കത്തിലുടനീളം സൌരകേന്ദ്ര സിദ്ധാന്തത്തിന് തെളിവുണ്ട് തെളിവുണ്ട് എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ സൌരകേന്ദ്ര സിദ്ധാന്തത്തിനു ഒരു തെളിവും ഗലീലിയോ ഹാജരാക്കുന്നില്ല. ബൈബിള്‍ എന്തുകൊണ്ട് സൌരകേന്ദ്ര സിദ്ധാന്തത്തിന് എതിരല്ല എന്ന് മാത്രമാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇനി അഥവാ എന്ത് തെളിവുണ്ടെങ്കിലും അതെല്ലാം ടൈക്കോണിക്ക് മോഡലിനും യോജിക്കും എന്ന് ഗലീലിയോവിന് അറിയാത്തതുമല്ല. അതെക്കുറിച്ചും ഒന്നും പറയുന്നില്ല. സൌരകേന്ദ്ര സിദ്ധാന്തം ബൈബിളിന് എതിരല്ല. അതുകൊണ്ട് സൌരകേന്ദ്ര സിദ്ധാന്തം ശരിയാണ്. അത് എല്ലാവരും അംഗീകരിക്കണം. എന്നെ മാത്രം കുറ്റപ്പെടുത്തണ്ട, സൌരകേന്ദ്ര സിദ്ധാന്തം കോപ്പര്‍നിക്കസ് പറഞ്ഞപ്പോ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ എന്നായിരുന്നു ഗലീലിയോവിന്റെ ഒരു വാദം. അതിന് ആര് കുറ്റപ്പെടുത്തി? ഈ സമയത്ത് അദ്ദേഹത്തിനെതിരെ സംഘടിതമായ ഒരു ആക്രമണവും ഉണ്ടായിട്ടില്ല. എല്ലാം അദ്ദേഹം സങ്കല്പ്പിച്ചുണ്ടാക്കിയത് മാത്രം. (അതു കൊണ്ടെന്തായി,1616 ല്‍ കോപ്പര്‍നിക്കസിന്റെ പുസ്തകം നിരോധിക്കപ്പെട്ടു.)
ഗലീലിയോവിന്റെ കത്ത് ഇത്ര വലിയ പ്രശ്നമാവാന്‍ കാരണമുണ്ട്. മാര്ട്ടിന് ലൂതറുടെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് നവീകരണം കത്തോലിക്കാ സഭയെ പിടിച്ചുലച്ചിരുന്നു. കൂടുതല്‍ പേര് സഭാവിശ്വാസങ്ങള്‍ക്ക് സ്വന്തമായ വ്യാഖ്യാനങ്ങളുമായി ഇറങ്ങുന്നത് അടിയന്തിരമായി തടയേണ്ടതുണ്ടായിരുന്നു. ത്രെന്തോസ് സൂനഹദോസ് (Council of Trent 1546) എന്നറിയപ്പെടുന്ന മതസമ്മേളനത്തില്‍ അത്തരം തീരുമാനമുണ്ടായി.
… no one relying on his own judgement and distorting the Sacred Scriptures according to his own conception shall dare to interpret them contrary to that sense which Holy Mother Church, to whom it belongs to judge their true sense and meaning, has held or does hold, or even to interpret them contrary to the unanimous agreement of the Fathers.
അതാണ് ഗലീലിയോ ലംഘിച്ചത്.1615 ല്‍ ടൊമാസ്കോ കാസിനിയുടെ സുഹൃത്തായ നിക്കോളോ ലോറിനി എന്ന ഡൊമിനിക്കന്‍ പാതിരി ഗലീലിയൊക്കെതിരെ റോമിലെ മതകോടതിക്ക് പരാതി അയക്കുന്നു. ഗലീലിയോവിന്റെ കത്ത് ട്രെന്റിലെ കൌണ്‍സില്‍ പുറപ്പെടുവിച്ച ഉത്തരവ് (തന്നിഷ്ട്ടപ്രകാരം അങ്ങനെ ആരും മതതത്വങ്ങള്‍ വ്യാഖ്യാനിക്കാന്‍ പാടില്ല.) ലംഘിക്കുന്നതാണ്. അതിന്റെ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തോളം നീണ്ടു നിന്നു. ഗലീലിയോവിനെ റോമിലേക്ക് വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ഒന്നും ഉണ്ടായില്ല. അതിനുമാത്രമുള്ള ഗൌരവമൊന്നും അവര്‍ ആ പരാതിയില്‍ കണ്ടില്ല. അതങ്ങനെ തീര്‍ന്നു പോയേനെ. എന്നാല്‍ തന്റെ ഒരു ശത്രുവിനെയും വെറുതെ വിടാന്‍ ഗലീലിയോ ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളുടേയും അഭ്യുദയകാംഷികളുടേയും ഉപദേശം അവഗണിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ഗലീലിയോ സ്വയം റോമിലേക്ക് പോയി ഈ പരാതി കുത്തിപ്പൊക്കി. ‘മൂലയ്ക്ക് കിടന്ന മഴുവെടുത്ത് കാലിലിടുക’ എന്ന് പറയില്ലെ? അതുപോലൊരു പണിയാണ് ഗലീലിയോ കാണിച്ചത്. ഈ വിഷയത്തില്‍ ഒരു തീരുമാനവും പറയാതിരുന്ന അധികാരികള്‍ ഒരു തീരുമാനം പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സഭക്ക് പരസ്യമായി ഒരു നിലപാട് എടുക്കേണ്ടിവന്നാല്‍ താന്‍ എത്ര പ്രമാണിയായിരുന്നാലും ഭൂരിഭാഗം വരുന്ന സാധാരണ വിശ്വാസികളുടെ കൂടയേ സഭക്ക് നില്ക്കാന് കഴിയൂ എന്ന് മനസ്സിലാക്കാന്‍ ഗലീലിയോക്ക് സാധിച്ചില്ല.
കര്‍ദിനാള്‍ ബെല്ലാര്‍മിന്റെ ഉപദേശപ്രകാരം പോള്‍ ആറാമന്‍ മാര്‍പാപ്പ ഒരു പാപ്പല്‍ കമ്മീഷനെ നിയമിച്ചു. ചലിക്കാതെ നില്ക്കുന്ന സൂര്യന് അരിസ്റ്റോട്ടിലിയന്‍ തത്വങ്ങള്‍ക്ക് എതിരാണ് എന്നാണ് കമ്മിഷന് കണ്ടെത്തിയത്. ”The proposition of a stationary Sun is foolish and absurd in natural philosophy”. (അന്നത്തെ തെളിവ് അധിഷ്ഠിത ശാസ്ത്രധാരണ വച്ച് ഈ നിഗമനം തെറ്റാണെന്ന് പറയാനും കഴിയില്ല.) ഇതിന്റെ അടിസ്ഥാനത്തില്‍ 1616 ഫെബ്രുവരിയില്‍ കര്‍ദിനാള്‍ ബെല്ലാര്‍മ്മിന്‍ ഗലീലിയോയുമായി വളരെ സൌഹാര്‍ദ്ദപരമായ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ ഭൂമി ചലിക്കുന്നുണ്ട് എന്ന് ”വിശ്വസിക്കുകയോ, അതിനെ പ്രതിരോധിക്കുകയോ, അത് പഠിപ്പിക്കുകയോ അരുത്” എന്ന് വിലക്കി (എന്നാല്‍ ഒരു ഹൈപ്പോതെസിസ് എന്ന രീതിയില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വിലക്കില്ല.) ഒരു വാര്‍ണിംഗ് കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു.
1616 മാര്‍ച്ചില്‍ പുസ്തക നിരോധന സമിതി ഗലീലിയോയുടെ പേര് പറയാതെ തന്നെ ഭൂമിയുടെ ചലനം അശാസ്ത്രീയവും വേദപുസ്തകത്തിന് വിരുദ്ധവുമാണ് എന്നൊരു വിധി പ്രസ്താവിക്കുകയും കോപ്പര്‍നിക്കസ്സിന്റെ പുസ്തകം അത് ഹൈപ്പോതെസിസ് മാത്രമാണ് എന്ന് കൂടുതല്‍ വ്യക്തമായി തിരുത്തുന്നതു വരെ നിരോധിക്കുകയും ചെയ്തു. (1835 വരെ അത് നിരോധിച്ച പുസ്തകങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും, നാല് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഒന്‍പതു വരികളിലെ തിരുത്തുമായി കോപ്പര്‍നിക്കസ്സിന്റെ പുസ്തകം വീണ്ടും ലഭ്യമായിരുന്നു.) തന്നെ മതകോടതി ശിക്ഷിച്ചു എന്നൊരു കിംവദന്തി പരന്നതിനാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും ഗലീലിയോയുടെ ആവശ്യപ്രകാരം ബെല്ലാര്‍മ്മിന്‍ എഴുതി നല്‍കുകയും ചെയ്തു. (തന്റെ ഇമേജിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അമിതമായ വേവലാതി കാണിക്കുന്ന ഒരു സംഭവമാണ് ഇത്. കണ്ടുപിടുത്തങ്ങളുടെ മുന്‍ഗണനയെ ചൊല്ലി ധാരാളം ശത്രുക്കളെ ഉണ്ടാക്കിയിരുന്ന കാര്യവും ഇതോടു കൂടി ചേര്‍ത്ത് വായിക്കുക.) ഈ കത്ത് പിന്നീട് 1633 ലെ വിചാരണ സമയത്ത് ഗലീലിയോക്ക് വളരെ ഉപകാരപ്പെട്ടു.
കര്‍ദിനാള്‍ ബെല്ലാര്‍മ്മിന്റെ വ്യക്തിപരമായ അഭിപ്രായവും കോപ്പര്‍നിക്കന്‍ സിദ്ധാന്തം ഒരു ഹൈപ്പോതെസിസ് എന്ന നിലയില്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു. ഇത് പറയാന്‍ കാരണമുണ്ട്. ബെല്ലാര്‍മ്മിന്‍ പറയുന്നതായി നമ്മുടെ യുക്തിവാദികള്‍ ഫേസ് ബുക്കിലൊക്കെ ഷെയര്‍ ചെയ്തു കാണുന്ന ഈ ചിത്രം തെറ്റിദ്ധാരണാജനകമാണ്. നല്ല ഒന്നാംതരം ചെറി പിക്കിംഗ്. ബെല്ലാര്‍മ്മിന്‍ സ്വന്തം നിലയില്‍ തന്നെ ഒട്ടും മോശമല്ലാത്ത വാനനിരീക്ഷകനും, ശാസ്ത്രജ്ഞനും, അധ്യാപകനും ആയിരുന്നു. ഇത്തരം ചിത്രങ്ങള്‍ സൂചിപ്പിക്കുന്നപോലെ വെറും മൂഢനായ ഒരു മതവിശ്വാസി ആയിരുന്നില്ല. (ആ കൊടുത്തിരിക്കുന്ന വര്‍ഷവും തെറ്റാണ്. ബെല്ലാര്‍മ്മിന്‍ 1621 ല്‍ മരിച്ചുപോയിരുന്നു.)
1615 ല്‍ പൌലോ ഫോസ്ക്കാറിനി എന്നൊരു കാര്‍മലൈറ്റ് പുരോഹിതന് കോപ്പര്‍നിക്കന്‍ സിദ്ധാന്തം മതവിരുദ്ധമല്ല എന്ന് വാദിച്ചുകൊണ്ട് ഒരു പുസ്തകമെഴുതി. ഇതേക്കുറിച്ച് ബെല്ലാര്മ്മിനോട് അഭിപ്രായം ചോദിച്ച ഫോസ്ക്കാറിനിക്ക് ബെല്ലാര്‍മ്മിന്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് ഒരു കത്തെഴുതിയിരുന്നു. (ഈ പുസ്തകവും ബെല്ലാര്‍മ്മിന്‍ അടക്കം ആരും ചാടിക്കേറി നിരോധിച്ചില്ല എന്ന് ശ്രദ്ധിക്കുക. എന്നാലും ഗലീലിയോ സംഭവത്തില്‍ പെട്ട് 1616 ല്‍ ഫോസ്ക്കാറിനിയുടെ പുസ്തകവും നിരോധിക്കപ്പെട്ടു. ഈ വിഷയത്തില്‍ ശരിക്കും നഷ്ട്ടം സംഭവിച്ചത് ഈ സാധുവിന് മാത്രമാണ്.)
ആ കത്തില്‍ ഫോസ്ക്കാറിനിയും, ഗലീലിയോയും, കോപ്പര്‍നിക്കസ്സും എല്ലാം സൌരകേന്ദ്ര സിദ്ധാന്തം ഒരു ഹൈപ്പോതെസിസ് മാത്രമായാണ് കരുതുന്നത് എന്ന് തനിക്കു ബോധ്യമുണ്ടെന്നും, അതില്‍ ഒരു തെറ്റും പറയാനില്ല എന്നും പറയുന്നു. (”First I say that it seems to me that your Paternity and Mr. Galileo are proceeding prudently by limiting yourselves to speaking suppositionally and not absolutely, as I have always believed that Copernicus spoke. For there is no danger in saying that, by assuming the Earth moves and the sun stands still, one saves all of the appearances better than by postulating eccentrics and epicycles; and that is sufficient for the mathematician.”)
ഗണിത ശാസ്ത്രജ്ഞന് എന്ന നിലയില്‍ അത് ശരിയായ നിലപാടാണ്. എന്നാല്‍ അതാണ് യാഥാര്ത്യം എന്ന് വാദിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്ന വാദമാണ്. വിശുദ്ധഗ്രന്ഥം പറയുന്നത് തെറ്റാണ് എന്ന് വരും. പുതിയ വ്യാഖ്യാനങ്ങള്‍ സാധ്യമാണെങ്കിലും സഭാപിതാക്കന്മാരുടെ പൊതുഅഭിപ്രായത്തിനു വിരുദ്ധമായുള്ള വ്യാഖ്യാനങ്ങള്‍ ത്രെന്തോസ് സൂനഹദോസ് (Council of Trent) നിരോധിച്ചിട്ടുള്ളതാണ്. അത്തരം വാദത്തെ സഭക്ക് അനുകൂലിക്കാനാവില്ല. (”Consider now, with your sense of prudence, whether the church can tolerate giving Scripture a meaning contrary to the Holy Fathers and to all the Greek and Latin commentators.”)
ഭൂമി സൂര്യനെ ചുറ്റുന്നോ ഇല്ലയോ എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലെങ്കിലും പ്രവാചകന്മാരും അപ്പോസ്തലന്മാരും കള്ളം പറയില്ല എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അവര്‍ വ്യാജം പറഞ്ഞു എന്ന നിലപാട് മതദൂഷണമാണ്. ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറയുന്നത് മതവിരുദ്ധമല്ല. എന്നാല്‍ ആ അഭിപ്രായത്തിലൂടെ പ്രവാചകന്മാര്ക്കും അപ്പോസ്തലന്മാര്ക്കും തെറ്റ് പറ്റി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മതവിരുദ്ധമാണ്. (നമുക്കിത് മുടിനാരു കീറിയുള്ള വെറും കുതര്‍ക്കമായി തോന്നാം. തിയോളജിയിലും നിയമത്തിലുമൊക്കെ ഇത് ഗൌരവമുള്ള വാദമാണ്. ശരിതെറ്റുകള്‍ തമ്മിലുള്ള വ്യത്യാസം വളരെ നേരത്താണ്. നമ്മുടെ സുപ്രീം കോടതിയിലെ ഭരണഘടനാ വ്യാഖ്യാനങ്ങളും ഇത്തരത്തിലുള്ളതാണല്ലോ.) ”Nor can one answer that this is not a matter of faith, since it is not a matter of faith ”as regards the topic’, it is a matter of faith ”as regards the speaker”; and so it would be heretical to say that Abraham did not have two children and Jacob twelve, as well as to say that Christ was not born of a virgin, because both are said by the Holy Spirit through the mouth of the prophets and the apostles.”
ഈ വാചകമാണ് വളച്ചൊടിച്ച് ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറയുന്നത് യേശു കന്യാജാതനല്ല എന്ന് പറയുന്നപോലെ തെറ്റാണ് എന്നാണ് ബെല്ലാര്‍മ്മിന്‍ പറയുന്നത് എന്നാക്കിയിരിക്കുന്നത്. അത് മാത്രമല്ല, ആ അഭിപ്രായം മതദൂഷണമാണ് (heretical) എന്നാണ് ബെല്ലാര്‍മ്മിന്‍ പറയുന്നത്, ഈ ചിത്രത്തില്‍ പറയുന്നപോലെ തെറ്റാണ് (erroneous) എന്നല്ല. (ചെറി പിക്കിംഗ് യുക്തിവാദി ചെയ്താലും മോശമാണ് എന്നാണ് എന്റെ അഭിപ്രായം. അല്പം കൂടുതല്‍ മോശമാണ് എന്നുപോലും ഞാന്‍ പറയും.)
ഇനി ശരിക്കും സൂര്യനാണ് കേന്ദ്രം എന്നും ഭൂമി മൂന്നാമതായി അതിനെ ചുറ്റുന്നു എന്നും തെളിഞ്ഞാല്‍ അതിനു വിരുദ്ധമായ വേദഭാഗങ്ങള്‍ വിഖ്യാനിക്കുമ്പോള് ശ്രദ്ധിക്കേണ്ടി വരും. വേദപുസ്തകം നമ്മള് മനസ്സിലാക്കിയത് ശരിയായല്ല എന്നല്ലാതെ ശാസ്ത്രീയമായ തെളിവുകള്‍ തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. (”I say that if there were a true demonstration that the sun is at the center of the world and the earth in the third heaven, and that the sun does not circle the earth but the earth circles the sun, then one would have to proceed with great care in explaining the Scriptures that appear contrary; and say rather that we do not understand them than that what is demonstrated is false.”)
”In one respect, at least, Bellarmine had shown himself a better scientist than Galileo by disallowing the possibility of a ‘strict proof of the earth’s motion,’ on the grounds that an astronomical theory merely ‘saves the appearances’ without necessarily revealing what ‘really happens.” (Pierre Duhem- French physicist, mathematician, historian, philosopher of science)
എന്ത് തെളിവുണ്ടായാലും അത് തള്ളിക്കളഞ്ഞ് പഴയ വ്യാഖ്യാനങ്ങളില്‍ തന്നെ പിടിച്ചുതൂങ്ങാനൊന്നുമല്ല ബെല്ലാര്‍മ്മിന്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ശാസ്ത്രീയമായ തെളിവ് അംഗീകരിച്ചുകൊണ്ട്, വേദപുസ്തകം മനസ്സിലാക്കുന്നതില്‍ നമുക്ക് പിഴവ് പറ്റിയിരിക്കുന്നു എന്ന് കരുതാനാണ്. ഇതിലും ശാസ്ത്രീയമായ എന്ത് നിലപാടാണ് എടുക്കാന്‍ സാധിക്കുക? ഇവിടെ ഗലീലിയൊയെക്കാള് മികച്ച ശാസ്ത്രജ്ഞന് ശരിക്കും ബെല്ലാര്മ്മിനാണ് എന്ന് പറയേണ്ടി വരും. തന്റെ അറിവില്‍ സൂര്യകേന്ദ്ര സിദ്ധാന്തം സത്യമാണെന്ന് കരുതാന്‍ മതിയായ തെളിവൊന്നും ഇല്ല എന്നദേഹം പറയുന്നു. സൂര്യനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ഗണിത ക്രീയകള്‍ എളുപ്പമാക്കും എന്നത് സൂര്യന്റെ സ്ഥാനം ശരിക്കും പ്രപഞ്ചകേന്ദ്രത്തിലാണ് എന്നതിന് മതിയായ തെളിവല്ല. അത്തരമൊരു അവസ്ഥയില്‍ സ്റ്റാറ്റസ്സ് കോ നിലനിര്‍ത്തി സഭാപിതാക്കന്മാരുടെ അഭിപ്രായം പിന്തുടരുന്നത് തന്നെയാണ് ശരി. (”Nor is it the same to demonstrate that by supposing the sun to be at the center and the earth in heaven one can save the appearances, and to demonstrate that in truth the sun is at the center and the earth in the heaven; for I believe the first demonstration may be available, but I have very great doubts about the second, and in case of doubt one must not abandon the Holy Scripture as interpreted by the Holy Fathers.”)
ബെല്ലാര്‍മ്മിന്‍ പറയുന്നത് ഇത്രയേ ഉള്ളൂ. ശരിക്കും സൂര്യനാണ് കേന്ദ്രം എന്നും ഭൂമി അതിനെ ചുറ്റുകയുമാണ് എന്ന് തെളിഞ്ഞാല്‍ നമ്മള് വേദപുസ്തകം മനസ്സിലാക്കിയത് തെറ്റിപ്പോയി എന്ന് സമ്മതിച്ചുകൊണ്ട് വേദപുസ്തക വ്യാഖ്യാനം തിരുത്താം. (അതിന് അധികാരപ്പെട്ടവര്‍ക്ക്.) അല്ലാതെ പ്രവാചകന്മാര്ക്ക് തെറ്റു പറ്റി എന്ന് പറഞ്ഞ് ആരെങ്കിലും കേറി തിരുത്താന്‍ പാടില്ല. (ഗലീലിയോ ചെയ്തത് അതാണ്.)
ഗലീലിയോയെ സംബന്ധിച്ചിടത്തോളം1616 ലെ സംഭവം ഒരു ഭാഗികവിജയം മാത്രമായിരുന്നു എങ്കിലും (സഭ തന്റെ പുതിയ ബൈബിള്‍ വ്യാഖ്യാനം അംഗീകരിക്കും എന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നോ?) അദ്ദേഹത്തിന് നീതി കിട്ടി എന്നാണ് എനിക്ക് തോന്നുന്നത്. അന്നത്തെ നിലയില്‍ ഒരു ഹൈപ്പോതെസിസ് മാത്രമായ സൂര്യകേന്ദ്ര സിദ്ധാന്തം ഹൈപ്പോതെസിസ് ആയി തന്നെ പഠിപ്പിക്കാന്‍ അനുവാദം കിട്ടി.
കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോകുന്നു. (ഇതിനിടയില്‍ ചില വാല്‍നക്ഷത്രങ്ങളുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് ബെനഡിക്ടന്‍ പാതിരികളുമായി ശണ്ഠയുണ്ടാക്കി. ”ദി അസ്സയര്‍” എന്ന പുസ്തകത്തില്‍ അവരെ പരിഹസിച്ചുകൊണ്ട് എഴുതി അവരുടെയും ശത്രുത സമ്പാദിച്ചു. രസമെന്താന്നു വച്ചാല്‍ ഈ പുസ്തകത്തില്‍ വാല്‍നക്ഷത്രങ്ങളെപ്പറ്റി ഗലീലിയോ എഴുതിയതും പൊട്ടതെറ്റായിരുന്നു.) ”പ്രപഞ്ചത്തെക്കുറിച്ച്, അത് രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളിലാണ്” (It is written in the language of mathematics) എന്ന പ്രസിദ്ധ വാക്യം ഈ പുസ്തകത്തില്‍നിന്നാണ്. (ആടുതോമ്മായുടെ തന്ത മ്മടെ ചാക്കോ മാഷ് ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന് പറഞ്ഞത് ഇത് കോപ്പിയടിച്ചതാ. ഗലീലിയോ വലിയ പ്രപഞ്ചത്തെക്കുറിച്ചു പറഞ്ഞത് ഈ മാഷ് വെറും ഭൂഗോളത്തെ എന്ന് ചുരുക്കി നശിപ്പിച്ചു.:-))
1624 ല്‍ ഗലീലിയോയുടെ സുഹൃത്തായ കര്‍ദിനാള്‍ മാഫിയോ ബാര്‍ബറിനി അര്‍ബന്‍ എട്ടാമന് എന്ന പേരില്‍ മാര്‍പാപ്പയായി. ഗലീലിയോ വത്തിക്കാനില്‍ വളരെ സ്വാധീനമുള്ള വ്യക്തിയായി. അരിസ്റ്റോട്ടില്‍-ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തവും കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തവും താരതമ്യം ചെയ്ത് ഒരു ഗ്രന്ഥമെഴുതാന്‍ ഗലീലിയോക്ക് മാര്‍പാപ്പയില്‍ നിന്ന് അനുവാദം ലഭിച്ചു. പക്ഷഭേദമില്ലാതെ രണ്ട് മാതൃകകളും വിവരിക്കണം, ഭൂകേന്ദ്രസിദ്ധാന്തത്തെക്കുറിച്ച് തന്റെ വാദങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തണം ഇതായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം.’രണ്ട് മുഖ്യ പ്രപഞ്ച സംവിധാനങ്ങളെക്കുറിച്ചുള്ള സംവാദം’ (Dialogue on the Two Chief World Systems) എന്ന ഗ്രന്ഥം ഗലീലിയോ പൂര്‍ത്തിയാക്കി. ടോളമിയുടെ മാതൃകയെ അനുകൂലിക്കുന്ന സിംപ്ലിസിയോ, കോപ്പര്‍നിക്കസിന്റെ പ്രപഞ്ചമാതൃക അനുകൂലിക്കുന്ന സാല്‍വിയാറ്റി, ഇവരുടെ ചര്‍ച്ചയില്‍ മധ്യസ്ഥനായി സാഗ്രെഡോ, ഇവര്‍ തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് പുസ്തകത്തിലെ വാദങ്ങള്‍ ക്രമീകരിച്ചിരുന്നത്.