ഈ രണ്ട് ആശയങ്ങളും കൂട്ടിയിണക്കിയാല്‍ ടോളമി സിദ്ധാന്തത്തിന്റെ സങ്കീര്‍ണതയും അഭംഗിയും ഒഴിവാക്കാം എന്ന് കോപ്പര്‍ക്കസ് കണ്ടെത്തുന്നു. അദ്ദേഹം ഭൂമിക്കു രണ്ടു തരം ചലനങ്ങള്‍ നിശ്ചയിക്കുന്നു. ഭൂമി ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് ഒരു പമ്പരം പോലെ കറങ്ങുന്നു. ഇങ്ങനെ കറങ്ങുന്ന ഭൂമിയും മറ്റു ഗ്രഹങ്ങളും വ്യത്യസ്ത സമയമെടുത്ത്‌ സൂര്യനെ ചുറ്റുന്നു. ഇതാണ് ടോളമിക് സിദ്ധാന്തത്തിനു പകരം കോപ്പര്‍നിക്കസ് അവതരിപ്പിച്ച സൂര്യകേന്ദ്ര സിദ്ധാന്തം. അതുവരെയുള്ള എല്ലാ നിരീക്ഷണങ്ങളും ഒട്ടും സങ്കീര്‍ണ്ണതയും വളഞ്ഞു ചുറ്റിയുള്ള അനുമാനങ്ങളും ഇല്ലാതെ  ഭംഗിയായി വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിന് പറ്റുന്നുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനവും മറ്റും കണക്കാക്കാന്‍ വളരെ എളുപ്പം. ഉപസഞ്ചാര പഥങ്ങള്‍ കൊണ്ടുള്ള കളികളൊന്നും വേണ്ട. 1514 മുതല്‍ തന്റെ കണ്ടുപിടുത്തം സ്വകാര്യമായി പ്രചരിപ്പിച്ചു തുടങ്ങി. ഈ സൌരകേന്ദ്ര സിദ്ധാന്തം കൊണ്ടും വിശദീകരിക്കാനാകാത്ത അനേകം കാര്യങ്ങളുണ്ട്. അതുകൊണ്ട് അടുത്ത ഇരുപത്തഞ്ചു വര്‍ഷം കോപ്പര്‍നിക്കസ് ഈ സിദ്ധാന്തത്തിന്റെ മിനിക്കുപണിയിലായി. ആകാശം നിരീക്ഷിച്ച് കൂടുതല്‍ ഡാറ്റകള്‍ സംഭരിച്ച് ആവശ്യമെന്നു കണ്ട പരിഷ്കാരങ്ങള്‍ വരുത്തി. ഒടുവില്‍ 1543 ല്‍ തന്റെ മരണക്കിടക്കയില്‍ ഒരു പുസ്തകമായി പുറത്തിറക്കി. സാധനം ചൂടപ്പം പോലെ വിറ്റു പോയി. (തന്റെ ആശയങ്ങള്‍ പ്രചരിക്കുന്നത് കാണാന്‍ കോപ്പര്‍ക്കസ് ഉണ്ടായില്ല. പുസ്തകം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അന്തരിച്ചു.)

സാധാരണ പറയപ്പെടുന്ന പോലെ സൂര്യകേന്ദ്ര സിദ്ധാന്തം ഭൂമിയുടെ പ്രാധാന്യം കറച്ചു എന്നൊരു ആരോപണമൊന്നും കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തിന്റെ നേര്‍ക്കുണ്ടായില്ല എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അങ്ങനൊരു പ്രാധാന്യമൊന്നും ആരും ഭൂമിക്ക്  നല്‍കിയിരുന്നുമില്ല. (അത്തരം കഥകളൊക്കെ വരുന്നത് പത്തൊന്‍പതാം നുറ്റാണ്ട് മുതലാണ്‌.) 1543 ല്‍ പ്രസിദ്ധീകരിച്ച കോപ്പര്‍നിക്കസ്സിന്റെ പുസ്തകത്തിനെതിരെ1616 ല്‍ ഗലിലീലിയോയുമായുള്ള കശപിശക്കിടയിലാണ് സഭ തിരിയുന്നത്. കോപ്പര്‍ക്കസ് സിദ്ധാന്തം സഭാവിശ്വാസത്തിന്  എതിരായിരുന്നു എന്ന ആരോപണം ശരിയായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ നിരോധനം മുന്‍പുണ്ടായില്ല? എന്തുകൊണ്ട് പോപ്പ് മുതല്‍ താഴോട്ടുള്ളവര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു? അപ്പൊ പിന്നെ ഈ ഗലീലിയോക്ക് മാത്രം എന്താ പറ്റീത്? വേറാര്‍ക്കും ഒരു പ്രശ്നോം ഉണ്ടായില്ലല്ലോ?

1609 ലാണ് ഗലീലിയോ ടെലസ്കോപ്പിലൂടെയുള്ള തന്റെ വാനനിരീക്ഷണം തുടങ്ങുന്നത്. ചന്ദ്രനിലെ മലകളും ഗര്‍ത്തങ്ങളും, സൂര്യനിലെ കളങ്കങ്ങള്‍, വ്യാഴത്തെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍‍, ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ ഒക്കെ അദ്ദേഹം ടെലസ്കോപ്പിലൂടെ കണ്ട് രേഖപ്പെടുത്തുന്നു. തന്റെ കണ്ടെത്തലുകള്‍ The Starry Messenger എന്ന പേരില്‍ ഒരു ചെറു പുസ്തകമായി പ്രസിദ്ധീകരിച്ചു. ഇതില്‍ ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ അരിസ്റ്റോട്ടില്‍-ടോളമി മോഡലിന് അല്‍പ്പം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു നിരീക്ഷണമാണ്. അരിസ്റ്റോട്ടില്‍-ടോളമി മോഡല്‍ പ്രകാരം ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ ഭൂമിയില്‍നിന്ന്  കാണാന്‍ സാധിക്കില്ല. ആ മോഡലിനു വിരുദ്ധമായി ചൊവ്വ സൂര്യനെ ചുറ്റുകയാണെങ്കിലേ ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ കാണാന്‍ സാധ്യമാകൂ. ചന്ദ്രനിലെ കുഴികളും, സൂര്യനിലെ കളങ്കങ്ങളും അരിസ്റ്റോട്ടിലിന്റെ എല്ലാം തികഞ്ഞ ഗോളങ്ങളാണ് ഗ്രഹങ്ങള്‍ എന്ന ധാരണക്ക് എതിരാണ്. അതുപോലെ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ കാര്യവും അരിസ്റ്റോട്ടില്‍-ടോളമി മോഡല്‍ കണക്കാക്കുന്നില്ല. അങ്ങനെ1400 വര്‍ഷങ്ങള്‍ക്കു ശേഷം അരിസ്റ്റോട്ടില്‍-ടോളമി മോഡലിന്റെ അടിത്തറ കാര്യമായി ആടിത്തുടങ്ങി. (ശരിക്കും അതിനു മുന്‍പ് തന്നെ ആട്ടം തുടങ്ങിയിരുന്നു. ടൈക്കോ ബ്രാഹി 1573 ല്‍ തന്നെ ചില അരിസ്റ്റോട്ടിലിയന്‍ കല്പനകള്‍ തെറ്റാണെന്ന് കാണിച്ചിരുന്നു.)

ജെസ്യൂട്ട്  പാതിരിമാരാണ് ഗലീലിയോയുടെ അഭിപ്രായങ്ങള്‍ക്ക് ആദ്യം എതിര്‍പ്പുമായി വന്നത്. അവരായിരുന്നു അക്കാലത്ത് വാനശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും (theology) ഒരുപോലെ മുന്‍പര്‍. അവരുമായി പല കാര്യങ്ങളിലും ഗലീലിയോക്ക് ശത്രുതയുണ്ടായിരുന്നു. ഇതിനിടക്ക്‌ ഗലീലിയോവിന്റെ വ്യക്തിത്വത്തെക്കുറിച്ചും പറയേണ്ടതുണ്ടെന്നു തോന്നുന്നു. ഒട്ടും മയമില്ലാത്ത പെരുമാറ്റം മൂലം ഒരു കാര്യവുമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. സ്വന്തം ബുദ്ധശക്തിയെക്കുറിച്ചുള്ള അമിതമായ മതിപ്പായിരിക്കാം കാരണം. സൂര്യനില്‍ കാണുന്ന കളങ്കങ്ങള്‍ ആരാണ് ആദ്യം കണ്ടു പിടിച്ചത് എന്നതിനെ ചൊല്ലി ക്രിസ്‌റ്റഫര്‍ ഷീനര്‍ എന്ന ജെസ്യൂട്ട്  പാതിരിയുമായി ഗലീലിയോ മുട്ടന്‍ വഴക്കായി. ഈ വഴക്ക് ബാക്കി ജീവിതകാലം മുഴുവന്‍ നീണ്ടു നിന്നു. പില്‍കാലത്ത് അദ്ദേഹത്തിനെതിരെ നടപടികളുണ്ടാകാന്‍ ഷീനറുടെ ഉപജാപവും കാരണമായി. (രസമെന്താന്നു വച്ചാല്‍ ഇവര്‍ രണ്ടു കൂട്ടരുമല്ല ആദ്യമായി സൂര്യകളങ്കങ്ങള്‍ കണ്ടെത്തിയത്. അത് ചൈനീസ് ശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കണ്ടെത്തിയിരുന്നു.)

ടെലസ്കോപ്പിലൂടെയുള്ള വാനനിരീക്ഷണത്തില്‍ ജെസ്യൂട്ടുകള്‍ ചില പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ടെലസ്ക്കോപ്പിലൂടെ കാണുന്നത് സത്യമാണ് എന്നെങ്ങിനെ അറിയും? ഇന്നത്തെ നിലവാരം വച്ച് ഒരു കളിപ്പാട്ടം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ടെലസ്ക്കോപ്പ്. നല്ല HD ക്വാളിറ്റിയിലാണ് ഗ്രഹങ്ങളെ അതിലൂടെ കാണുന്നത് എന്നൊന്നും ധരിക്കണ്ട. അതിലൂടെ നോക്കി ഒന്നും കാണാത്തവരും ഉണ്ടായിരുന്നു. ടെലസ്ക്കോപ്പിന്റെ  പ്രവര്‍ത്തന തത്വങ്ങളെക്കുറിച്ചോ ഒപ്ടിക്സിനെക്കുറിച്ചോ അന്ന് ആര്‍ക്കും ഒരറിവുമില്ല. അതിലൂടെ കാണുന്നത് വെറും മായകാഴ്ച്ച (”conceited illusions of the lenses”) ആണെങ്കില്‍?(ദൈവശാസ്ത്രത്തിലും പ്രഗത്ഭരായ അവര്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ ഒന്നും ബൈബിള്‍ സംബന്ധമായിരുന്നില്ല എന്നും ശ്രദ്ധിക്കുക.) എങ്കിലും ടെലസ്ക്കോപ്പിലൂടെ കാര്യങ്ങള്‍ നേരിട്ട് കണ്ട അവര്‍ ഗലീലിയോവിന്റെ മിക്കവാറും നിരീക്ഷണങ്ങള്‍ ശരിവച്ചു.

ഗലീലിയോ അവകാശപ്പെടുന്നപോലെ ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ അദ്ദേഹത്തിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിനു മതിയായ തെളിവല്ല. ചൊവ്വ സൂര്യനെയാണ് ചുറ്റുന്നത്‌ എന്ന് മനസ്സിലായി. അതുവഴി അരിസ്റ്റോട്ടില്‍ മോഡല്‍ തെറ്റാണെന്ന് പറയാം. പക്ഷേ ഭൂമി ചലിക്കുന്നതായി സ്ഥാപിക്കാന്‍ അത് പോരല്ലോ. ഈ വിഷയത്തിലുള്ള ചര്‍ച്ചയില്‍ അധികം സൂചിപ്പിക്കപ്പെടാത്ത മറ്റൊരു പ്രധാന കാര്യം കൂടി പറയേണ്ടതുണ്ട്. അരിസ്റ്റോട്ടില്‍-ടോളമി മോഡലും, കോപ്പര്‍നിക്കന്‍ മോഡലും മാത്രമൊന്നുമല്ല അന്ന് നിലവിലുണ്ടായിരുന്നത്. ടൈക്കോ ബ്രാഹിയുടെ (Tycho Brache) ഭാഗിക സൂര്യകേന്ദ്ര സിദ്ധാന്തമായിരുന്നു ഒരു പ്രധാന എതിരാളി. ഈ മോഡല്‍ പ്രകാരം ഭൂമിയൊഴിച്ചുള്ള ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നു. സൂര്യനും ഗ്രഹങ്ങളും ചലിക്കാതെ നില്‍ക്കുന്ന ഭൂമിയെ ചുറ്റുന്നു. അരിസ്റ്റോട്ടിലിയന്‍ മോഡലിന്റേയും കോപ്പര്‍നിക്കന്‍ മോഡലിന്റേയും ഒരു സങ്കരം. ഈ മോഡല്‍ പ്രകാരവും ചൊവ്വയുടെ വൃദ്ധിക്ഷയങ്ങള്‍ ഭൂമിയില്‍നിന്നു  കാണാം. (സത്യത്തില്‍ ഇത്തരത്തില്‍ ഒരു അര ഡസന്‍ മോഡലുകളെങ്കിലും പ്രപഞ്ചത്തേക്കുറിച്ച് സാധ്യമാണ്. ഏതു ഗ്രഹത്തെയാണ് നിരീക്ഷിക്കുന്നത് അത് സൂര്യനെ ചുറ്റുന്നതായും, ബാക്കിയെല്ലാം സ്ഥിരമായി നില്‍ക്കുന്ന ഭൂമിയെ ചുറ്റുന്നതായും സങ്കല്‍പ്പിച്ചാല്‍ മതിയല്ലോ.)

(വേറൊരു രസം കൂടി പറയാം. ടൈക്കോ ബ്രാഹി ഈ മോഡല്‍ അവതരിപ്പിക്കുന്നതിനു ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ ലോകത്തിന്റെ വേറൊരറ്റത്ത് ഒരാള്‍ ഈ ഭാഗിക സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചിരുന്നു. മലയാളിയായ നീലകണ്‌ഠ സോമയാജി. ഒരു വ്യത്യാസമുള്ളത് ടൈക്കോ ബ്രാഹിയുടെ  ഭൂമി ചലിക്കാതെ നില്‍ക്കുമ്പോള്‍ നീലകണ്‌ഠ സോമയാജിയുടെ ഭൂമി പമ്പരം പോലെ കറങ്ങുന്നുണ്ട്. അപ്പോള്‍ ശരിക്കും കൂടുതല്‍ ശരി ഇദ്ദേഹത്തിന്റെതാണ് എന്ന് പറയേണ്ടിവരും.)

ഗണിതശാസ്ത്രപരമായി ബ്രാഹിയുടെ ടൈക്കോണിക്ക് മോഡലും (നീലകണ്‌ഠ സോമയാജി മോഡല്‍) കോപ്പര്‍നിക്കന്‍ മോഡലും തുല്യമാണ്. ഒരു വ്യത്യാസവുമില്ല. ലഭ്യമായ എല്ലാ തെളിവുകളും കോപ്പര്‍നിക്കന്‍ മോഡലും ടൈക്കോണിക്ക് മോഡലും ഒരുപോലെ പിന്തുണക്കുന്നതാണ്. പക്ഷേ ടോളമി മുതല്‍ എല്ലാവരും സൌരകേന്ദ്ര സിദ്ധാന്തത്തിന്  എതിരെ ഉന്നയിക്കുന്ന വാദം- നക്ഷത്ര സ്ഥാനവ്യത്യാസം (Stellar parallax ഭൂമിയില്‍ നിന്ന് ആറു മാസത്തെ ഇടവേളയില്‍ കാണുന്ന ഒരേ നക്ഷത്രത്തിന്റെ സ്ഥാനം ആകാശത്ത് അല്പം വ്യത്യാസപ്പെട്ടു കാണണം.) കണ്ടെത്താന്‍ ഗലീലിയോയുടെ ടെലസ്കോപ്പിനും കഴിയുന്നില്ല. അത് സംശയാതീതമായി തെളിയിക്കപ്പെടുന്നത് 1838 ല്‍ മാത്രമാണ്.

ഇനി ഗലീലിയോ പറയുന്നപോലെ ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നുണ്ടെങ്കില്‍ കോറിയോളിസ് പ്രഭാവം (Coriolis Effect) എന്നൊന്ന് കാണപ്പെടണം. അതായത് ഭൂമി കറങ്ങുന്നുണ്ടെങ്കില്‍ വടക്ക് ദിശയിലേക്കു പായിക്കുന്ന ഒരു പീരങ്കിയുണ്ട അല്‍പ്പം കിഴക്കോട്ട് മാറിയായിരിക്കും താഴെ പതിക്കുക. ഇതും അളക്കാന്‍ അക്കാലത്ത് ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. (ഗലീലിയോ ഇത്തരമൊരു പരീക്ഷണത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അത് ചെയ്തതായോ, അതില്‍ വിജയിച്ചതായോ പറയുന്നില്ല.) അത് തെളിയിക്കപ്പെടുന്നത് 1789 ല്‍ മാത്രമാണ്.