ചുരുക്കത്തില്‍ ഭൂമി പരന്നിരിക്കണം എന്ന് മധ്യകാലത്തെ ജനങ്ങള്‍ക്കോ കത്തോലിക്കാസഭക്കോ തന്നെ ഒരു നിര്‍ബന്ധവുമില്ലായിരുന്നു. അതവരുടെ വിശ്വാസത്തിന്റെ ഭാഗമേ ആയിരുന്നില്ല. ഫ്ളാറ്റ് എര്‍ത്ത് വിശ്വാസം താരതമ്യേനെ പുതിയ ഒന്നാണ് എന്ന് പലര്‍ക്കും അറിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ചില പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളാണ് ഇതിന്റെ പ്രചാരകര്‍. ബൈബിള്‍ വാച്യാര്‍ത്ഥ വാദികളായ, പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് യാഥാസ്ഥികരുടെ അഭിപ്രായം മധ്യകാലഘട്ടത്തിലെ യൂറോപ്പിലെ കത്തോലിക്കാ സഭയുടെ പിരടിക്ക് വച്ച് കെട്ടുന്നത് അല്‍പ്പം പരിഹാസ്യമല്ലേ? (പല ബൈബിള്‍ ഭാഗങ്ങളും സിംബോളിക് ആണെന്നാണ് ആദ്യം മുതല്ക്കു തന്നെ കത്തോലിക്കാ വിശ്വാസം.)
കൊളംബസ് 1492 ല്‍ യാത്ര തുടങ്ങുമ്പോള്‍ ഭൂമി പരന്നതാണ് എന്നായിരുന്നു കത്തോലിക്കാ സഭയുടെ സ്വാധീനം (അവരാണല്ലോ വില്ലന്മാര്) മൂലം അക്കാലത്തെ പൊതുവായ വിശ്വാസം എന്നും അത് മൂലം യാത്രക്ക് ബുദ്ധിമുട്ടുകളുണ്ടായി എന്നൊക്കെ യുക്തിവാദികള്‍ അടിച്ചു വിടുന്ന കണ്ടിട്ടുണ്ട്. (കൊളംബസിന്റെ യാത്രയോട് അക്കാലത്തുണ്ടായ എതിര്‍പ്പ് ഭൂമി പരന്നതായിരുന്നതു കൊണ്ടല്ല, മറിച്ച് അത് കൊളംബസ് കരുതുന്നതിനെക്കാള്‍ വലിയൊരു ഗോളമാണ് എന്ന് അഭിപ്രായമുള്ളതു കൊണ്ടായിരുന്നു. കൊളംബസ് ഉദ്ദേശിക്കുന്ന ചിലവിലോ സമയത്തോ ഇന്ഡ്യയിലെത്താനാവില്ല എന്നായിരുന്നു ഈ യാത്രക്ക് പണം മുടക്കേണ്ടവരുടെ വാദം. അത് സത്യവുമായിരുന്നു. അമേരിക്ക വഴി മുടക്കി കിടന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ച കൊളംബസ് എവിടെയും എത്തുമായിരുന്നില്ല.)
ഈ കൊളംബസ് കഥ വാഷിംഗ്ണ് ഇര്‍വിംഗ് എന്ന അമേരിക്കന്‍ സാഹിത്യകാരന് (നമ്മുടെ ഉറക്കക്കാരനായ റിപ്പ് വാന്‍ വിങ്കിള്‍ ഫെയിം. ജീവിതകാലം1783 -1859) എഴുതിയ കൊളംബസിന്റെ ജീവചരിത്രത്തില്‍ അദ്ദേഹം കെട്ടിച്ചമച്ചതാണ്. അതായത് പത്തൊന്‍പതാം നൂറ്റാണ്ടിലെ സൃഷ്ടി. അക്കാലത്തെ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളുടെ ഈ വിഡ്ഢിത്തം ആദ്യകാലം മുതല്ക്കുതന്നെ കത്തോലിക്കാ സഭക്ക് ഉണ്ടായിരുന്നതാണ് എന്ന മിത്ത് ഉണ്ടാക്കിയത് ഇദ്ദേഹമാണ്. കൊളംബസ് യാത്ര തുടങ്ങുന്ന വര്‍ഷം നിര്‍മ്മിക്കപ്പെട്ട ഒരു ഗ്ലോബ് (മാര്ട്ടിന് ബെഹിം1492 ല്‍ നിര്‍മ്മിച്ച Erdapfel) ഇപ്പോള്‍ നിലവിലുണ്ട് എന്നതുതന്നെ ആ കാലത്ത് പാവം കൊളംബസ്സിനു മാത്രമാണ് ഭൂമി ഒരു ഗോളമാണ് എന്ന അറിവുണ്ടായിരുന്നത് എന്ന കഥ പൊളിക്കാന്‍ അത് മാത്രം മതിയാകുന്നതാണ്. (ഈ ഗ്ലോബ് നിര്‍മ്മാതാവിനെയും സഭ പീഡിപ്പിച്ചിട്ടില്ല എന്നും ശ്രദ്ധിക്കുക.) കൊളംബസ് നല്ലൊരു കത്തോലിക്കനായിരുന്നു, കടല്‍ യാത്രയിലൂടെ താന്‍ ദൈവത്തിന്റെ ഇഷ്ട്ടമാണ് നിറവേറ്റുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. ഭൂമി ഒരു ഗോളമായിപ്പോയതുകൊണ്ട് അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസത്തിനു തരിമ്പും കോട്ടമുണ്ടായില്ല എന്നര്‍ത്ഥം. (അതിനേക്കാള്‍ കഷ്ടം ചില യുക്തിവാദികള്‍ പിന്നെയും ഇരുപതു വര്‍ഷം കഴിഞ്ഞ് മെഗല്ലന്‍ 1522 ഭൂമി ചുറ്റി സഞ്ചരിക്കുന്നതുവരെ ഈ കത്തോലിക്കാ സഭ കാരണം ജനങ്ങളെല്ലാം ഈ വിഷയത്തില്‍ അജ്ഞരായിരുന്നു എന്നും വാദിച്ചു കണ്ടിട്ടുണ്ട്.)
പരന്ന ഭൂമിയുടെ പാപഭാരം സഭയുടെ തലയില്‍ നിന്ന് മാറിയ സ്ഥിതിക്ക് മറ്റൊരു അനുബന്ധ മിത്ത് നോക്കാം. കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തം വിശേഷപ്പെട്ട സൃഷ്ടിയായ ഭൂമിയുടെ പ്രാധാന്യം കുറച്ചു ( ഭൂമി ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്, അതായത് ഏറ്റവും പ്രധാനപ്പെട്ടത് എന്നായിരുന്നു സഭയുടെ നിലപാട് എന്നാണ് ആരോപണം.) അത് കൊണ്ടാണ് സൌരകേന്ദ്ര സിദ്ധാന്തം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഗലീലിയോ പീഢിപ്പിക്കപ്പെട്ടത് എന്നാണ് വാദം. സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞതിനാണത്രെ ‘ശാസ്ത്രജ്ഞനായ’ ജിയോര്‍ഡാനോ ബ്രൂണോയെയും സഭ ചുട്ടുകൊന്നത്. (ബ്രൂണോയുടെ കഥ പിന്നെ ചര്‍ച്ച ചെയ്യാം.)
അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം (അക്കാലത്തെ അംഗീകൃത ശാസ്ത്രം) ഭൂമി പ്രപഞ്ച കേന്ദ്രമാണ് എന്നല്ല, മറിച്ച് പ്രപഞ്ച കേന്ദ്രത്തിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത് എന്നാണ് പറയുന്നത്. രണ്ടു തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ഭൂമി പ്രപഞ്ച കേന്ദ്രമാകുന്നത് ഭാരമുള്ള വസ്തുക്കളെല്ലാം ഒരു കേന്ദ്രത്തില്‍ അടിഞ്ഞുകൂടും എന്ന ന്യായം അനുസരിച്ചാണ്. സ്വഭാവികമായം കൂടുതല്‍ ഭാരമുള്ള ഭൂമി (വെള്ളം,അഗ്നി, വായു ഇവയേക്കാള്‍ ഭാരമുള്ള) കേന്ദ്ര സ്ഥാനത്ത് വരുന്നു. ഈ വീക്ഷണപ്രകാരം ആ കേന്ദ്രമാണ് ഭാരമുള്ള വസ്തുക്കളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്, അല്ലാതെ ആ കേന്ദ്രത്തിലുള്ള പദാര്‍ത്ഥമല്ല. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്ത പ്രകാരം ഒരു ആപ്പിള്‍ താഴെ വീഴുന്നത് ഭൂമി അതിനെ ആകര്‍ഷിക്കുന്നതുകൊണ്ടല്ല, പ്രപഞ്ച കേന്ദ്രമാണ് അതിനെ ആകര്‍ഷിക്കുന്നത്. അത് പ്രപഞ്ചകേന്ദ്രത്തിലേക്കാണ് വീഴുന്നത്. ഭാരമുള്ള വസ്തു കേന്ദ്രത്തില്‍ വരുന്നു എന്ന ന്യായം വച്ച് കേന്ദ്ര സ്ഥാനത്തുള്ള ഭാരമേറിയ ഭൂമി ചലനരഹിതമായും നില്ക്കുന്നു.
ഈ ഗ്രീക്ക് ഭൂകേന്ദ്രസിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നാല്‍ സകല അഴുക്കുകളും വന്നടിയുന്ന സ്ഥലമാണ്. ഒട്ടും ഗമക്ക് അവകാശമില്ലാത്ത സ്ഥാനം. ദാന്തെ (പതിനാലാം നൂറ്റാണ്ട്) അദ്ദേഹത്തിന്റെ ‘ഇര്ഫെര്ണോ’ എന്ന കൃതിയിലെ നരകം പ്രപഞ്ചകേന്ദ്രത്തിലുള്ള ഭൂമിയുടെ തന്നെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നത് അതുകൊണ്ടാണ്. മധ്യകാലത്തെ പ്രശസ്ത ക്രിസ്ത്യന്‍ പണ്ഡിതനായ തോമസ് അക്വിനാസ് (1225-1274) തന്നെ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട്. ”In the universe, earth- that all the spheres encircle and that, as for place, lies in the center-is the most material and coarsest (ignobilissima) of all bodies.”
ടോളോസാനി എന്നൊരു ഡൊമിനിക്കന്‍ പാതിരി കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിന് എതിരെ ഉന്നയിച്ച ഒരു പ്രധാന വിമര്‍ശനം, അദ്ദേഹം ഭാരമേറിയ ഭൂമിയെ താഴ്ന്ന തലത്തില്‍നിന്ന് ഉയര്‍ത്തുന്നു എന്നായിരുന്നു. ”He seeks to raise the Earth, heavier than the other elements, from its lower place to the sphere where everybody by common consent correctly locates the Sun’s sphere, and to caste the sphere of the Sun down to the place of the Earth, contravening the rational order and Holy Writ, which declares that heaven is up, while the Earth is down …”
ഭൂമിയെ പ്രപഞ്ചകേന്ദ്രം എന്ന ഈ ചാണക കുഴിയില്‍നിന്ന് രക്ഷിക്കുകയാണ് തന്റെ ഉദ്ദേശം എന്ന് ഗലീലിയോ തന്നെയും പറയുന്നുണ്ട്. ”I will prove that the earth does have motion, and surpasses the moon in brightness, and that it is not the sump where the universe’s filth and ephemere collect.” (The sidereal messenger 1610) ചുരുക്കത്തില്‍ ഭൂമിയുടെ സ്ഥാനം വളരെ മികച്ചതാണ് എന്നൊരു നിലപാട് അക്കാലത്തെ സഭക്ക് (ആര്‍ക്കും) ഉണ്ടായിരുന്നില്ല. അപ്പോള്‍ ഭൂമിയുടെ പ്രാധാന്യം നഷ്ട്ടപ്പെടുത്തിയതാണ് കോപ്പര്നിക്കസ്സിനോടും ഗലീലിയോവിനോടും സഭക്ക് വിരോധമുണ്ടാവാന്‍ കാരണം എന്ന കഥയും പൊളിഞ്ഞു.
അപ്പൊ ശരിക്കും എന്തായിരുന്നു പ്രശ്നം? സാധാരണ കരുതുന്ന പോലെ ശാസ്ത്രവും മതവും തമ്മിലുള്ള യുദ്ധമായിരുന്നില്ല അത്. ഒന്നാമത്തെ കാര്യം അക്കാലത്ത് ശാസ്ത്രം എന്നൊരു ശാഖ തന്നെ ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്നത് നാച്ചുറല്‍ ഫിലോസഫി ആണ്. അതാകട്ടെ മതത്തിന്റെ എതിരാളിയായിരുന്നില്ല എന്നു മാത്രമല്ല, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്ക് കാര്യകാരണങ്ങള്‍ കണ്ടെത്തുക എന്ന രീതിയില്‍ മതത്തിന്റെ സഖാവ് കൂടിയായിരുന്നു. ദൈവത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെയും യുക്തിപൂര്‍വ്വം വിചിന്തനം ചെയ്തു കൂടുതല്‍ മനസ്സിലാക്കാന്‍ സാധ്യമാണ്, ദൈവം അത് അനുവദിച്ചിട്ടുണ്ട് എന്ന ധാരണയില്‍ നിന്നാണ് ഗ്രീക്ക് തത്വചിന്തകള്‍ (പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ആക്കിമെഡീസ്) നാച്ചുറല്‍ ഫിലോസഫി എന്ന പേരില്‍ മതത്തിന്റെ ഭാഗമായി മധ്യകാല യൂറോപ്പില്‍ പ്രചരിക്കുന്നത്. (ആ ധാരണ തന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെയും അടിസ്ഥാനമായത്.)
മത്സരം അന്നത്തെ അംഗീകൃത ശാസ്ത്രമായ (നാച്ചുറല്‍ ഫിലോസഫിയുടെ ഭാഗമായ) അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രവും, പുതുതായി രംഗപ്രവേശം ചെയ്ത കോപ്പര്‍നിക്കന്‍ ശാസ്ത്രവും തമ്മിലായിരുന്നു. കത്തോലിക്കാ സഭ അരിസ്റ്റോട്ടിലിയന്‍ ശാസ്ത്രത്തിനൊപ്പം നിന്നത് അവര്‍ പിന്തിരിപ്പനായതുകൊണ്ടല്ല, അന്നത്തെ അംഗീകൃത അറിവ് അതായിരുന്നു. അക്കാലത്തു സാധ്യമായ എല്ലാ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു ശേഷം ഏറ്റവും സാധുവായി മിക്കവാറും പേര് അംഗീകരിച്ചത് അതായിരുന്നു. (നമ്മള് ശാസ്ത്രവാദികള്‍ ഇന്നത്തെ തെളിവ് അധിഷ്ഠിത (evidence based) ശാസ്ത്രത്തോടൊപ്പം നില്‍ക്കുന്നപോലെ തന്നെ.) യുക്തിവാദം എന്നാല്‍ ‘റിലിജ്യണ്‍ ബാഷിംഗ്’ ആണെന്ന് ധരിച്ചിരിക്കുന്ന യുക്തിവാദികള്‍ ഈ കത്തോലിക്കാ സഭ മണ്ടത്തരം മാത്രേ വിശ്വസിക്കൂ എന്ന് ഉറപ്പിച്ചിറങ്ങിയ മൂഢന്മാരായിരുന്നു എന്ന മട്ടിലാണ് വിമശനം. ഒന്ന് ചുമ്മാ സൂക്ഷിച്ചു നോക്കിയാല്‍ ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കമല്ലോ, സില്ലി പീപ്പിള്‍ എന്നാണ് ഭാവം.
എന്നാല്‍ ഈ തെളിവ് അങ്ങനെ ഒറ്റനോട്ടത്തില്‍ കണ്ടുകിട്ടുന്നതല്ല. ഒരു ഉദാഹരണം പറയാം. ആല്‍ക്കമി ഇന്ന് അന്ധവിശ്വാസമായാണ് നമ്മള് കണക്കാക്കുന്നത്. എന്നാല്‍ ആല്‍കമി അക്കാലത്ത് ശരിയായ ശാസ്ത്രമായിരുന്നു. എന്തുകൊണ്ട്? അല്ക്കമിയില് വിശ്വസിച്ചവര്‍ വിഡ്ഢികളായിരുന്നു എന്ന് നമുക്ക് പുച്ഛിക്കാം. എന്നാല്‍ ലോഹങ്ങളെക്കുറിച്ചുള്ള അന്നത്തെ ധാരണയനുസരിച്ച് (ആകെ ഏഴ് ലോഹങ്ങളെക്കുറിച്ചേ അന്ന് അറിവുള്ളൂ. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് , ഈയം, നാകം.) ലോഹങ്ങള്‍ മാറ്റമില്ലാത്ത ശുദ്ധ വസ്തുക്കളല്ല, മിശ്രിതങ്ങളാണ്. (ലോഹങ്ങള്‍ മൂലകങ്ങളാണ് മിശ്രിതങ്ങളല്ല എന്ന് നമുക്കിന്നറിയാം.) എല്ലാ ലോഹങ്ങളും വ്യത്യസ്ത അളവില്‍ ശുദ്ധിയുള്ള മിശ്രിതങ്ങളാണ് എന്നായിരുന്നു ധാരണ. അങ്ങനെ ചുമ്മാ ധരിച്ചതുമല്ല. അവര്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ സാധുവായ കാരണങ്ങളുണ്ടായിരുന്നു. വല്ലപ്പോഴും മാത്രം ശുദ്ധ രൂപത്തില്‍ കിട്ടുന്ന സ്വര്‍ണ്ണം (gold nuggets) ഒഴിച്ച് അന്നറിയുന്ന മറ്റ് ഏഴ് ലോഹങ്ങളും മിശ്രിത രൂപത്തില്‍ ആയിരുകളായാണ് കാണപ്പെടുന്നത്.