സ്വയം ശക്തനെന്നു വിളിച്ച ദുർബലനായ ഒരു തമ്പുരാനും തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങളും
ശക്തൻ തമ്പുരാന് എത്രമാത്രം ശക്തിയുണ്ട്?
ചരിത്രം പരിശോധിച്ചാൽ വലിയ ശക്തിയൊന്നും കാണാനില്ല. 1790 മുതൽ 1805 വരെയാണ് അദ്ദേഹം കൊച്ചി രാജ്യം ഭരിച്ചത്. ഭരണമേറ്റെടുത്ത ഉടനെ തന്നെ 1791 ൽ ടിപ്പുവിനെ പേടിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാൽക്കൽ പോയി വീണ് ” രക്ഷിക്കണേ” എന്നുള്ള ഒരു ഉടമ്പടി ഒപ്പു വെച്ചതായി കാണുന്നുണ്ട്. ആ ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാരുടെ ആശ്രിത രാജ്യമായി കൊച്ചി മാറി . പിന്നെ എവിടെയാണ് ശക്തന്റെ ഈ ശക്തി.? ഇദ്ദേഹത്തിന്റെ മുൻഗാമികൾ കൊച്ചിയെ ഹൈദരലിക്ക് അടിയറ വെക്കുകയും കപ്പം കൊടുത്ത് ഖജനാവ് മുടിപ്പിക്കുകയും ചെയ്തു. മാസം തോറും ഒരു ലക്ഷം സ്വർണ്ണ നാണയങ്ങളും നാല് ആനകളും വാർഷിക കപ്പമായി മുപ്പതിനായിരം വേറെയും കൊടുത്ത് കുമ്പിട്ട് കൈകൂപ്പി അവർ ശക്തി തെളിയിച്ചു പോന്നു. പുലിമുരുഗനെയും ചാർളിയെയും തള്ളി ആകാശത്തോളം ഉയരത്തിൽ നിർത്തിയ സിനിമാ ബിൽഡപ്പ് പോലെ ദ്രവ്യം കൊടുത്ത് ആളെ നിർത്തി മുഖസ്തുതി പറയിച്ചായിരിക്കും ദുർബലനായ രാമവർമ്മ കുഞ്ഞിപിള്ള എന്ന ഈ തമ്പുരാൻ “ശക്തൻ തമ്പുരാനായി ” മാറ്റിയതെന്ന് ചരിത്രത്തിലൂടെ കണ്ണോടിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ഈ ദുർബലനായ തമ്പുരാനാണ് തൃശൂർ പൂരം തുടങ്ങിവെച്ചതെന്നാണ് ഐതിഹ്യം .
ഒരു പിടിയും കിട്ടാത്ത ആചാരങ്ങൾ
ആരു തുടങ്ങിവെച്ചാലും ആൾക്കാരെ പൊട്ടൻമാരാക്കുന്ന ഒരു പാട് വെറുപ്പീര് ആചാരങ്ങൾ ഈ പൂരത്തിന്റെ വലിയ പ്രത്യേകതയായിട്ടാണ് നടത്തിപ്പു ഭരണ സമിതിക്കാരായ നായൻമാർ പ്രഘോഷിക്കാറുള്ളത്.
ഇതിന് വേണ്ടി ആയിരക്കണക്കിനാളുകളെ നട്ടുച്ച വെയിൽ കൊള്ളിക്കാൻ ഈ മഹാൻമാർക്കൊരു മടിയുമില്ല. എന്നാൽ എന്താണ് ഈ ആചാരങ്ങളുടെ സാംഗത്യമെന്നൊന്നും ചോദിച്ച് പോകരുത്.കുറച്ചു നാൾ മുമ്പ് ഒരു ട്രോൾ പോസ്റ്റിൽ സൂചിപ്പിച്ചത് പോലെയാണ് ഇവിടുത്തെ ആചാരങ്ങൾ .
ആ ട്രോൾ ഇങ്ങനെ;
അമ്പലം പ്രദക്ഷിണം വെക്കുന്ന അനേകം ഭക്തരിൽ ഒരാൾ പ്രദക്ഷിണവഴിയിലെ ചാണകത്തിൽ ചവിട്ടി . പുളളി തൊട്ടടുത്ത കണ്ട കരിങ്കല്ലിൽ കാൽ കൊണ്ടുരച്ച് കാലിലെ ചാണകം കളയാൻ ശ്രമിച്ചു. പിറകെ വന്നിരുന്ന ഭക്തർ കരിങ്കല്ലിൽ കാലുരക്കുന്ന ഈ പ്രവൃത്തി കണ്ട് അതും ഒരു ക്ഷേത്രാചാരമെന്ന് ധരിച്ചു. നമ്മുടെ പുള്ളി കരിങ്കല്ലിൽ നിന്നും കാലെടുക്കേണ്ട താമസം പിറകെ വന്നവരും കരിങ്കല്ലിൽ കാലുരക്കാൻ ക്യൂ നിന്നു. അത് പിന്നെ ഒരു ക്ഷേത്രാചാരമായി.
ഇത്തരത്തിൽ രൂപം പ്രാപിച്ച ഒരു പാടാചാരങ്ങൾ തൃശൂർ പൂരത്തിലുണ്ട്. ആനകൾ തെക്കോട്ടിറങ്ങി മുനിസിപ്പൽ ഓഫീസിനു മുന്നിൽ പോയി തിരിച്ചു വരാറുണ്ട്. അതെന്തിനാണെന്നു ചോദിച്ചാൽ പലർക്കും പല വ്യാഖ്യാനങ്ങളാണ്. പടിഞ്ഞാറെ നടയിറങ്ങി നടുവിലാൽ പോയി ആനകൾ തിരിച്ചു വരുന്ന മറ്റൊരാചാരമുണ്ട്. ഇത്തരത്തിൽ ഒരു പുസ്തകം തന്നെ എഴുതാവുന്നത്ര ആചാരങ്ങളുണ്ട്.
36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ കേളി കേട്ട പൂരം കാണാൻ തൃശൂർ നഗരവാസികളധികവും വരിക പൂര പിറ്റേന്നാണ്. സ്ത്രീകളും കുട്ടികളുമൊക്കെ ഒരുപാടുണ്ടാകും. ഉച്ചഭക്ഷണമൊക്കെ വീട്ടിൽ തയ്യാറാക്കി വെച്ചാണ് അവരൊക്കെ പൂരം കാണാൻ വരിക. അസ്സല് മേളമായിരിക്കും. ഇലഞ്ഞിത്തറയേക്കാൾ കേമം. ഉച്ചക്ക്12 മണിക്ക് പൂരമവസാനിക്കും. അപ്പോൾ ഒരു വെടിക്കെട്ടുണ്ട്. അത് കണ്ടതിനു ശേഷം മാത്രമെ ജനം മടങ്ങൂ. തൃശൂർ പൂരത്തിന് രണ്ട് ടീംസുണ്ടല്ലോ. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ .
പൂരം കഴിഞ്ഞാൽ അവർ ഉപചാരം ചൊല്ലി പിരിയുന്ന ഒരു ആചാരമുണ്ട്. രണ്ട് ആനകളുടെ പുറത്തിരുന്നുള്ള ഒരു പൊട്ടൻ കളി. രണ്ട് ആനകളും തുമ്പികൈയ്യുയർത്തും . അല്ല ഉയർത്തിപ്പിക്കും. അടുത്ത പൂരത്തിന് കാണാമെന്ന്പ റഞ്ഞ് ഭഗവതിമാർ പിരിയുകയാണെന്നാണ് ഇതു കാണുന്ന വ്യാഖ്യാന ഫാക്ടറിക്കാരുടെ തള്ള്. പക്ഷെ എല്ലാ ശിവരാത്രിക്കും ഇതേ ഭഗവതിമാരും പൂരത്തിൽ പങ്കെടുക്കാറുള്ള ദേവകളുമെല്ലാം വടക്കുംനാഥന്റെ മതിൽ കെട്ടിനുള്ളിൽ സംഗമിച്ച് ഒരു എഴുന്നുള്ളിപ്പുണ്ടാകാറുണ്ട്. പക്ഷെ വ്യാഖ്യാന ഫാക്ടറികൾ അത് പുറത്തു പറയാറില്ല. ഒരു വർഷത്തേക്ക് രണ്ടു ഭഗവതിമാർ പിരിയുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന സെന്റിമെൻറ് പോകാതിരിക്കാനാണത്രെ ഇക്കാര്യം മറച്ചുവെക്കുന്നത്.
ഈ പൊട്ടൻ കളിക്കു വേണ്ടി വിശന്ന വയറുമായി നട്ടുച്ചക്ക് വെയിലും കൊണ്ട്ആ ബാലവൃദ്ധം ജനം കാത്തു നിൽക്കേണ്ടത് ഒരു മണിക്കൂർ. 12 മണിക്ക് പൂരം കഴിഞ്ഞ് ഒരു മണിയോടെ വെടിക്കെട്ട് കഴിഞ്ഞ് പോകേണ്ട ജനത്തെ നിർത്തി പരമാവുധി വെറുപ്പിക്കും. പോലീസുകാർ ഓരോ ഓലപ്പടക്കവും തരിച്ചു മറിച്ചു നോക്കി വെടിക്കെട്ടിന് ഓർഡർ കൊടുക്കുമ്പോൾ ഒന്നേ മുക്കാൽ. ഇത് കഴിഞ്ഞാൽ അടുത്ത ടീമിന്റെ വെടിക്കെട്ട് പരിശോധന. പോലീസ് മുറ കഴിഞ്ഞ് പടക്കം പൊട്ടുമ്പോൾ സമയം രണ്ടര.
നായൻമാരുടെ അയിത്തം.
ആചാരം പാലിച്ച് പാലിച്ച് അയിത്തവും ആചാരമാക്കിയവരാണ് തൃശൂരിലെ പൂര നടത്തിപ്പുകാർ. പുരകമ്മിറ്റി ഭരണ സമിതിയിൽ നായൻമാർ മാത്രമെ പാടുള്ളുവെന്ന ദുരാചാരം ഇന്നും പാലിച്ചു പോരുന്നു. തോരണക്കാലിനു കുഴികുത്തലും ആന പിണ്ഡം പെറുക്കി വഴി വൃത്തിയാക്കലുമൊക്കെയാണ് ചോമ്മാരുടെയും വേട്ടുവൻമാരുടെയും പൂരാവകാശം. ഹിന്ദു എത്ര ഉണർന്നാലും നന്ദിലത്ത് ഗ്രൂപ്പിന് എത്ര കാശുണ്ടായാലും തൃശൂർ പൂര നടത്തിപ്പിൽ താഴ്ന്ന ജാതിക്കാരന് ഈ പങ്കാളിത്തമെ കിട്ടൂ, കാരണം അയിത്തവും മാറ്റാൻ കഴിയാത്ത ഒരു തൃശൂർ പൂര ആചാരമാകുന്നു.