ഈ രണ്ടു കാരണങ്ങള്‍ കൊണ്ടും ടൈക്കോണിക്ക് മോഡലാണ് കോപ്പര്‍നിക്കന്‍ മോഡലിനേക്കാള്‍ മികച്ചത് എന്ന് പോലും പറയേണ്ടി വരും. ഗലീലിയോ ശരിക്കും വസ്തുനിഷ്ട്ടമായ അറിവ് തേടുന്നവനായിരുന്നെങ്കില് അദ്ദേഹവും അനുകൂലിക്കേണ്ടിയിരുന്നത് ടൈക്കോ ബ്രാഹിയുടെ ടൈക്കോണിക്ക് (നീലകണ്ഠ സോമയാജി) മാതൃയായിരുന്നു. ഗലീലിയോവിന്റെ സ്വന്തം നിരീക്ഷണങ്ങളും നിഗമനങ്ങളും പോലും കോപ്പര്‍നിക്കന്‍ മാതൃകയെ അനുകൂലിക്കുന്നില്ല എന്നതാണ് ഏറെ രസം. ഗലീലിയോ സ്വന്തം നിരീക്ഷണങ്ങളെ അതിന്റെ യുക്തിപൂര്‍വ്വമായ നിഗമനത്തിലെത്തിച്ചിരുന്നെങ്കില് ടൈക്കോണിക്ക് മാതൃകയാണ് ശരി എന്ന് സമ്മതിക്കേണ്ടിവരുമായിരുന്നു.
ഗലീലിയോയുടെ കാലത്ത് ഒപ്ടിക്സിനെക്കുറിച്ചോ, ടെലസ്ക്കോപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചോ കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ വീക്ഷണത്തില്‍ വളരെ പ്രാകൃതമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെലസ്ക്കോപ്പ് പോലും. ഗലീലിയോ ടെലസ്ക്കോപ്പിലൂടെ കണ്ടിരുന്നത് നക്ഷത്രങ്ങളെയല്ല അവയുടെ diffraction pattern ആണ്. ഒരു ചെറിയ ദ്വാരത്തിലൂടെ വെളിച്ചം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണിത്. അത് പ്രകാരം നക്ഷത്രങ്ങള്‍ എത്ര ഫോക്കസ് ചെയ്താലും ഒരു പ്രകാശബിന്ദു ആയല്ല, അരികുകള്‍ വ്യക്തമല്ലാത്ത ഏകകേന്ദ്രമായ അനേകം പ്രകാശവൃത്തങ്ങളായാണ് (concentric circles) കാണുക. Airy disk എന്ന് പറയും. (അക്കാലത്ത് അതിനെക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല.) മങ്ങിയ നക്ഷത്രങ്ങള്‍ ചെറിയ വൃത്തമായും, കൂടുതല്‍ പ്രകാശമുള്ള നക്ഷത്രങ്ങള്‍ വലിയ വൃത്തമായും കാണപ്പെടും.
താന്‍ കണ്ണില്‍ കാണുന്നത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ച ഗലീലിയോ അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രങ്ങളുടെ വലുപ്പവും അവ തമ്മിലുള്ള അകലവുമൊക്കെ നിശ്ചയിച്ചത്. (ടെലസ്കോപ്പിലൂടെ കാണുന്നത് സത്യമല്ല എന്ന ജെസ്യൂട്ടുകളുടെ വാദത്തില്‍ (”conceited illusions of the lenses”) ലേശം കഴമ്പുണ്ടായിരുന്നു എന്നര്‍ത്ഥം.) എല്ലാ നക്ഷത്രങ്ങള്‍ക്കും സൂര്യന്റെ അതേ വലുപ്പവും പ്രകാശവുമായിരിക്കും എന്ന് തെറ്റിദ്ധരിച്ച ഗലീലിയോ മങ്ങിയ നക്ഷത്രങ്ങള്‍ കൂടുതല്‍ അകലത്തിലുംകൂടുതല് തിളക്കമുള്ള നക്ഷത്രങ്ങള്‍ വളരെ അടുത്തും എന്നാണ് കരുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കണക്കുകൂട്ടിയ പ്രപഞ്ചം യഥാര്‍ത്ഥത്തിലുള്ളതിലും വളരെ വളരെ ചെറുതായിരുന്നു. പക്ഷേ കോപ്പര്‍നിക്കന്‍ മാതൃക ശരിയാകണമെങ്കില്‍ പ്രപഞ്ചത്തിന് ആ വലുപ്പം പോര. സ്വാഭാവികമായും അദ്ദേഹം കോപ്പര്‍നിക്കന്‍ മാതൃക ഉപേക്ഷിക്കുകയാണ് ശരിക്കും വേണ്ടിയിരുന്നത്. ഗലീലിയോയോളം തന്നെ മികച്ച, കൂടുതല്‍ ‘സത്യസന്ധരായ’ നിരീക്ഷകരൊക്കെ ‘ശരിയായ’ നിഗമനത്തിലെത്തി, ടൈക്കോണിക്ക് (നീലകണ്ഠ സോമയാജി) മാതൃകയായിരുന്നു അംഗീകരിച്ചത്. ഗലീലിയോ ആകട്ടെ ആദ്യം തന്നെ കോപ്പര്‍നിക്കന്‍ മാതൃകയാണ് ശരി എന്ന് തീരുമാനിച്ച് അതിനെ പിന്തുണക്കാത്ത സ്വന്തം നിരീക്ഷണങ്ങളെ തന്നെ അവഗണിക്കുകയായിരുന്നു. (തീര്‍ച്ചയായും നല്ലൊരു ശാസ്ത്രജ്ഞന്റെ രീതിയല്ല അത്.) He only got it right for the wrong reasons. അദ്ദേഹം പറഞ്ഞത് ഭാഗ്യവശാല്‍ ശരിയായിപ്പോയി എന്നു മാത്രം.
ശരിക്കും കോപ്പര്‍നിക്കന്‍ മോഡലിനേക്കാള്‍ കൂടുതല്‍ ശാസ്ത്രീയം (അന്നത്തെ തെളിവ് അധിഷ്ഠിത അറിവ്) ടൈക്കോണിക്ക് മോഡല്‍ ആയിരുന്നതുകൊണ്ട് ജെസ്യൂട്ട് വാനശാസ്ത്രജ്ഞരുടെ ഇടയില്‍ അത് വളരെ പോപ്പുലറായിരുന്നു. വേദപുസ്തകത്തിന് എതിരുമല്ല എന്നത് ഒരു ബോണസ്സും. ബ്രാഹിയുടെ അഭിപ്രായത്തില്‍ ഒരു കാര്യവുമില്ലാതെ ഭൂമി സൂര്യനെ ചുറ്റുന്നതായി സങ്കല്‍പ്പിക്കുന്നത് അനാവശ്യമാണ്.”What need is there without any justification to imagine the Earth, a dark, dense, and inert mass, to be a heavenly body undergoing even more numerous revolutions than the others, that is to say, subject to a triple motion, in violation not only of all physical truth but also of the authority of Holy Scripture, which ought to be paramount.”
അരിസ്റ്റോട്ടില്‍ ടോളമി സിദ്ധാന്തം തെറ്റാണെന്നേ ശാസ്ത്രദൃഷ്ട്യാ ഗലീലിയോക്ക് അവകാശപ്പെടാന്‍ പറ്റൂ. സൌരകേന്ദ്ര സിദ്ധാന്തം ശാസ്ത്രീയമായി തെളിയിച്ചു എന്നവകാശപ്പെടാനാവില്ല. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു എന്നതൊഴിച്ച് അതിന്റെ കാര്യകാരണങ്ങള്‍ ഗലീലിയോ പറഞ്ഞതെല്ലാം തെറ്റായിരുന്നു. (ഭൂമി കറങ്ങുന്നതുകൊണ്ടാണ് സമുദ്ര ചലനങ്ങളുണ്ടാകുന്നത് (tides) എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.) കേട്ടത് പാതി കേള്‍ക്കാത്ത പാതി എല്ലാവരും ”ഗലീലിയോ സിന്താവാ” വിളിക്കാതിരുന്നത് മതവിശ്വാസം തലയ്ക്കു പിടിച്ച് തങ്ങള്‍ വിഡ്ഢിത്തമേ വിശ്വസിക്കൂ എന്ന കടുംപിടുത്തമുള്ളവരായതുകൊണ്ടൊന്നുമല്ല.വിശ്വാസം മാറ്റാന്‍ തക്ക തെളിവൊന്നുമില്ലായിരുന്നു.
ഗലീലിയോയുമായി സഭക്കുണ്ടായിരുന്ന പ്രശ്നം പ്രധാനമായും ശാസ്ത്രസംബന്ധിയായിരുന്നില്ല. ഭൂമി സൂര്യനെയാണോ ചുറ്റുന്നത് എന്നകാര്യത്തില്‍ സഭ അതുവരെ ഒരു നിലപാടും, അനുകൂലമായോ
പ്രതികൂലമായോ എടുത്തിരുന്നുമില്ല. കോപ്പര്‍ക്കസ് തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഒരു ഹൈപ്പോതെസിസ് എന്ന നിലക്കാണ്. അതായത് കാര്യങ്ങള്‍ മനസ്സിലാക്കാനും ഗണിതക്രീയകള്‍ ചെയ്യാനും എളുപ്പമാക്കുന്ന ഒരു സങ്കല്പം. അതില്‍ സഭക്ക് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. സൌകര്യപ്രദമായ ഒരു മോഡല്‍ എന്നതിലപ്പുറം യഥാര്‍ത്ഥ പ്രപഞ്ചം ശരിക്കും അങ്ങനെ തന്നെയാണ് എന്ന അവകാശവാദമൊന്നും കോപ്പര്‍ക്കസ് മുന്നോട്ട് വയ്ക്കുന്നില്ല. അതുതന്നെയായിരുന്നു അക്കാലത്ത് സാധ്യമായ ശരിയായ നിലപാടും. ഒരു ഹൈപ്പോതെസിസ് എന്നല്ലാതെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും കോപ്പര്നിക്കസിനുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സൂര്യകേന്ദ്ര സിദ്ധാന്തം സത്യമായാല്‍ ക്രൈസ്തവ വിശ്വാസത്തെ അത് എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച്ചും കോപ്പര്‍നിക്കസ്സ് നിശബ്ദനായിരുന്നു. അത് എന്തായാലും തന്റെ സൂര്യകേന്ദ്ര സിദ്ധാന്തം ഒരിക്കലും വേദപുസ്തകത്തിന് എതിരാവില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. കോപ്പര്‍നിക്കസ്സിന്റെ ഈ നിലപാട് ഗലീലിയോ തന്നെ സൂചിപ്പിക്കുണ്ട്.
”For Copernicus never discusses matters of religion or faith, nor does he use arguments that depend in any way upon the authority of sacred writings which he might have interpreted erroneously. He stands always upon physical conclusions pertaining to the celestial motions, and deals with them by astronomical and geometrical demonstrations, founded primarily upon sense experiences and very exact observations. He did not ignore the Bible, but he knew very well that if his doctrine were proved, then it could not contradict the Scriptures when they were rightly understood.”
കോപ്പര്‍ക്കസ് കാണിച്ച ഈ നയം പക്ഷേ ഗലീലിയോ കാണിച്ചില്ല. തന്റെ സിദ്ധാന്തം ശരിക്കും സത്യമാണെന്ന് ശഠിക്കുകയും, അത് എന്തുകൊണ്ട് വേദപുസ്തകത്തിന് എതിരല്ല എന്നതിന് സ്വന്തം നിലക്ക് വിശദീകരണം നല്‍കാനും ശ്രമിച്ചു. ഗലീലിയോ അനാവശ്യ വാശി കാണിച്ച് വേണ്ടത്ര തെളിവില്ലാത്ത തന്റെ സൌരകേന്ദ്ര സിദ്ധാന്തം ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സൌരകേന്ദ്ര സിദ്ധാന്തമായിരുന്നില്ല സഭയെ ചൊടിപ്പിച്ചത്, മറിച്ച് ദൈവശാസ്ത്രജ്ഞരുടെ ഫീല്‍ഡില്‍ കയറി കളിച്ചതാണ്. ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും വേണമെങ്കില്‍ അത് വ്യാഖ്യാനിച്ചു ശരിപ്പെടുത്താന്‍ അതിനു യോഗ്യരായ ആളുകളുണ്ട്. ഒരു ഗണിത ശാസ്ത്രജ്ഞനായ ഗലീലിയോ കേറി ഇടപെടേണ്ട വിഷയമല്ല അത്. അദ്ദേഹത്തിന്റെ സുഹൃത്തായ കര്‍ദിനാള്‍ ബാര്ബറേനി (പില്കാലത്ത് പോപ്പ് അര്‍ബന്‍ എട്ടാമന്. 1633 ല്‍ അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ നേതൃത്വം കൊടുത്തതും ഇദ്ദേഹമാണ്.) അദ്ദേഹത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ”The explanation of Scripture is claimed by the theologians as their field, and if new things are introduced, even by a capable mind, not everyone has the dispassionate faculty of taking them just as they are said.” (തറവാടിന്റെ ഉമ്മറത്തിരുന്ന അനന്തിരവന് പിച്ചക്കാരനോട് പിച്ചയൊന്നും ഇല്ല എന്ന് പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത കാരണവര്‍ അയാളെ തിരിച്ചു വിളിച്ച് പിച്ചയൊന്നും ഇല്ല എന്ന് താന്‍ തന്നെ പറഞ്ഞ കഥ കേട്ടിട്ടില്ലെ? അത് തന്നെ. ഓരോ കാര്യവും അത് പറയാന്‍ അധികാരമുള്ളവര്‍ തന്നെ പറയണം.)
ഗണിതശാസ്ത്രപരമായി ടൈക്കോണിക്ക് മോഡലും കോപ്പര്‍നിക്കന്‍ മോഡലും തുല്യമാണ്. മറ്റു ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നതിനു ടെലസ്ക്കോപ്പ് തെളിവ് നല്‍കുന്നുണ്ട്. അനങ്ങാതെ നില്ക്കുന്ന ഭൂമിയെ ചുറ്റുന്ന സൂര്യന് നമ്മുടെ അനുഭവവും. അപ്പോള്‍ മുന്‍തൂക്കം ടൈക്കോണിക്ക് മോഡലിനാണ്. ഗലീലിയോയുടെ സ്വന്തം നിരീക്ഷണങ്ങളും അവയില്‍നിന്നുള്ള അനുമാനങ്ങളും പോലും ടൈക്കോണിക്ക് (നീലകണ്ഠ സോമയാജി) മാതൃയാണ് പിന്തുണക്കുന്നത്. പിന്നെ എന്തുകൊണ്ടായിരിക്കും ടൈക്കോണിക്ക് മോഡല്‍ ഗലീലിയോ തള്ളിക്കളഞ്ഞത് എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് രസകരമായിരിക്കും. എന്റെ ഒരു ഊഹം അദ്ദേഹം ഭൂമി ചലിക്കുന്നതായി വിശ്വസിക്കാന്‍ ആഗ്രഹിച്ചു എന്നാണ്. അതുവഴി ഗണിതശാസ്ത്രജ്ഞന്, വാനശാസ്ത്രജ്ഞന്‍ എന്നീ പദവികള്‍ കൂടാതെ വേദപുസ്തകത്തിന് സ്വന്തമായി പുതിയ വ്യാഖ്യാനം ചമച്ച ദൈവശസ്ത്രജ്ഞന് എന്ന് കൂടി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കാം. പിന്നെ ടൈക്കോ ബ്രാഹിയെ അംഗീകരിക്കാനുള്ള മടിയും ഒരു കാരണമായിരിക്കാം. അദ്ദേഹത്തോടുള്ള വെറും അസൂയ.
എക്കാലത്തെയും ഏറ്റവും മികച്ച (അവസാനത്തേതുമായ) നഗ്നനേത്ര വാനനിരീക്ഷകനായാണ് ബ്രാഹിയെ കണക്കാക്കുന്നത്. ബ്രാഹിയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ശിഷ്യനായ കെപ്ലര്‍ ഗ്രഹങ്ങളെക്കുറിച്ചുള്ള തന്റെ പ്രസിദ്ധമായ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ആ നിയമങ്ങള്‍ പ്രകാരം ഗ്രഹങ്ങള്‍ ദീര്‍ഘ വൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. ദൈവം പൂര്ണ്ണവൃത്തത്തിലുള്ള സഞ്ചാരപദമായിരിക്കും ഉണ്ടാക്കിയിരിക്കുക എന്ന അരിസ്റ്റോട്ടിലിയന്‍ ധാരണയില്‍ ഉറച്ചു നിന്ന കെപ്ലര്‍ ആ രീതിയില്‍ ശ്രമിച്ചു നോക്കിയതാണ്. എന്നാല്‍ അത് ബ്രാഹിയുടെ ഡാറ്റയുമായി ഒത്തു പോകുന്നില്ല. ദൈവത്തിനു തെറ്റ് പറ്റിയാലും ബ്രാഹിക്ക് തെറ്റ് പറ്റില്ല എന്ന് ഉറപ്പുള്ള കെപ്ലര്‍ അവസാനം ഗ്രഹങ്ങള്‍ക്ക് ദീര്‍ഘ വൃത്തത്തിലുള്ള ഭ്രമണപദം തന്നെ എന്ന് ഉറപ്പിക്കുകയായിരുന്നു. അതാണ് ബ്രാഹി. ഒരു സൂപ്പര്‍ ജീനിയസ്സായി തന്റെ ജീവിതകാലത്തു തന്നെ അറിയപ്പെട്ടിരുന്ന ബ്രാഹിയോടുള്ള പ്രൊഫഷണല്‍ അസൂയയും അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ടാവാം. തനിക്കു താല്പര്യമില്ലാത്ത ജെസ്യൂട്ടുകള്‍ ബ്രാഹിയുടെ മോഡല്‍ അംഗീകരിച്ചതും കാരണമാവാം. ജെസ്യൂട്ടുകളാവട്ടെ ബ്രാഹിയെ തങ്ങളിലൊരുവനായാണ് അഭിമാനപൂര്‍വ്വം പറഞ്ഞിരുന്നത്. കാരണം ബ്രാഹിയുടെ വിദ്യാഭ്യാസം ജെസ്യൂട്ടുകളുടെ കീഴിലായിരുന്നു.
(ബ്രാഹിയുടെ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയ കെപ്ളറുടെ നിയമങ്ങളെയും ഗലീലിയോ അംഗീകരിച്ചിരുന്നില്ല. ഗ്രഹങ്ങള്‍ക്ക് ദീര്‍ഘ വൃത്തത്തിലുള്ള ഭ്രമണപഥത്തിനു പകരം അരിസ്റ്റോട്ടില്‍ മോഡലിലെ പൂര്‍ണ്ണ വൃത്തമാണ് അദ്ദേഹം അംഗീകരിച്ചത്. ഭൂമി കറങ്ങുന്നതിന് ഗലീലിയോ മുന്നോട്ട് വച്ച തെളിവ് സമുദ്രചലനമാണ് (tides). ഭൂമി കറങ്ങുന്നതു കൊണ്ടാണ് സമുദ്രം ചലിക്കുന്നത് എന്നത് നല്ല ഒന്നാംതരം അബദ്ധമാണ്. സമുദ്ര ചലനത്തിന് കാരണം ചന്ദ്രന്റെ ആകര്‍ഷണമാണ് എന്ന കെപ്ലറുടെ ശരിയായ അഭിപ്രായവും ഗലീലിയോ തള്ളിക്കളഞ്ഞു.)
ശത്രുക്കളെ ഉണ്ടാക്കാന്‍ സ്വതവേ മിടുക്കനായ ഗലീലിയോ വളരെ ”അഗ്രസ്സീവ്” ആയി കോപ്പര്‍നിക്കന്‍ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങിയത് പ്രബലരായ ശത്രുക്കളെ ഉണ്ടാക്കി. (അക്കാഡമിക് ചര്‍ച്ചകളില്‍ പോലും താന്‍ പറയുന്നത് അംഗീകരിക്കാത്തവരെ ആക്ഷേപിക്കുന്ന സ്വഭാവമാണ് പ്രശ്നങ്ങളുണ്ടാക്കിയത്.) ശത്രുക്കള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി അദ്ദേഹം ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. (”ill-disposed men envious of your virtue and merits met [to discuss]… any means by which they could damage you.”)ഇതിനിടെ ടൊമാസ്കോ കാസിനി എന്നൊരു ഡൊമിനിക്കന്‍ പാതിരി ബൈബിളിലെ അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികളിലെ വരികള്‍ ഉദ്ധരിച്ച് മാനത്തു നോക്കി നടക്കുന്ന ഗലീലിയോ എന്ന് പരസ്യമായി പരിഹസിച്ചു. “Ye men of Galilee, why stand ye gazing up into heaven?” (Acts 1:11) അവഗണിക്കാവുന്ന ഇതുപോലുള്ള പ്രകോപനങ്ങള്‍ പോലും വിട്ടുകൊടുക്കാന്‍ ഗലീലിയോ തയ്യാറായില്ല. തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് സുഹൃത്തായ ബെനഡിറ്റോ കാസ്റ്റെലി എന്ന ബെനെഡിക്റ്റൈന്‍ പുരോഹിതന് ഒരു കത്തെഴുതി. ഇതിന്റെ കോപ്പികള്‍ വ്യാപകമായി പ്രചരിച്ചു. ഈ കത്തില്‍ ഗലീലിയോ പറയാത്ത കുറെ കാര്യങ്ങള്‍ ആരോ എഴുതിച്ചേര്‍ത്തും പ്രചരിപ്പിച്ചു. (അന്നത്തെ വാട്ടസപ്പ് :-))
തന്റെ സംരക്ഷകനായ കോസിമോ ഡി മെഡിസി യുടെ മാതാവ് ക്രിസ്റ്റീന പ്രഭ്വിയെ (Grand Duchess Christina) അഭിസംബോധന ചെയ്തുകൊണ്ട് കാസ്റ്റെലിക്കെഴുതിയ കത്തിലെ വാദങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു മറ്റൊരു കത്ത് അദ്ദേഹം തയ്യാറാക്കി. ഈ കത്തില്‍ വേദപുസ്തകവും പ്രാമാണികരായ ദൈവശാസ്ത്രജ്ഞരെയും മറ്റും ഉദ്ധരിച്ച് വളരെ ആധികാരികമായാണ് ഗലീലിയോ തന്റെ സൌര കേന്ദ്ര സിദ്ധാന്തം എന്ത് കൊണ്ട് വേദപുസ്തകത്തിന് എതിരല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കത്ത് സംബോധന ചെയ്യുന്നത് പ്രഭ്വിക്കായിരുന്നെങ്കിലും അത് യഥാര്‍ത്ഥത്തില്‍ ഉന്നം വയ്ക്കുന്നത് സഭാ അധികാരികളെയും, ദൈവശാസ്ത്രഞ്ജരെയും ഗണിത പണ്ഡിതരേയുമൊക്കെയാണ്. ഈ കത്തിന്റെ കോപ്പികളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
സത്യത്തില്‍ അദ്ദേഹം പുതുതായൊന്നും പറയുന്നില്ല. സെന്റ്റ് അഗസ്റ്റിന് മുതലുള്ള സഭാപിതാക്കന്മാര് പണ്ടേ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹവും ഈ കത്തില്‍ ആവര്‍ത്തിക്കുന്നത്. ശാസ്ത്രവും വേദപുസ്തകവും പറയുന്നത് വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചാണ്. രണ്ടും കൂട്ടിക്കലര്‍ത്തേണ്ടതില്ല. വേദപുസ്തകത്തിലെ വിവരണങ്ങള്‍ വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല. (കര്‍ദിനാള്‍ ബാറോണിയസ്സിനെ ഉദ്ധരിച്ച് ഗലീലിയോ കത്തില്‍ പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണ്. ”പരിശുദ്ധത്മാവ് നമ്മെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് ഉപരിലോകത്തിലേക്ക് എങ്ങനെ പോകാം എന്നാണ്, അല്ലാതെ ഉപരിലോകത്തിന്റെ പോക്ക് എങ്ങനെയാണ് എന്നതിനെക്കുറിച്ചല്ല.” (”The Holy Ghost intended to teach us how to go to heaven, not how the heavens go.”) വിവാദം ഉണ്ടാകാനുള്ള ഒന്നും അതിലില്ലെങ്കിലും, ബൈബിളിന് പുതിയ വ്യാഖ്യാനം വേണം എന്ന തരത്തില്‍ എഴുതിയ തീര്‍ത്തും അനാവശ്യമായ ഈ കത്തുകളാണ് ഗലീലിയോവിനെ കുഴിയില്‍ ചാടിച്ചത്.
കത്തിലെ ഭാഷയും അനാവശ്യമായി ചൊറിയുന്നതായിരുന്നു. തന്നെ അംഗീകരിക്കാത്ത അരിസ്റ്റോട്ടിലിയന്‍ പണ്ഡിതരെ കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്തവര്‍ എന്ന് അടച്ചാക്ഷേപിച്ചു. (”show themselves incapable of following even the simplest and easiest of arguments.”) അദ്ദേഹത്തോട് അനുതാപമുണ്ടായിരുന്ന പണ്ഡിതരെ പോലും ഈ കത്ത് വെറുപ്പിച്ചു. അങ്ങനെ തന്റെ നിലപാട് വ്യക്തമാക്കാന്‍ എന്ന പേരില്‍ എഴുതിയ കത്ത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയായി.