കോപ്പര്‍നിക്കസ്സിനു മുന്‍പും ചില പാതിരിമാര്‍ തന്നെ ഭൂമി ചലിക്കുണ്ടാകാം എന്ന് സങ്കല്പ്പിച്ചിട്ടുണ്ട്. കുറഞ്ഞ പുള്ളികളൊന്നുമല്ല. ഒരു ബിഷപ്പായ നിക്കോളി ഒറീസേം പതിനാലാം നൂറ്റാണ്ടിലും, ഒരു കര്‍ദ്ദിനാളായ നിക്കോളാസ് (Nicholas of Cusa) പതിനഞ്ചാം നൂറ്റാണ്ടിലും. കോപ്പര്‍നിക്കസ് 1543 ലാണ് അദ്ദേഹത്തിന്റെ പുസ്തകം ”On the revolution of heavenly spheres” പ്രസിദ്ധീകരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ച് 73 വര്‍ഷം കഴിഞ്ഞ് 1616 ലാണ് ഗലീലിയോക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് സഭ കോപ്പര്‍നിക്കസ്സിന്റെ പുസ്തകം നിരോധിക്കുന്നത്. (പുസ്തകം നിരോധന ലിസ്റ്റില്‍ 1835 വരെ ഉണ്ടായിരുന്നെങ്കിലും നാല് വര്‍ഷത്തിനു ശേഷം അതിലെ ആകെ ഒന്‍പത് വാചകങ്ങളിലെ തിരുത്തലുകള്‍ക്ക് ശേഷം പുസ്തകം വീണ്ടും വിപണിയിലുണ്ടായിരുന്നു.) അപ്പോള്‍ അതുവരെ ഇല്ലാത്ത വിരോധം സൌരകേന്ദ്ര സിദ്ധാന്തം പ്രസിദ്ധീകരിച്ച് 73 വര്‍ഷങ്ങള്‍ക്കു ശേഷം അതിനെ പിന്തുണച്ചു എന്ന പേരില്‍ ഗലീലിയോവിനോട് അദ്ദേഹത്തിന്റെ വയസ്സുകാലത്ത് തോന്നിയതെന്തുകൊണ്ടായിരിക്കും? അതും ഗലീലിയോ സൂര്യകേന്ദ്ര സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം? (1610 മുതലാണ് ഗലീലിയോ കാര്യമായി ഈ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത്.1633ലാണ് അദ്ദേഹത്തിനെതിരെ നടപടിയും ശിക്ഷയുമൊക്കെ വരുന്നത്. അപ്പോള്‍ അദ്ദേഹത്തിന് 69 വയസ്സ്.) എന്തായിരിക്കും കാര്യം?
പറഞ്ഞു കേള്‍ക്കുന്ന കഥകളില്‍ കണ്ടമാനം അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ഉണ്ട് എന്നാണ് ആധുനിക ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നത്. ഈ പോസ്റ്റിന്റെ രത്നചുരുക്കം ആദ്യമേ പറയാം.
(1) സാധാരണ പറഞ്ഞു കേള്‍ക്കുന്നപോലെ കോപ്പര്‍നിക്കസ്സോ, ഗലീലിയോയോ ഭൂമി സ്വന്തം അച്ചുദണ്ഡില് കറങ്ങുന്നുണ്ട് എന്നോ ഭൂമി സൂര്യനെ ചുറ്റുന്നുണ്ട് എന്നോ തെളിയിച്ചിട്ടില്ല.
(2) സഭക്ക് ഗലീലിയോവുമായി ഉണ്ടായിരുന്ന പ്രശ്നം ശാസ്ത്ര സംബന്ധി എന്നതിനേക്കാള്‍ ദൈവശാസ്ത്രവും, അക്കാലത്തെ രാഷ്ട്രീയവും, ഗലീലിയോവുമായി ചിലര്‍ക്കുണ്ടായിരുന്ന വ്യക്തിവിരോധവും ഒക്കെ കൂടി കുഴഞ്ഞതായിരുന്നു.
(3) സഭയില്‍നിന്ന് ഗലീലിയോവിന് ഒരു തരത്തിലുള്ള ശാരീരിക പീഡനവും ഏറിറട്ടില്ല. അദ്ദേഹത്തിന് നല്കിയ വീട്ടു തടങ്കല്‍ എന്ന ശിക്ഷ പോലും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെയും കാര്യമായി ബാധിച്ചില്ല.
ഗലീലിയോ സംഭവത്തേക്കുറിച്ച് കൂടുതല്‍ പറയുന്നതിന് മുന്‍പ് കത്തോലിക്കാ സഭക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പിന്തിരിപ്പനായ മറ്റു പല അനുബന്ധ ധാരണകളെക്കുറിച്ചും പറയേണ്ടതുണ്ട്. ഭൂമി പരന്നതാണ് എന്നാണ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ കത്തോലിക്കാ സഭ പഠിപ്പിച്ചിരുന്നത്, വേദപുസ്തകത്തിന് വിരുദ്ധമായതുകൊണ്ട് ഭൂമി ശരിക്കും ഒരു ഗോളമാണ് എന്ന് തിരുത്താന്‍ ശ്രമിച്ചവരെ സഭ ഉപദ്രവിച്ചു, കോപ്പര്‍നിക്കസ്സിന്റെ ഭൂകേന്ദ്ര സിദ്ധാന്തം വിശേഷപ്പെട്ട സൃഷ്ടിയായ ഭൂമിയുടെ സ്ഥാനം കുറച്ചതുകൊണ്ടാണ് ( ഭൂമി ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്, അതായത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നാണ് സഭയുടെ നിലപാട് എന്ന് വംഗ്യം.) അത് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഗലീലിയോ പീഢിപ്പിക്കപ്പെട്ടത്, സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞ ശാസ്ത്രജ്ഞനായ ബ്രൂണോയെ ചുട്ടുകൊന്നു, ന്യൂട്ടന്റെ ചലന നിയമങ്ങള്‍ ഗ്രഹങ്ങളെ തള്ളിനടക്കുന്ന മാലാഖമാരെ ആവശ്യമില്ലാതാക്കി, (അങ്ങനെ മാലാഖമാരെ ഉപയോഗിച്ചാണ് ദൈവം പ്രപഞ്ചത്തെ ചലിപ്പിക്കുന്നത് എന്നായിരുന്നു കത്തോലിക്കാസഭയുടെ നിലപാട് എന്ന് വംഗ്യം.)
”Contrary to popular belief, the church did not insist on a flat earth; there was scarcely a Christian scholar of the Middle Ages who did not acknowledge its sphericity and even know its approximate circumference.” Ronald L Nunbers
ഭൂമി പരന്നതാണ് എന്ന് കത്തോലിക്കാ സഭ ശരിക്കും വിശ്വസിച്ചിരുന്നോ? ഭൂമി ഒരു ഗോളമാണ് എന്ന് പണ്ട് മുതലേ അല്പസ്വല്പ്പം വായിച്ചറിവുള്ളവര്ക്കൊക്കെ അറിവുള്ള കാര്യമായിരുന്നു എന്നതാണ് സത്യം. ആ ഒരു ധാരണയില്ലാതെ കടല്‍ യാത്ര ഏറെക്കുറെ അസാധ്യമാണ്. കടല്‍ യാത്രക്കാര്‍ക്ക് ഭൂമി പരന്നതോ ഉരുണ്ടതോ എന്നത് അക്ഷരാര്‍ഥത്തില്‍ ഒരു ജീവന് മരണ പ്രശ്നമായിരുന്നു. ഭൂമി വലിയൊരു ഗോളമാണ് എന്ന ബോധ്യമില്ലെങ്കില്‍ ദൂര യാത്രകളില്‍ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കടലില്‍ സ്വന്തം സ്ഥാനം നിര്‍ണയിക്കുന്നത് അസാധ്യമാകും. ‘പരന്ന’ ഭൂമിയുടെ മാപ്പുകള്‍ക്ക് കൃത്യതയുണ്ടാകില്ല. കൂടുതല്‍ അകലേക്ക് പോകും തോറും മാപ്പുകളുടെ കൃത്യത കുറഞ്ഞു വരും. അവരൊന്നും കടല്‍ യാത്ര ചെയ്ത് ലോകത്തിന്റെ പല ഭാഗത്തും എത്തുമായിരുന്നില്ല. നമ്മുടെ പൂര്‍വ്വികര്‍ കടല്‍ യാത്ര ചെയ്തു എല്ലായിടത്തും എത്തിയിരുന്നു എന്നത് തന്നെ അവര്‍ക്ക് ഭൂമി ഒരു ഗോളമായിരുന്നു എന്ന് ബോധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ്.
അരിസ്റ്റോട്ടില്‍ (384-322 BCE) ഇരാറ്റോസ്തനീസ്(250 BCE), അരിസ്റ്റാര്‍ക്കസ് (310-230 BCE) ടോളമി (90-168 ACE), മുതിര്‍ന്ന പ്ലിനി (Pliny the elder 23-79ACE), പോമ്പോണിയസ് മേള (ഒന്നാം നൂറ്റാണ്ട്), മാക്രോബിയസ് (നാലാം നൂറ്റാണ്ട്) മുതലായവരൊക്കെ ഭൂമി ഗോളമാണ് എന്ന വ്യക്തമായ ധാരണയുള്ളവരായിരുന്നു, ഇവരില്‍ പലരുടെയും ഈ നിഗമനം ഭാഗികമായെങ്കിലും തത്വശാസ്ത്രപരമായിരുന്നു എങ്കിലും. ബ്രഹ്മാണ്ഡത്തിന്റെ (celestial sphere) മധ്യത്തിലുള്ള ഭൂമിയും ഒരു ഗോളമായിരിക്കണം (ഒരു മുട്ടപോലുള്ള പ്രപഞ്ചത്തിന്റെ ഉള്ളില്‍ മഞ്ഞക്കരു പോലെ ഭൂമി.) എന്നായിരുന്നു ഒരു ന്യായം. അതല്ലാതെ ഗണിത ശാസ്ത്രപരമായ തെളിവുകളും അവര്‍ നിരത്തുന്നുണ്ട്.
ഭൂമിയുടെ ഗോളാകൃതിക്ക് അരിസ്റ്റോട്ടില്‍ നിരത്തുന്ന കാരണങ്ങള്‍ പ്രസിദ്ധമാണ്. (ഇപ്പോഴും സ്കൂളുകളില്‍ അവ പഠിപ്പിക്കുന്നുമുണ്ട്.) (1) നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന മറ്റു രണ്ടു ആകാശഗോളങ്ങള്‍, സൂര്യനും ചന്ദ്രനും….ഗോളങ്ങള്‍ തന്നെയാണ്. ചുരുങ്ങിയ പക്ഷം വൃത്താകൃതിയിലെങ്കിലുമാണ്. (2) ചന്ദ്ര ഗ്രഹണം ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് എന്ന വിശ്വസനീയമായ അറിവുണ്ട്. അത് വീക്ഷിക്കുമ്പോള്‍ എല്ലായിപ്പോഴും വൃത്താകൃതിയിലുള്ള നിഴലാണ് കാണുന്നത്. ഒരു ഗോളത്തിന്റെ നിഴല്‍ മാത്രമേ എല്ലായ്പ്പോഴും ഗോളാകൃതിയില്‍ തന്നെ കാണൂ. (3) വളരെ ഉയരത്തില്‍നിന്നു നോക്കമ്പോള്‍ ചക്രവാളം വളഞ്ഞാണ് കാണപ്പെടുന്നത്. (4) ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ കാഴ്ച മറയാതെ കൂടുതല്‍ ദൂരേക്ക് കാണാന്‍ സാധിക്കുന്നു. ഭൂമി ഒരു ഗോളമാണെങ്കിലേ അത് സാധ്യമാകൂ. (5) ദൂരെയുള്ള ഒരു കപ്പല്‍ അടുത്തുവരുമ്പോള്‍ അതിന്റെ കൊടിമരങ്ങളും മറ്റുമാണ് ആദ്യം കാണുന്നത്. (6) തെക്കോട്ട് കടല്‍ യാത്ര ചെയ്യുമ്പോള്‍ തെക്കുള്ള നക്ഷത്രകൂട്ടങ്ങള്‍ (constellations) നേരത്തെ ഉദിക്കുന്നതായി കാണുന്നു.
ക്രേറ്റസ് (Crates of Mallus) 250 BCE ല്‍ ഭൂമിയുടെ ത്രിമാന മാത്രകയായ ഗ്ലോബ് ആദ്യമായി ഉണ്ടാക്കുകയും ചെയ്തിരുന്നു. (ആ ഗ്ലോബ് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു. ഇപ്പോള്‍ ഏറ്റവും പഴക്കമുള്ള ഗ്ലോബ്, മാര്ട്ടിന് ബെഹിം1492 ല്‍ നിര്‍മ്മിച്ച Erdapfel (‘earth apple’ എന്നാണ് ഈ ജര്‍മ്മന്‍ വാക്കിനര്‍ത്ഥം) എന്ന ഗ്ലോബാണ്.) ഇരാറ്റോസ്തനീസ് 250 BCE യില്‍ തന്നെ ഭൂഗോളത്തിന്റെ വലുപ്പം ഏറെക്കുറെ കൃത്യമായി അളക്കുകയും ചെയ്തിരുന്നു.
പിന്നെ യുക്തിവാദികള്‍ പോലും തെറ്റിദ്ധരിക്കുന്ന പോലെ ബൈബിളില്‍ ഒരിടത്തും ഭൂമി പരന്നതാണ് എന്നൊന്നും പറയുന്നില്ല. (സത്യത്തില്‍ ഇസ്ലാമിന്റെ മുഹമ്മദ് ഒഴിച്ച കാര്യമായി ആരും പച്ചയായി ഭൂമി പരന്നതാണ് എന്ന അബദ്ധം പറഞ്ഞിട്ടില്ല. അവിടെ പോലും അറേബ്യന്‍ പണ്ഡിതര്‍ക്ക് ഭൂമി ഒരു ഗോളമാണെന്ന ധാരണയുണ്ടായിരുന്നു.) ഭൂമിയുടെ നാല് മൂലകള്‍ (യെശയ്യാ 11-12), ഭൂമിയുടെ അറ്റം (ഇയ്യോബ് 38-12) തുടങ്ങിയ പ്രയോഗങ്ങള്‍ ഭൂമി പരന്നതാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് വ്യഖ്യാനിച്ചാണ് ബൈബിള്‍ പരന്ന ഭൂമിയെക്കുറിച്ച് പറയുന്നു എന്ന് ആരോപിക്കുന്നത്. അതൊരു ഒരു ദുര്‍വ്യാഖ്യാനമാണ്. കാരണം അതൊക്കെ ഭൂമി ഗോളമാണ് എന്ന് പൂര്‍ണ്ണ ബോധ്യമുള്ളവരും ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളാണ്.
സഭയുടെ ആദ്യകാല പണ്ഡിതരായ അഗസ്റ്റിന് (354-430), സെയ്ന്റ് ജറോം (420), അംബ്രോസ് (420) മുതലായവര്‍ ഭൂമി ഗോളമാണ് എന്ന് ഒട്ടും മറയില്ലാതെ അംഗീകരിച്ചവരാണ്. പില്കാല പണ്ഡിതരായ തോമസ് അക്വിനാസ് (1274), റോജര്‍ ബേക്കണ്‍ (1294), ആല്‍ബര്‍ട്ടസ് മാഗ്നസ് (1280) ഒരു ആര്‍ച്ച് ബിഷപ്പായിരുന്ന പിയറി ഡി അല്ലി (1350-1410) തുടങ്ങിയവര്‍ക്കും ഭൂമി ഗോളമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അക്കാലത്തെ പ്രസിദ്ധരായ സാഹിത്യകാരന്മാരും ഭൂമിയുടെ ഗോളാകൃതി സൂചിപ്പിക്കുന്നുണ്ട്. ഡാന്റെ (1265–1321 ) അദ്ദേഹത്തിന്റെ ഡിവൈന്‍ കോമഡിയില്‍ അനേകം തവണ ഭൂമി ഒരു ഗോളമാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. അതുപോലെ ചോസറുടെ (1343 – 1400) കാന്റര്‍ബറി കഥകളിലും അത്തരമൊരു സൂചന കാണാം. (”This wyde world, which that men seye is round.”)