‍ന്ന പരാതി ബൈബിളിന് സ്വന്തം വ്യാഖ്യാനം ഉണ്ടാക്കുന്നു എന്നായിരുന്നു.

-സഭ ഈ പരാതി അവഗണിച്ചതാണ്. ഈ വിഷയത്തില്‍ അതുവരെ പരസ്യമായ നിലപാടെടുക്കാതിരുന്ന സഭയെ  ഗലീലിയോ റോമില്‍ നേരിട്ട് ഹാജരായി പ്രസ്തുത വിഷയത്തില്‍ സഭയെകൊണ്ട് ഒരു നിലപാടെടുപ്പിക്കുകയായിരുന്നു.

-എന്നിട്ടും ഗലീലിയോക്ക് നീതി ലഭിച്ചു എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ നേരെ ഒരു ശിക്ഷാനടപടിയും ഉണ്ടായില്ല. അദ്ദേഹം അതില്‍ കക്ഷി പോലും ആയില്ല. നിലവില്‍ ഒരു ഹൈപ്പോതെസിസ് മാത്രമായ  സൌരകേന്ദ്ര സിദ്ധാന്തത്തെ ഹൈപ്പോതെസിസ് ആയി പഠിപ്പിക്കാന്‍ അനുവാദം ലഭിച്ചു.

-പിന്നീട് 1633 വരെ ഈ വിഷയത്തില്‍ സഭ ഇടപെട്ടില്ല. സൌരകേന്ദ്ര സിദ്ധാന്തത്തെകുറിച്ച് പുസ്തകം എഴുതാന്‍ അനുവാദം ചോദിച്ചപ്പോള്‍ അത് കൊടുത്തു. അത്  പ്രസിദ്ധീകരിക്കാന്‍ ഔദ്യോഗിക സെന്‍സറും അനുവദിച്ചു.

-1633 ല്‍ നടന്ന രണ്ടാമത്തെ കുറ്റവിചാരണ ശാസ്ത്രസംബന്ധി എന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. പിന്നെ ശാസ്ത്രജ്ഞര്‍ കൂടിയായ ചില പാതിരിമാര്‍ക്കുണ്ടായ അക്കാഡമിക്ക് അസൂയയും. കത്തോലിക്കര്‍-പ്രോട്ടസ്റ്റന്റ് പ്രശ്നത്തിനിടയില്‍ പെട്ടു പോയത് അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം.

-എന്നിട്ടും വലിയ പരിക്കൊന്നും ഏല്‍ക്കാതെ ഗലീലിയോ രക്ഷപ്പെട്ടു. ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല. ഒരു തരം പീഡനവും അനുഭവിച്ചില്ല. കണ്ടമാനം ശാരീരിക വിഷമതകളുള്ള അന്ധനായ ഒരു വൃദ്ധന് അനുഭവപ്പെടാവുന്ന അസ്വാതന്ത്ര്യത്തിനപ്പുറമൊന്നും വീട്ടുതടങ്കല്‍ കൊണ്ടും ഉണ്ടായില്ല. അദ്ദേഹത്തിന് തടവിലും ശരീരസ്ഥിതി  അനുവദിക്കുന്നിടത്തോളം പഠനങ്ങള്‍ തുടരാന്‍ സാധിച്ചു, വീട്ടില്‍ അതിഥികളെ സ്വീകരിച്ചു, പുസ്തകം എഴുതരുത് എന്ന് വിലക്കുണ്ടായിരുന്നെങ്കിലും പുസ്തകം എഴുതി, അത് പ്രസിദ്ധീകരിച്ചു.

-സഭ തുടര്‍ന്നും ശാസ്ത്രത്തെ അതിന്റെ പാട്ടിനു തന്നെ വിട്ടു. പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായി. പലതും പതിവുപോലെ പാതിരിമാരാല്‍ തന്നെ. അവര്‍ക്കൊന്നും ഒരു പീഡനവും ഉണ്ടായില്ല.

ഭൂമി സൂര്യനെ ചുറ്റുന്നു എന്നതൊഴിച്ചാല്‍ ഗലീലിയോ ഇതുസംബന്ധമായി പറഞ്ഞ ബാക്കി കാര്യങ്ങളെല്ലാം പതിരായി പോയി. ടൈക്കോ ബ്രാഹിയും, ജോഹന്നാസ് കെപ്ലെറും, ഐസക്ക് ന്യൂട്ടണുമാണ് സൌരകേന്ദ്ര സിദ്ധാന്തം തെളിയിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടാവുന്നവര്‍. തീര്‍ച്ചയായും ഇവരാണ് അസ്ട്രോണമിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതും. എന്നിട്ടും ചരിത്രം എല്ലാകാലവും ഓര്‍ക്കുന്നത് ഗലീലിയോയെ ആയിരിക്കും. അതും ഇല്ലാത്ത ഒരു രക്തസാക്ഷിത്വത്തിന്റെ പേരില്‍. ഗലീലിയോയുടെ രക്തസാക്ഷിത്വം എന്ന മിത്ത് ഒരിക്കലും മരിക്കാന്‍ പോകുന്നില്ല.ഗലീലിയോ ഇല്ലാത്ത യുക്തിവാദം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. (ഈ പോസ്റ്റ്‌ ഒക്കെ വെറുതെ എന്നര്‍ത്ഥം. :-))

അപ്പോള്‍ ഈ കഥകളൊക്കെ ഉണ്ടായത് എങ്ങനെയാണ്? ആരൊക്കെയാണ് ഇതിനു പിന്നില്‍? പോസ്റ്റ്‌ തുടരും…..

Republished From Dr.Manoj Bright’s Blog